പ്രാർത്ഥനയും പ്രഖ്യാപനവും മെത്രാന്മാരുടെ പ്രധാന ദൗത്യം

പ്രാർത്ഥനയും ദൈവ വചനത്തിന്റെ പ്രഖ്യാപനവുമാണ് മെത്രാന്മാരുടെ രണ്ടു പ്രധാന ദൗത്യങ്ങള്‍ എന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മോൺ. മൈക്കൽ സെർനി, മോൺ. പൗലോ ബോർജിയ, മോൺ. അന്റോയിൻ കാമിലേരി, മോൺ. പൗലോറുഡെല്ലി എന്നിവരുടെ മെത്രാഭിഷേകത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആർക്കും മനസിലാക്കാത്ത വിരസമായ പ്രസംഗങ്ങളല്ല മറിച്ച്, യഥാർത്ഥ വചനം- ദൈവവചനം പങ്കുവയ്ക്കണം. ഒരു മെത്രാന് മൂന്നു തലങ്ങളിലുള്ള അടുപ്പമാണ് ഉണ്ടാവേണ്ടത്. ദൈവത്തോടുള്ള അടുപ്പം അതായത് പ്രാർത്ഥന, സഭയിലെ മുതിർന്ന അധികാരികളുമായുള്ള അടുപ്പം, ദൈവത്തിന്റെ ജനവുമായുള്ള അടുപ്പം – പാപ്പാ ചൂണ്ടിക്കാട്ടി.

ദരിദ്രരോടും പ്രതിരോധിക്കാൻ കഴിവില്ലാത്തവരോടും സഹായം ആവശ്യമുള്ളവരോടും സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ടു കഴിയുന്നവരോടും ഒപ്പമായിരിക്കുക. കാരണം, അവരെയും ക്രിസ്തു നിങ്ങൾക്ക് ഭരമേല്പിച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ ഐക്യപ്പെട്ടിരിക്കെ, നിങ്ങൾ ബിഷപ്പുമാരുമായും ഐക്യപ്പെടുന്നുവെന്നത് ഓർക്കുക. അതിനാൽ തന്നെ എല്ലാ സഭാവിഭാഗങ്ങളെയും കുറിച്ചുള്ള ആശങ്ക നിങ്ങളിലുണ്ടാകണം – പാപ്പാ വ്യക്തമാക്കി.