പുണ്യത്തിന്റെ ചാമ്പ്യന്മാരാകുക – പാപ്പ

ഫ്രാന്‍സിസ് പാപ്പ ഫുട്ബോള്‍ കളിക്കാരോട് പറഞ്ഞ വാക്കുകള്‍ ഏവര്‍ക്കും മാതൃകയാകുന്നു.  ”ചുരുങ്ങിയ വാക്കുകള്‍ക്കുള്ളില്‍ മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിനു മറ്റുള്ളവരിലുള്ള ആകര്‍ഷണത്തെ പരിഗണിക്കുന്നതിനൊപ്പം ഇത്തരം മത്സരങ്ങള്‍ക്ക് യുവതലമുറയ്ക്കു മുകളിലുള്ള സ്വാധിനത്തെക്കുറിച്ചുകൂടി നമ്മള്‍ ചിന്തിക്കണം. അതു നിങ്ങളുടെ കടമയാണ്.” ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. കോപ്പ ഇറ്റാലിയയുടെ അവസാനഘട്ട മത്സരങ്ങളില്‍ ഏറ്റുമുട്ടിയ ടീമുകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇരു ടീമുകളിലേയും ജീവനക്കാരും പരിശീലകരും കളിക്കാരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

 ”മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ വളരെ വേഗത്തില്‍ മാതൃകയാകും. അതുകൊണ്ടുതന്നെ ഓരോ മത്സരവും തുല്യത, അതിപ്രാവീണ്യം, നിബന്ധനകളോടുള്ള ബഹുമാനം തുടങ്ങിയവയുടെ പരിശോധന കൂടിയാണ്. ഇവയെല്ലാം തന്റെ  പെരുമാറ്റത്തിലൂടെ ശീലമാക്കുന്നവനാരോ അവന്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്കു മാതൃകയാകും. അത്തരത്തില്‍ നിങ്ങളെല്ലാവരും മാറണം എന്നതാണ് എന്റെ ആഗ്രഹം” മാര്‍പ്പാപ്പ പറഞ്ഞു. എല്ലാവരും ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടേയും മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും സാക്ഷികളാകണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

റോമിലെ സ്റ്റാഡിയോ ഒളിമ്പിക്കോയില്‍ ട്യൂറിന്റെ യുവന്റസും റോമിന്റെ ലാസിയോയും കോപ്പ ഇറ്റാലിയ മത്സരത്തില്‍ ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരാണ് യുവെന്റസ്. മത്സരങ്ങല്‍ക്കിടയില്‍ സംഭവിക്കുന്ന ആക്രമണങ്ങളെ കളിയുടെ സ്വച്ഛത നശിപ്പിക്കുന്ന സംഭവങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

ഇരു ടീമുകളും അവരുടെ ഫുട്‌ബോള്‍ ജേഴ്‌സിയും ടൂര്‍ണമെന്റ് ട്രോഫിയുടെ തനിപകര്‍പ്പും പോപ്പിന് സമ്മാനിച്ചു. രണ്ടു ടീമുകള്‍ക്കു അദ്ദേഹം ആശംസകള്‍ അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.