മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 30

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നോമ്പിലെ ഈ പുതിയ പ്രഭാതത്തിൽ, നീ കാണിച്ചു തന്ന സഹനത്തിന്റെ വഴികളിലൂടെ സ്വയം സഞ്ചരിക്കുവാനും മറ്റുള്ളവരെ ആ  വഴിയിലൂടെ നയിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. എന്റെ കൊച്ചു കാരുണ്യ, സ്നേഹ പ്രവൃത്തികൾ കൊണ്ട് അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്താൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ജ്വാല മരിക്കുന്നതായി ചിലപ്പോൾ കാണപ്പെട്ടാലും, ദൈവ ഹൃദയത്തിൽ അവ ഒരിക്കലും മരിക്കുന്നില്ല! (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ സ്നേഹാഗ്നി ജ്വാലയിൽ എന്നെ പൊതിയേണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ്‌ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല (ഏശയ്യാ 43:10). ഈശോയെ അങ്ങയുടെ ദൈവരാജ്യത്തിൽ ശുശ്രുഷ ചെയ്യാൻ ഇന്ന് എന്നെ അനുവദിച്ചതിന് ഞാൻ നന്ദി പറയുന്നു. അങ്ങേ വഴികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നേട്ടത്തെയും പുകഴ്ചയെയും പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ. നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന് അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.