അമ്മമാർക്കു വേണ്ടിയുള്ള പ്രാർത്ഥന 

അമ്മ – സ്നേഹത്തിന്റെ പാലാഴി ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്ന രണ്ടക്ഷരമാണ് അത്. ഒരാളുടെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം വളരെ വലുതാണ്. അമ്മയില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ നാമൊന്നും ഈ ലോകത്തിലേക്ക് കടന്നുവരില്ലായിരുന്നു. ഒരു തലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം ദൈവത്തിൽ നിന്ന് ഏറ്റെടുത്ത വ്യക്തികളാണ് അമ്മമാർ. ദൈവഹിതത്തിന് ആമ്മേൻ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങൾക്കും കുടുംബത്തിനുമായി ജീവിതവും സ്വന്തം സുഖങ്ങളും മാറ്റിവച്ച് വിശുദ്ധമായ ജീവിതം നയിക്കുന്ന ആ വിശുദ്ധി, വരുംതലമുറക്കു കൂടി പകരുന്ന ധാരാളം അമ്മമാരുണ്ട്. ചുരുക്കത്തിൽ ഇവരാണ് ഒരു സമൂഹത്തിന്റെ മൂലക്കല്ല്.

നമ്മെ നേർവഴിക്കു നയിക്കുന്ന നല്ല ഒരു അമ്മ നമുക്കും ഉണ്ടാവില്ലേ. ദൈവം നമുക്കായി മാത്രം നൽകിയ സമ്മാനം. ആ അമ്മക്കായി നാം പ്രാർത്ഥിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇന്നു തന്നെ ആ ശീലം തുടങ്ങാം. അമ്മമാർക്കായുള്ള ഈ ദിനത്തിൽ നമ്മുടെ അമ്മമാരെ ദൈവത്തിന് സമർപ്പിക്കാം ഈ പ്രാർത്ഥനയിലൂടെ.

“സ്നേഹനിധിയായ ദൈവമേ, സ്നേഹത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുന്നതിനായി അങ്ങ് ഞങ്ങൾക്ക് ഒരു അമ്മയെ തന്നതിനെയോർത്ത് നന്ദി പറയുന്നു. ഈ നിമിഷം ലോകം മുഴുവനുമുള്ള അമ്മമാരെ അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഞാൻ സമർപ്പിക്കുന്നു. മക്കളെ നേർവഴിക്കു നയിക്കാനും ദൈവികമായ സ്നേഹത്താൽ അവരെ നിറക്കാനുമുള്ള ജ്ഞാനം നൽകി അവരെ അങ്ങ് നയിക്കണമേ.

അമ്മയുടെ വിശുദ്ധമായ ജീവിതത്തിലൂടെ കുട്ടികൾ അങ്ങിലേക്കും യുവതീയുവാക്കൾ അങ്ങയുടെ പ്രകാശത്തിലേക്കും കടന്നുവരുമാറാകട്ടെ. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സഹായിക്കുകയും പ്രതിസന്ധികളിൽ തളരാതെ ക്ഷമയോടെ മുന്നേറാനുള്ള വലിയ കൃപ എല്ലാ അമ്മമാർക്കും പ്രദാനം ചെയ്യേണമേ.

ലോകം മുഴുവനുമുള്ള അമ്മമാരെ, പ്രത്യേകിച്ച് എന്റെ അമ്മയെ ഈ നിമിഷം ഞാൻ ഓർക്കുന്നു. ഇത്രയും വലിയ അനുഗ്രഹം നൽകിയതിന് നന്ദി പറയുകയും ഒപ്പം എല്ലാവിധ അനുഗ്രങ്ങളാലും അവരെ നിറക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമ്മേൻ