ഇപ്പോഴും എപ്പോഴും മരണസമയത്തും വിളിച്ചപേക്ഷിക്കാം ദൈവമാതാവിനെ

ഒരു ക്രൈസ്തവനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് മരിയഭക്തി. മറിയത്തിന്, യേശുവിന്റെ പക്കല്‍ വലിയ മാദ്ധ്യസ്ഥശക്തിയുണ്ട്. നമ്മെപ്പറ്റി ചിന്തയുള്ള അമ്മ എന്ന നിലയില്‍ തന്റെ മാദ്ധ്യസ്ഥ്യം തേടുന്ന ആര്‍ക്കും അവളുടെ സഹായം ലഭിക്കാതെ പോകില്ല.

എത്രയും ദയയുള്ള മാതാവേ… എന്ന പ്രാര്‍ത്ഥന തന്നെ ഓര്‍ത്തു നോക്കുക ‘എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം അപേക്ഷിച്ച്, നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ.’ ഇപ്പോഴും നമ്മുടെ മരണസമയത്തും നമ്മെ സഹായിക്കുവാന്‍ മറിയത്തിന് കഴിവുണ്ട്. അതുകൊണ്ടാണ് ‘ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ’ എന്ന് നാം പ്രാര്‍ത്ഥിക്കുന്നത്.

മാതാവിനോടും ജപമാലയോടും ഭക്തിയുണ്ടായിരുന്ന അനേക വിശുദ്ധരുടെ മരണസമയത്ത് മാതാവിന്റെ സാന്നിധ്യം അവര്‍ തിരിച്ചറിഞ്ഞതായി അവരുടെ മരണത്തിന് സാക്ഷികളായവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അതെ, തന്റെ മദ്ധ്യസ്ഥത തേടുന്ന ഒരാളെയും ഇപ്പോഴും മരണസമയത്തും മാതാവ് കൈവിടുകയില്ല. അതുകൊണ്ട് വിശുദ്ധരുടെ പ്രത്യേകിച്ച് മറിയത്തിന്റെ മദ്ധ്യസ്ഥത തീര്‍ച്ചയായും നമുക്ക് ദൈവകൃപ കിട്ടുവാന്‍ കാരണമാകും.