പുല്ലുവഴിയില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ ആഘോഷങ്ങള്‍ 19 ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്ക്  ജന്മനാടൊരുങ്ങി. 19ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു മാതൃഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തില്‍ അറിയിച്ചു.

റാണി മരിയയുടെ തിരുശേഷിപ്പ് ഇന്ന് ആഘോഷമായി പുല്ലുവഴി പള്ളിയിലെത്തിക്കും. 19നാണ് കൃതജ്ഞതാബലിയും പൊതുസമ്മേളനവും. 19ന് ഉച്ചയ്ക്ക് 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ശേഷം കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും.

വൈകിട്ട് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പുല്ലുവഴി പള്ളിയെ അതിരൂപതയിലെ തീര്‍ഥാടനകേന്ദ്രമായി അദ്ദേഹം പ്രഖ്യാപിക്കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവര്‍ത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും.

തുടര്‍ന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് വെബ്‌സൈറ്റ് ഉദ്ഘാടനം, എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുസ്തകത്തിന്റെ പ്രകാശനം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തപാല്‍ സ്റ്റാന്പ്, കവര്‍ എന്നിവയുടെ പ്രകാശനം തുടങ്ങിയവ നിര്‍വ്വഹിക്കും. എഫ്‌സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി അനുസ്മരണ പ്രഭാഷണം നടത്തും.

സമ്മേളനത്തില്‍ ഇന്നസെന്റ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വികാരി ഫാ. ജോസ് പാറപ്പുറം, ജനറല്‍ കണ്‍വീനര്‍ ജോസ് കാവനമാലില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടക്കും.

18നു വൈകുന്നേരം അഞ്ചിനു ദിവ്യബലിയെത്തുടര്‍ന്നു ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കും. പള്ളിയുടെ സമീപത്തുള്ള റാണി മരിയയുടെ ജന്മഗൃഹം കാണാന്‍ ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. റാണി മരിയയുടെ തിരുശേഷിപ്പു വണങ്ങാനും പള്ളിയില്‍ സൗകര്യമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.