റോമൻ കൂരിയ എളിമയുടെ സാക്ഷ്യമാകണം : ഫ്രാൻസിസ് പാപ്പാ

റോമൻ കൂരിയയിൽ ജോലി ചെയ്യന്ന ആളുകൾക്കായുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.

റോമൻ കൂരിയ എന്നത്, സേവനങ്ങൾക്ക് വേണ്ടിയോ, കർശനമായ നടപടികൾക്ക് വേണ്ടിയോ മാത്രമുള്ള ഒരു ഉപകരണമല്ല എന്നും മറിച്ച്, ക്രൈസ്തവസാക്ഷ്യം നൽകാനായുള്ള ഒരു സഭാഘടകമാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. റോമിലെ മെത്രാന്റെ, അതായത് പാപ്പായുടെ, സാർവ്വത്രികസഭയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പാപ്പായെ സഹായിക്കുവാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായ റോമൻ കൂരിയ, അതിൽത്തന്നെ ഒരു ശക്തിയായല്ല നിലനിൽക്കുന്നത്, മറിച്ച്, പാപ്പായുടെ സേവനത്തിനുവേണ്ടിയാണ്. അങ്ങനെ സ്ഥാപനോദ്ദേശമനുസരിച്ചും സ്വഭാവമനുസരിച്ചും സിനഡാലിറ്റി പാലിച്ചുകൊണ്ട്, ഒരുമിച്ചുള്ള പ്രവർത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്ന റോമൻ കൂരിയയ്ക്ക് സിനൊഡൽ പ്രവർത്തനരീതിയിലേക്ക് വീണ്ടും ഒരു പരിവർത്തനം ആവശ്യമുണ്ടെന്നാണ് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.

ക്രൈസ്തവമായ യാഥാർത്ഥ്യബോധത്തോടെ, നമ്മുടെ സ്ഥാനവും, പദവികളും, വേഷവിധാനങ്ങളും മാറ്റിവച്ചാൽ, ഏറ്റവും ഉയർന്നവർ മുതൽ, ഏറ്റവും അവസാനത്തെ ആൾ വരെ, ഏതു ജോലിയാണ് നാം ചെയ്യുന്നതെങ്കിലും, നാമെല്ലാവരും സൗഖ്യം ആവശ്യമുള്ള കുഷ്ഠരോഗികളാണെന്ന് ഓർക്കാമെന്ന് പാപ്പാ പറഞ്ഞു.

ദൈവം നൽകുന്ന ഒരു അനുഗ്രഹം തന്നെയായ ഈ ഒരു ബോധ്യത്തിൽനിന്ന് ആരംഭിച്ചാൽ മാത്രമേ, പുതിയ ഒരു വീക്ഷണകോണിലൂടെ എല്ലാം നോക്കിക്കാണാനും എളിമയുടെ ജീവിതവും സേവനവും സാധ്യമാക്കാനും നമുക്ക് മനസ്സിലാകൂ.

ഈയൊരു തിരിച്ചറിവും മാറ്റവുമുണ്ടായെങ്കിൽ മാത്രമേ, സിനൊഡാലിറ്റിയിലേക്കുള്ള പരിവർത്തനം എന്നത്, മറ്റൊരു വെറും നടപടിക്രമമായി മാറാതെ, പരസ്പരം സഹകരിക്കാനും, സംവദിക്കാനും, മറ്റുള്ളവരെ ശ്രവിക്കാനുമുള്ള ഒരു പുതിയ വഴിയായി മാറുകയുള്ളൂ. ഈയൊരു മാറ്റം, നമ്മുടെ ബന്ധങ്ങളെയും ഒരുമയെയും ശക്തിപ്പെടുത്തി, വെറും സഹകരണത്തോടെയുള്ള ഒരു ജോലിക്കപ്പുറം, നാം ചിന്തിക്കാത്ത ഒരു തലത്തിലേക്ക് നമ്മെ കൊണ്ടുപോകുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കലാണ്. അങ്ങനെ വിനയത്തിന്റെയും സിനൊഡൽ രീതിയിലുള്ള പ്രയാണത്തിന്റെയും പരിണിതഫലമായി കൂരിയ കൂടുതൽ ഒരുമായുള്ള ഒരു കൂട്ടായ്മയായി മാറും. അങ്ങനെ ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെ, ദൈവം നൽകുന്ന പാപമോചനവും, രക്ഷയും, രോഗശാന്തിയും ആവശ്യമുള്ള, പദവികൾക്കും, സ്ഥാനമാനങ്ങൾക്കും പിന്നിൽ ഒളിക്കാത്ത, പാപികളും ദുർബലരുമായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടായ്മയാണ് കൂരിയ തിരിച്ചറിവിൽ നാം വളരുകയാണ് വേണ്ടത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.