ഒട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പരിശുദ്ധാത്മാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിക്കാം

എത്രയൊക്കെ ധൈര്യവും ദൈവവിശ്വാസവും ഉള്ളവരാണെങ്കിലും ചില അവസരങ്ങളില്‍ പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യം ഉണ്ടാവും. എന്തു ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ. ആശ്രയത്തിന് ആരും ഇല്ല എന്ന തോന്നലുളവാകുന്ന സമയം. ആ സമയത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നു പോലും ചിലപ്പോള്‍ പിടികിട്ടിന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍, ഏറ്റവും അനുയോജ്യം പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നതാണ്. സമാനമായ അവസരങ്ങളില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്, മനസിന് വലിയ ശാന്തത പകരും.

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്നു അയയ്ക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിന് മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലില്‍ സൈ്വര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടു കൂടിയായിരുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക.

അങ്ങേ വെളിവു കൂടാതെ, മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല. അറപ്പുള്ളതു കഴുകുക, വാടിപ്പോയതു നനയ്ക, മുറിവേറ്റിരിക്കുന്നത് വച്ചുകെട്ടുക, രോഗികളെ സുഖപ്പെടുത്തുക, കടുപ്പമുള്ളത് മയപ്പെടുത്തുക, തണുത്തത് ചൂടു പിടിപ്പിക്കുക, നേര്‍വഴിയല്ലാതെ പോയത് തിരിക്കുക, അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങള്‍ നല്കുക, പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍.