ക്രിസ്തുമസിന് ഒരുങ്ങാം ഒരു ശൂന്യമായ ബക്കറ്റുമായി

ശൂന്യമായ ബക്കറ്റുമായി ക്രിസ്തുമസിന് ഒരുങ്ങാമെന്നോ? തലക്കെട്ട്  വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ ഇതാണ് സംശയമെങ്കിൽ അതെ, അങ്ങനെ തന്നെ. ശൂന്യമായ ബക്കറ്റുമായി ഉണ്ണീശോയെ നമുക്ക് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക്‌ വരവേൽക്കാം. അതിന്‌ ആദ്യം ആവശ്യം നമ്മുടെയുള്ളിൽ നിറഞ്ഞിരിക്കുന്ന ശൂന്യതയെ സ്നേഹം കൊണ്ടു നിറയ്ക്കുകയാണ്.

മനുഷ്യവംശത്തെ രക്ഷക്കുവാനായി സ്വയം താഴ്ത്തിക്കൊണ്ട് പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയുടെ ജനനമാണ്‌ ക്രിസ്തുമസ്. സ്വയം മുറിച്ചുനൽകാനായി എത്തിയവന്റെ പിറന്നാൾ. നമ്മോടുള്ള ദൈവത്തിന്റെ കാരുണ്യം പ്രകടമായ ദിനം. ഈ ദിനത്തിനായി ഒരുങ്ങുമ്പോൾ നാം എന്ത് ചെയ്യണം? അൽപമെങ്കിലും ത്യാഗം എടുത്തില്ലെങ്കിൽ ആ ഒരുക്കം പൂർണ്ണമാകുമോ? ഇല്ല. അതിനാൽ നമ്മുടെ ക്രിസ്തുമസ് ആഘോഷം അൽപം ത്യാഗത്തിന്റെയും കരുണയുടെയും അവസരമാക്കി മാറ്റാം.

ഇനി ശൂന്യമായ ബക്കറ്റിലേയ്ക്ക് മടങ്ങിവരാം. ക്രിസ്തുമസ് നോമ്പും ആചരണവുമൊക്കെ തുടങ്ങുകയാണ്. ഈ ക്രിസ്തുമസ് കാലം ചെറിയ ചെറിയ ത്യാഗങ്ങൾ എടുത്തുകൊണ്ട് ആരെയെങ്കിലും സഹായിക്കുവാൻ തീരുമാനിക്കാം. വീടില്ലാത്ത ഒരാളെ ആയിരിക്കാം, പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കാനാകാം, രോഗബാധിതരായി കഴിയുന്നവരെയാകാം, ദാരിദ്ര്യമനുഭവിക്കുന്നവരെയാകാം. അതുമല്ലെങ്കിൽ പഠിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെയാകാം. അവർക്ക് ആവശ്യമായ സാധനങ്ങൾ, പണം ഈ ബക്കറ്റിൽ നിക്ഷേപിക്കാം. നവംബർ മുപ്പതാം തീയതി ശൂന്യമായ ബക്കറ്റോടെ ആരംഭിക്കുന്ന ഈ ക്രിസ്തുമസ് ഒരുക്കം ഇരുപത്തിയഞ്ചാം തീയതി പൂർത്തിയാകും.

അന്ന് ആർക്കാണോ നിങ്ങൾ സഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്,  അയാളുടെ പക്കലേയ്ക്ക് ഈ ബക്കറ്റുമായി നിങ്ങൾക്ക് യാത്ര ചെയ്യാം. ഒഴിഞ്ഞ ബക്കറ്റുമായല്ല. മറിച്ച്, കാരുണ്യത്തിന്റെ നിറകുടമായി മാറിയ ആ ബക്കറ്റുമായി. സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകൾ നൽകി അവിടെ നിന്നും പിരിയാം. അപ്പോൾ നിങ്ങളുടെ കുടുംബത്തിൽ, ഹൃദയത്തിൽ ഈശോ വന്നു പിറക്കും. ക്രിസ്തുമസ് അർത്ഥപൂർണ്ണമാകുകയും ചെയ്യും.

ഇനി ഇത്, കുടുംബം ഒന്നിച്ചു തീരുമാനം എടുത്തിട്ട് ആരംഭിക്കണം. ബക്കറ്റ് നിറയ്ക്കുന്നത് പ്രാർത്ഥനയിലൂടെയും ആകണം. ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഒരു ആലസ്യമുണ്ടായാൽ പരസ്പരം പ്രോത്സാഹിപ്പിച്ച് മുന്നോട്ടുപോകാം. അപ്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കുകയും ചെയ്യും. അപ്പോൾ റെഡി അല്ലേ… ക്രിസ്തുമസിനായി ഒരുങ്ങാൻ…