‘മനസിന്റെ താളം തെറ്റലില്‍ ധൈര്യം നല്‍കിയ പ്രാര്‍ത്ഥന’- ഒരു അനുഭവ സാക്ഷ്യം 

    ഒരു വ്യക്തി പൂര്‍ണ്ണമായ ആരോഗ്യത്തോടെ ഇരിക്കുക ശരീരവും മനസും ആത്മാവും സന്തുഷ്ടമാകുമ്പോഴാണ്. ഈ മൂന്നു തലങ്ങളുടെ സമനിലയാണു മനുഷ്യനെ പൂര്‍ണ്ണനാക്കുക. ഇവ മൂന്നിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനസ്. മനസിന് ഉണ്ടാകുന്ന താളപ്പിഴകള്‍ ശരീരത്തെയും ഒപ്പം ആത്മാവിനെയും ബാധിക്കും. അതിനാല്‍ തന്നെ മാനസിക ആരോഗ്യം ശരിയായ രീതിയില്‍ നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്.

    മനസിന്റെ ശരിയായ ആരോഗ്യം നില നിര്‍ത്തുന്നതില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ പങ്കുണ്ട്. പ്രാര്‍ത്ഥനയിലൂടെ തന്റെ ഏകാന്തതകളെ അതിജീവിച്ച വ്യക്തിയാണ് കെയ്റ്റ് ജയിന്‍. മാനസികമായ പീഡനങ്ങളില്‍, വേദനകളില്‍, ഏകാന്തതകളില്‍ പ്രാര്‍ത്ഥന തന്നെ എത്രത്തോളം സഹായിച്ചു എന്ന് വിവരിക്കുകയാണ് കെയ്റ്റ്.

    ‘ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ഞാന്‍. മാനസികമായ പ്രതിസന്ധികളാല്‍ വളരെയേറെ വലഞ്ഞിരുന്ന സമയം. എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. ഒറ്റയ്ക്കായി എന്ന തോന്നലുകളില്‍ ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത വരെ ഉണ്ടായി. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയില്‍ ആണ് ആകസ്മികമായി പ്രാര്‍ത്ഥിക്കുവാന്‍ തോന്നുന്നത്. മനസിന്റെ അസ്വസ്ഥതകളില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ആദ്യ സമയങ്ങളില്‍ പലപ്പോഴും എല്ലാം മതിയാക്കി നിര്‍ത്തിയിട്ടു ഒരു ഭ്രാന്തിയെ പോലെ അലഞ്ഞിട്ടുണ്ട്. പക്ഷെ പതിയെ ആ പ്രാര്‍ത്ഥനയുടെ ശക്തി എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി.’ കെയ്റ്റ് വെളിപ്പെടുത്തുന്നു .

    പ്രാര്‍ത്ഥന കെയ്റ്റിനു നല്‍കിയ അനുഭവങ്ങള്‍, അതിലൂടെ ലഭിച്ച പോസിറ്റീവ് എനര്‍ജി വളരെ വലുതായിരുന്നു. ഏകാന്തതയുടെ സമയങ്ങളില്‍ പ്രാര്‍ത്ഥന, ഒറ്റയ്ക്കല്ല എന്ന ബോധ്യത്തിലെയ്ക്ക് തന്നെ നയിച്ചു എന്ന് അവര്‍ പറയുന്നു.’ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ ദൈവത്തോടൊപ്പമാണെന്നും തനിക്കായി ദൈവം നല്‍കിയ മാതാപിതാക്കളും തനിക്ക് ഒപ്പം  ഉണ്ടെന്നും ഉള്ള ഉറച്ച ബോധ്യം ലഭിച്ചു. അതുപോലെ തന്നെ ദൈവം ഒപ്പമുള്ളപ്പോള്‍ ഞാന്‍ ഒരിക്കലും തനിച്ചാവുന്നില്ല എന്ന തോന്നല്‍ ജീവിതത്തിലേയ്ക്ക് എന്നെ കൈപിടിച്ചു നടത്തി’.

    ഒറ്റക്കായിരുന്ന സമയങ്ങളായിരുന്നു തന്റെ ജീവിതത്തില്‍ തന്നെ അലട്ടുന്ന സമയങ്ങള്‍ എന്ന് മനസിലാക്കിയ കെയ്റ്റ് ആ സമയങ്ങളില്‍ തനിക്ക് കൂട്ടായി, തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍, കരച്ചില്‍ കാണാന്‍ ഒരു ദൈവം ഉണ്ടെന്നു വിശ്വസിച്ചു. അത് അവള്‍ക്കു വലിയ ഒരു ആശ്വാസം പകര്‍ന്നു. എന്തു വന്നാലും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു ശക്തി തനിക്കൊപ്പം ഉണ്ടെന്ന ബോധ്യം അവളെ പ്രതീക്ഷ നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് നയിച്ചു. തനിക്കൊരു ദൈവം ഉണ്ടെന്ന ചിന്ത ആകുലതകളിലും സങ്കടങ്ങളിലും മനസ് തളരാതെ പിടിച്ചു  നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങളിലെയ്ക്ക് അവളെ നയിച്ചു. പതിയെ ഹൃദയത്തെ ശാന്തമായി നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങി.

    തന്നെ സഹായിക്കാനായി ഒരു ദൈവം ഉണ്ടെന്നും ആ ദൈവം തന്റെ മകനെ ലോകത്തിനായി അയയ്ക്കാനും മാത്രം കാരുണ്യവാനാണെന്നും ഉള്ള ചിന്ത മറ്റുള്ളവരുടെ അവസ്ഥകളെ കുറിച്ചു ചിന്തിക്കുവാനുള്ള പ്രേരണ നല്‍കി . അനേകരുടെ പാപങ്ങള്‍ ഏറ്റെടുത്ത ക്രിസ്തുവിന്റെ സഹനങ്ങള്‍ക്ക് മുന്നില്‍ തന്റെ വേദനകള്‍ ഒന്നുമല്ലെന്ന് മനസിലാക്കിയ കെയ്റ്റ് തന്റെ അവസ്ഥ എത്രയോ മികച്ചതാണെന്നു ചിന്തിച്ചു തുടങ്ങി. അത് തനിക്കു ലഭിച്ച ചെറിയ ചെറിയ അനുഗ്രഹങ്ങളെ കൂടുതല്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ അവളെ പ്രേരിപ്പിച്ചു. അങ്ങനെ പതിയെ കെയ്റ്റ് സാധാരണ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.

    ഇന്ന് പ്രതിസന്ധികളില്‍ പിടിച്ചു നില്ക്കാന്‍ കഴിയാത്തവര്‍ ഏറെയാണ്. ഇത്തരം ആളുകള്‍ക്കായി ശരിയായ അവബോധം നല്‍കുവാനും മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും വേണ്ടി  ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചിരുന്നു. മനസിന്റെ ശക്തി അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതില്‍ പ്രാര്‍ത്ഥനയ്ക്ക് നിര്‍ണ്ണായക സ്ഥാനം ഉണ്ട്. എന്നാല്‍ പ്രാര്‍ത്ഥന കൊണ്ട് മാത്രം എല്ലാം ശരിയാകും എന്നും കരുതരുത്. ശരിയായ മരുന്നും സ്‌നേഹത്തോടെയുള്ള പരിചരണവും ഇത്തരക്കാര്‍ക്ക് ആവശ്യമാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.