പരിശുദ്ധാത്മാവിന്റെ തേജസ് ലഭിക്കാൻ വിശുദ്ധ അഗസ്റ്റിനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കാം

പന്തക്കുസ്താ നാളുകൾ ആഗതമാകുന്നു. ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനെ പ്രത്യേകശ്രദ്ധയോടെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കേണ്ടതിനുള്ള സമയമാണിത്. എന്നാൽ പരിശുദ്ധാത്മാവുമായി അടുത്ത ബന്ധം ഇന്നും പലർക്കുമില്ല. വിശ്വാപ്രമാണത്തിലും ത്രീത്വസ്തുതിയിലും മാത്രമായി ഒതുങ്ങിയിരിക്കുകയാണ് നമ്മുടെ പരിശുദ്ധാത്മാനുസ്മരണം.

എന്നാൽ ഈശോ, തന്റെ ശിഷ്യന്മാരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്‌ക്കു വേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേയ്ക്കു വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേയ്ക്കു ഞാന്‍ അയയ്‌ക്കും” (യോഹ. 16:7) എന്ന്.

തന്നോടൊപ്പം ആയിരിക്കുന്നതിനെക്കാൾ സുരക്ഷിതവും ശക്തവുമാണ് പരിശുദ്ധാത്മാവിനൊപ്പം ആയിരിക്കുന്നതെന്നാണ് ഈശോ ഈ വചനത്തിലൂടെ നൽകുന്ന സൂചന. ശിഷ്യന്മാരുടെ പിന്നീടുള്ള ജീവിതം പരിശുദ്ധാത്മാവിന്റെ ശക്തിയുടെ തെളിവാകുന്നുണ്ട്. അവർ വിവിധ ഭാഷകളിൽ സംസാരിക്കുന്നതും രോഗസൗഖ്യവും അത്ഭുതങ്ങളും പ്രവർത്തിക്കുന്നതുമെല്ലാം പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ്.

പരിശുദ്ധാത്മാവ് ജീവിതത്തിലേയ്ക്ക് വന്നുകഴിഞ്ഞാൽ വലിയ മാറ്റങ്ങൾ ജീവിതത്തിലുണ്ടാവും എന്നതിന് സംശയമില്ല. ക്രിസ്തുവിനായി ആത്മാക്കളെ നേടുന്നതിന് ആ ശക്തി നമ്മെ സഹായിക്കും. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രകടമായി തുടങ്ങിയാൽ അത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ടാണെന്ന് നാം മനസിലാക്കണം. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ എന്നിവയാണ് പ്രധാനമായും പരിശുദ്ധാത്മാവ് ജീവിതത്തിൽ വന്നു എന്നതിന് തെളിവും.

ഇക്കാരണങ്ങളാൽ പരിശുദ്ധാത്മാവിനെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതിനായി വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. അതിങ്ങനെയാണ്:

“ഓ… പ്രിയ പരിശുദ്ധാത്മാവേ, എന്റെ ചിന്തകളിലേയ്ക്ക് കടന്നുവന്ന് അവയെ വിശുദ്ധീകരിക്കണമേ. എന്റെ പ്രവര്‍ത്തികളിലേയ്ക്ക് കടന്നുവന്ന് അവയെ വിശുദ്ധീകരിക്കണമേ. എന്റെ ഹൃദയത്തിലേയ്ക്ക് കടന്നുവന്ന് എന്നെ വിശുദ്ധീകരിക്കണമേ. വിശുദ്ധമായവയെ സംരക്ഷിച്ച് നിർത്തുന്നതിന് എന്നെ സഹായിക്കണമേ. എപ്പോഴും വിശുദ്ധിയോടെ ആയിരിക്കാൻ എന്നെ സഹായിക്കണമേ പരിശുദ്ധാത്മാവേ.”