സാഹോദര്യം വളർത്തുന്നതിൽ ശ്രദ്ധിക്കണമെന്ന് സന്മാർഗ ദൈവശാസ്ത്രഞ്ജരോട് മാർപാപ്പ

വേർതിരിവുകളും മതിലുകളും ഒഴിവാക്കി സാഹോദര്യത്തിന്റെ പാലങ്ങൾ എല്ലായിടത്തും പണിയാൻ ഉത്സാഹിക്കണമെന്ന് സന്മാർഗ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന കത്തോലിക്കാ സ്ത്രീ പുരുഷന്മാരോട് മാർപാപ്പ.

ജൂലൈ 26,27 തീയതികളിലായി, കാത്തലിക് തിയോളജിക്കൽ എത്തിക്സ് ഇൻ ദ വേൾഡ് ചർച്ച് നെറ്റ്വർക്കിന്റെ (CTEWC) നേതൃത്വത്തിൽ സരാജെവോ, ബോസ്നിയ, ഹെർസെഗോവിനാ എന്നിവിടങ്ങളിലായി നടത്തിയ സന്മാർഗ ദൈവശാസ്ത്രഞ്ജരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് മാർപാപ്പ ഇക്കാര്യങ്ങൾ ഇവരെ ഓർമിപ്പിച്ചത്.

‘സാഹോദര്യത്തിന്റെ പാലം പണിയാനുള്ള നിർണായക സമയം, ഇന്നത്തെ കത്തോലിക്കാ സന്മാർഗ ദൈവശാസ്ത്രം ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ  80 രാജ്യങ്ങളിൽ നിന്നായി 500 ഓളം ആളുകൾ പങ്കെടുത്തു.

വിവിധ കാരണങ്ങളാൽ ആധുനിക ലോകത്തിൽ നിലനിൽക്കുന്ന വേർതിരിവുകളും സംഘർഷങ്ങളും സൂചിപ്പിക്കുന്നത്, എത്രയും വേഗം ആളുകളും അവരുടെ സംസ്കാരങ്ങളും മതങ്ങളുമൊക്കെ തമ്മിൽ അടുപ്പവും ഐക്യവും കാത്തുസൂക്ഷിക്കണമെന്നാണ്. മാർപാപ്പ അറിയിച്ചു.

നവനേതൃത്വങ്ങൾക്ക് രൂപം നൽകുന്നതും പുതിയ ഐക്യം രൂപപ്പെടുത്താൻ ഒരു പരിധിവരെ സഹായിക്കും. മാർപാപ്പ പറഞ്ഞു. ലോകമെങ്ങും സാഹോദര്യം സ്ഥാപിക്കുന്നതിനായി ഒരു ശൃംഖല സൃഷ്ടിക്കണമെന്നും അതുവഴിയുള്ള പ്രവർത്തനങ്ങളിലൂടെ സാഹോദര്യത്തിന്റെ പാലങ്ങൾ പണിയണമെന്നും പാപ്പാ ആവശ്യപ്പെട്ടു. കരുണയിലൂടെ മാത്രമേ ഈ സംരംഭം വിജയിക്കൂ എന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.