രോഗികള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്?

ഏതെങ്കിലും രോഗത്തിന്റെ ടെസ്റ്റ് ‘പോസിറ്റീവ്’ ആണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി കഴിഞ്ഞാല്‍ ശാരീരികമായും മാനസികമായും ആത്മീയമായിപ്പോലും തളര്‍ന്നു പോകുന്നവരാണ് പലരും. എന്നാല്‍ ഒരു രോഗം, അത് എത്ര മാരകവുമായിക്കൊള്ളട്ടെ. തിരിച്ചറിയപ്പെട്ടു കഴിഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്.

വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടത്തും രോഗികളായവരെ ദൈവം നിരീക്ഷിക്കുന്നതായി കാണാം. ആ അവസ്ഥയെ അവര്‍ കൈകാര്യം ചെയ്യുന്ന വിധം അവിടുന്ന് നോക്കിക്കാണുന്നു. ആ അവസ്ഥയില്‍ അവരെ ദൈവം വെല്ലുവിളിക്കുക പോലും ചെയ്യുന്നുണ്ട് – തനിക്ക് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍. ആ പരീക്ഷണത്തില്‍ വിജയിച്ച നിരവധി ആളുകളില്‍ പ്രധാനിയാണ് ജോബ്. അതെ. ‘ദൈവം തന്നു ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ’ എന്നു പറഞ്ഞ ജോബ്.

‘അവിടുന്നു തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; വിനാശത്തില്‍ നിന്ന് വിടുവിച്ചു’ (സങ്കീ. 107:20) എന്ന് വചനം പഠിപ്പിക്കുന്നു. അത് നാം പലപ്പോഴും മറന്നു പോകുന്നു. ഈശോ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ വായില്‍ നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നു: ‘മരുന്നോ ലേപനൗഷധമോ അല്ല; എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്’ (ജ്ഞാനം 16:12) എന്ന്.

കൂടാതെ, ഈശോ പല രോഗികളെയും തൊട്ടു സുഖപ്പെടുത്തിയതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. അതായത് ഈശോയുടെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ കഴിവ് അവിടുന്ന് പ്രദാനം ചെയ്തു. വചനത്താല്‍ നിറഞ്ഞ ഒരു വ്യക്തിയുടെ സ്പര്‍ശനം പോലും സൗഖ്യമായി പരിണമിക്കും എന്നു സാരം. പല സാക്ഷ്യങ്ങളും നാം നേരിട്ടു കാണുകയും അറിയുകയും ചെയ്തിട്ടുമുണ്ടാവും. ‘അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും’ (മര്‍ക്കോ. 16:18) എന്ന വചനമാണ് അതിന് സാക്ഷ്യം.

ഈശോയുടെ അപ്പസ്‌തോലനായ പത്രോസിന്റെ നിഴല്‍ പതിക്കുമ്പോള്‍ പോലും രോഗികള്‍ സുഖപ്പെട്ടതിന്റെ കാരണവും ഇതു തന്നെയാണ്. അപ്പസ്‌തോലനില്‍ നിറഞ്ഞു നിന്ന വചനം രോഗികളെ സുഖപ്പെടുത്തി. ‘അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചു കൊണ്ട് ജനം ജറുസലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു’ (അപ്പ. പ്രവ: 5:15-16).

അതുകൊണ്ട് രോഗം വരുമ്പോള്‍ നിരാശരാവാതെ യേശുനാമത്തില്‍ ഉറച്ചു വിശ്വസിച്ച്, വചനത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് സഹനങ്ങളെ സ്വീകരിക്കാം.