“പണത്തിൽ നിങ്ങൾ ആകൃഷ്ടരാകരുത്”: നവ വൈദികരോട് ഫ്രാൻസിസ് പാപ്പാ

ആധുനിക ലോകത്തിൽ പണം നൽകുന്ന മായയിൽ ആകൃഷ്ടരാകരുതെന്നു മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ. ഇന്നലെ പൗരോഹിത്യം സ്വീകരിച്ച വൈദികർക്കാണ് പാപ്പാ ഇപ്രകാരം മുന്നറിയിപ്പ് നൽകിയത്.

“ദൈവത്തിന്റെ വിശുദ്ധരും വിശ്വസ്തരുമായ ആളുകളുടെ ഇടയന്മാർ ആകുക. ദൈവം ഏല്പിച്ചിരിക്കുന്ന അജഗണത്തിന്റെ മുന്നിലും മധ്യത്തിലും പിന്നിലും ആയിരുന്നുകൊണ്ട് അവർക്കൊപ്പം സഞ്ചരിക്കുക. അതാണ് ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്. പൗരോഹിത്യം, അതൊരു തൊഴിൽ മേഖലയല്ല മറിച്ച്, ഒരു സേവനമാണ്. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ജനങ്ങൾക്ക് വേണ്ടി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ,” -പാപ്പാ വ്യക്തമാക്കി.

വൈദികർക്കു ഉണ്ടായിരിക്കേണ്ട നാല് തരത്തിലുള്ള സാമീപ്യത്തെ കുറിച്ചും പാപ്പാ വ്യക്തമാക്കി. ദൈവത്തോടും ബിഷപ്പിനോടും സഹവൈദികരോടും ദൈവജനത്തോടും ഉള്ള സാമിപ്യം പൗരോഹിത്യ ജീവിതത്തിനു ആവശ്യമാണ്. ഈ നിമിഷം മുതൽ ഉള്ള ജീവിത യാത്രയിൽ ദൈവവുമായുള്ള സംഭാഷണത്തിന് അത് നിങ്ങൾ ഏതു അവസ്ഥയിൽ ആയിരുന്നാലും ഒരു മുടക്കവും വരുത്തരുത് എന്നും പാപ്പാ നവ വൈദികരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.