ദൈവാലയം എന്ന പവര്‍ ഹൗസ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആ ദമ്പതികളെ ഞാന്‍ എങ്ങനെ മറക്കും? കീരിയും പാമ്പും പോലെയാണ് അവര്‍ പെരുമാറിയിരുന്നത്. ശരിയാണ്; അവര്‍ പ്രേമിച്ചു കല്യാണം കഴിച്ചതാണ്. എന്നാല്‍ വിവാഹിതരായി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ, അവര്‍ തമ്മില്‍ കലഹമായി.

ഭാര്യയോട് ഞാന്‍ ചോദിച്ചു: “ഭര്‍ത്താവിനെക്കുറിച്ച് പത്ത് നന്മകള്‍ പറയാമോ?”എന്ന്. ആലോചിച്ചു നോക്കിയിട്ട് രണ്ടെണ്ണം വരെ പറയാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ. അതേ ചോദ്യം ഭര്‍ത്താവിനോടും ചോദിച്ചു. ഉത്തരം അങ്ങനെ തന്നെ. “കുടുംബപ്രാര്‍ത്ഥനയുണ്ടോ?” “ഇല്ല” എന്നായിരുന്നു എന്റെ ചോദ്യത്തിനുള്ള മറുപടി.

“ഉറങ്ങുന്നതിനുമുമ്പ് രണ്ടുപേരും ഒരുമിച്ച് പ്രാര്‍ത്ഥിക്കാറുണ്ടോ?” അതിനും “ഇല്ല” എന്നു തന്നെയായിരുന്നു അവരുടെ മറുപടി. ഞാന്‍ തുടര്‍ന്നു: “പണ്ടുണ്ടായിരുന്ന എല്ലാ നന്മകളും ഇന്നും നിങ്ങളിലുണ്ട്. ചാരം മൂടിക്കിടക്കുന്ന കനല്‍ പോലെയാണത്. പരസ്പരസ്‌നേഹം, കരുതല്‍, പ്രാര്‍ത്ഥന എന്നിവ കൊണ്ട് ഊതിക്കത്തിക്കണമെന്നു മാത്രം.”

ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കി രണ്ടാഴ്ചയ്ക്കുശേഷം വരാന്‍ ആവശ്യപ്പെട്ട് അവരെ പറഞ്ഞുവിട്ടു. അന്നു മുതല്‍ അവരുടെ ഭവനത്തില്‍ കുടുംബപ്രാര്‍ത്ഥന ആരംഭിച്ചതായി അറിയാന്‍ കഴിഞ്ഞു. കിടക്കാന്‍ പോകുന്നതിനുമുമ്പും എത്ര വൈകിയാലും കരങ്ങള്‍ കോര്‍ത്തുപിടിച്ച് അല്പനേരം പ്രാര്‍ത്ഥിക്കുകയെന്നത് അവരുടെ ശീലമായി മാറി. മുമ്പത്തേക്കാള്‍ കൂടുതല്‍ അവര്‍ തമ്മില്‍ അടുത്തു. അതിനേക്കാള്‍ ഉപരിയായി എന്നെ അതിശയപ്പെടുത്തിയത് മറ്റൊന്നാണ്, രണ്ടാഴ്ച കൂടുമ്പോള്‍ അവര്‍ കുടുംബസമേതം ദൈവാലയത്തില്‍ പോയി ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ലോക്ക് ഡൗണ്‍ സമയത്തുപോലും അവര്‍ അത് തുടരുന്നു.

ഇത് കുറിക്കുന്നതിനു മുമ്പ് ഞാന്‍ അവരെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞു: “അച്ചാ, സമയം ലഭിക്കുമ്പോള്‍ ഇടവക ദൈവാലയത്തിലോ മറ്റേതെങ്കിലും ദൈവാലയത്തിലോ ഞങ്ങള്‍ പോകും. ഒരു ജപമാലയെങ്കിലും ചൊല്ലും. സാധിക്കുമെങ്കില്‍ അന്ന് കുമ്പസാരിക്കുവാനും ശ്രമിക്കും. അത് നല്‍കുന്ന ശക്തി വളരെ വലുതാണ്!”

ആ വാക്കുകളിലെ ഉള്‍ക്കരുത്ത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഓരോ ഇടവകയുടെയും പവര്‍ ഹൗസാണ് ഇടവക ദൈവാലയം. പതിവു കുര്‍ബാനകള്‍ക്കു മാത്രമല്ലാതെ കുടുംബസമേതവും വ്യക്തിപരമായും അവിടെ ചെന്ന് അല്പനേരം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ അപ്പോള്‍ നമുക്ക് ലഭിക്കുന്ന ശക്തി വളരെ വലുതായിരിക്കും. ക്രിസ്തു പറഞ്ഞ വാക്കുകള്‍ ഓര്‍മിക്കുക: “എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു.”(ലൂക്കാ19:46).

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.