ലെബനനു വേണ്ടി പ്രാർത്ഥിക്കുവാൻ മാർപ്പാപ്പയുടെ ആഹ്വാനം

ലെബനന്, സമാധാനപരമായ സഹജീവനത്തിന്‍റെ ഇടമായി തുടരാന്‍ അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായത്തോടെ സാധിക്കട്ടെയെന്ന് ഫ്രാന്‍സീസ് പാപ്പാ. വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാന ഭാഗത്ത് ഫ്രാന്‍സീസ് പാപ്പാ, ലെബനന്‍ ജനതയെ പ്രത്യേകം അനുസ്മരിക്കുകയായിരുന്നു.

ലബനന്‍റെ പ്രതിസന്ധികള്‍ക്ക് നീതിപൂര്‍വ്വകമായ പരിഹാരങ്ങള്‍ തേടുന്നതിന് സംഭാഷണത്തിന്‍റെ പാത പിന്‍ചെല്ലാനും മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിച്ചു. ലെബനന്‍റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും മുന്നില്‍ ഉയരുന്ന തങ്ങളുടെ രോദനം ഇക്കഴിഞ്ഞ ദിനങ്ങളില്‍ കേള്‍ക്കുമാറാക്കിത്തീര്‍ത്ത അന്നാട്ടിലെ ജനങ്ങളെ, പ്രത്യേകിച്ച്, യുവജനത്തെ പാപ്പാ അഭിവാദ്യം ചെയ്തു.

അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായത്തോടെ ലെബനന്, സമാധാനപരമായ സഹജീവനത്തിന്‍റെയും വ്യക്തിയുടെ ഔന്നത്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവിന്‍റെയും ഇടമായി തുടരാന്‍ കഴിയുന്നതിനു വേണ്ടിയും ഏറെയാതനകളനുഭവിച്ച മദ്ധ്യപൂര്‍വ്വദേശത്തിനു മുഴുവനു വേണ്ടിയും പാപ്പാ പരിശുദ്ധ കന്യകാമറിയത്തോടു പ്രാര്‍ത്ഥിച്ചു.