ആത്മാര്‍ത്ഥതയോടെ ക്രൈസ്തവ വിശ്വാസം ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ

പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രബോധനത്തിലാണ്, ഓരോ വിശ്വാസികളും ക്രൈസ്തവ വിശ്വാസം എപ്രകാരമാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് പരിശോധിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടത്.

ആത്മാര്‍ത്ഥമായി ക്രൈസ്തവ വിശ്വാസം ജീവിക്കേണ്ടതിന്റെയും ക്രിസ്തു നല്‍കുന്ന രക്ഷയുടെ സന്ദേശം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കാത്തുസൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഓര്‍മ്മിപ്പിച്ച പാപ്പാ, വിശ്വാസം എന്ന പേരില്‍ അവനവന്റെ മനഃസാക്ഷിയെ ബോധ്യപ്പെടുത്താന്‍ വേണ്ടി മതപരമായ ചില കാര്യങ്ങള്‍ മാത്രം ചെയ്ത് തൃപ്തിയടയുന്നതിന്റെ ഭോഷത്വത്തെക്കുറിച്ചും പറയുകയുണ്ടായി.

“നമ്മള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കാന്‍ വി. പൗലോസ് നമ്മെ ക്ഷണിക്കുന്നു. ക്രൂശിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ക്രിസ്തുവിന്റെ സ്‌നേഹമാണോ രക്ഷയുടെ ഉറവിടമായി നമ്മുടെ ജീവിതകേന്ദ്രത്തില്‍ നില്‍ക്കുന്നത് അതോ മനഃസാക്ഷിയെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം നടത്തുന്ന മതപരമായ ഏതെങ്കിലുമൊക്കെ ഔപചാരിക കര്‍മ്മങ്ങളിലൂടെ നാം തൃപ്തിയടയുകയാണോ ചെയ്യുന്നത്?” – പാപ്പാ ചോദിച്ചു.

“ആദിയില്‍ സ്‌നേഹമുണ്ട്, ദൈവസ്‌നേഹം. ജീവനായതും മനോഹരവും നല്ലതും സത്യവുമായ എല്ലാം സ്‌നേഹം തന്നെയായ ദൈവത്തില്‍ നിന്നാണ് വരുന്നത്. ഇത് ഒരു അമ്മയുടെ ഹൃദയത്തില്‍ നിന്നും ഗര്‍ഭപാത്രത്തില്‍ നിന്നും മനുഷ്യജീവന്‍ വരുന്നതു പോലെയാണ്. ഒരു അമ്മയുടെ ഹൃദയത്തില്‍ നിന്നും ഗര്‍ഭപാത്രത്തില്‍ നിന്നും സ്‌നേഹം മാംസമായ യേശു വന്നതു പോലെയാണ്” – പാപ്പാ കൂട്ടിച്ചേര്‍ത്തു. ജീവിതവും സൗന്ദര്യവും നന്മയും സത്യവും ഉളവാകുന്നത് സ്‌നേഹം തന്നെയായ ദൈവത്തില്‍ നിന്നാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.