കമ്പോളയുക്തിയെ ജയിക്കുക, ഐക്യദാർഢ്യയുക്തിയെ ശക്തിപ്പെടുത്തുക: പാപ്പാ

എല്ലാ ജനങ്ങൾക്കും ഗുണകരമായ വിധത്തിൽ ഭക്ഷ്യസംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നമുക്കോരോരുത്തർക്കും തനതായ പങ്കു വഹിക്കാനുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. പട്ടിണി നിർമ്മാർജ്ജനം ചെയ്യുകയെന്നത് ഉത്ക്കർഷേച്ഛയാർന്ന ഒരു ലക്ഷ്യമാണെന്നും അത് മനുഷ്യകുലത്തിനു നേർക്കുയരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മാർപാപ്പാ. ഒക്ടോബർ 16 -ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനോടനുബന്ധിച്ച്, റോം ആസ്ഥാനമായുള്ള ഭക്ഷ്യകൃഷി സംഘടനയുടെ, എഫ്.എ.ഒ -യുടെ (FAO) മേധാവി, കു ദോംഗ്യൂവിന് നല്‍കിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

വ്യക്തികളുടെയും നമ്മുടെ നാടിന്റെയും സുസ്ഥിതി ലക്ഷ്യം വച്ചുകൊണ്ട് നമ്മുടെ ഭക്ഷ്യോൽപാദന-ഉപഭോഗരീതികളെ പരിവർത്തനം ചെയ്യുന്ന നൂതനപരിഹാരങ്ങൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ഇക്കഴിഞ്ഞ സെപ്റ്റംബർ 23 -ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ഭക്ഷ്യസംവിധാനങ്ങളെ അധികരിച്ചു സംഘടിപ്പിച്ച ഉച്ചകോടി എടുത്തുകാട്ടിയതും പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിക്കുന്നു. മഹാമാരിക്കാലാനന്തര പുനരധിവാസത്തിന് ഇത് മാറ്റിവയ്ക്കാനാവാത്ത ഒന്നാണെന്നും അദ്ദേഹം പറയുന്നു.

മതിയായ പോഷകാഹാരം ലഭിക്കാത്ത 300 കോടി ജനങ്ങൾ ഒരുവശത്തുള്ളപ്പോൾ മറുവശത്താകട്ടെ, 200 കോടി ആളുകൾ ക്രമരഹിതമായ പോഷണരീതി മൂലമോ, വ്യായമക്കുറവ് മൂലമോ അമിതഭാരമുള്ളവരായി കാണപ്പെടുന്ന വൈരുദ്ധ്യത്തെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.