ഇഗ്‌നേഷ്യന്‍ വര്‍ഷത്തോടനുബന്ധിച്ചു നടത്തിയ അന്തര്‍ദേശീയ പ്രാര്‍ത്ഥനയില്‍ പാപ്പാ സന്ദേശം നല്‍കി

ഇഗ്‌നേഷ്യന്‍ വര്‍ഷത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടത്തിയ അന്തര്‍ദേശീയ പ്രാര്‍ത്ഥനയില്‍ പാപ്പാ വീഡിയോ സന്ദേശം നല്‍കി. വി. ഇഗ്‌നേഷ്യസ് ലയോളയുടെ മാനസാന്തരത്തിന്റെയും പിന്നീട് അദ്ദേഹം സ്ഥാപിച്ച സൊസൈറ്റി ഓഫ് ജീസസിന്റെയും 500- ാം വര്‍ഷം ആഘോഷിക്കുന്ന അവസരത്തിലാണ് ‘ഇഗ്‌നേഷ്യസുമൊത്തുള്ള തീര്‍ത്ഥാടനം’ എന്ന പേരിലുള്ള ഈ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. നവീകരിക്കപ്പെടാനും ഇഗ്നേഷ്യസിനോടൊത്ത് തീര്‍ത്ഥാടകരാകാനും ക്രിസ്തുവില്‍ എല്ലാം പുതുതായി കാണാനുമുള്ള ക്ഷണം കൂടിയായിരുന്നു പ്രാര്‍ത്ഥനയുടെ ലക്ഷ്യം.

വി. ഇഗ്‌നേഷ്യസിന്റെ ജീവിതത്താലും ആത്മീയതയാലും പ്രചോദിതരായ സകലര്‍ക്കും ഈ വര്‍ഷം ഒരു മാനസാന്തരത്തിന്റെ അനുഭവമായി ജീവിക്കാനിടയാവട്ടെ എന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ ആശംസിച്ചു. ഈ പ്രാര്‍ത്ഥനാചരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും പാപ്പാ അറിയിക്കുകയുണ്ടായി. തന്റെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ഇഗ്‌നേഷ്യസ് തോറ്റുവെങ്കിലും ദൈവത്തിന് അദ്ദേഹത്തെക്കുറിച്ചുണ്ടായ വലിയ സ്വപ്നം ഇഗ്‌നേഷ്യസിനെക്കുറിച്ചു മാത്രമായിരുന്നില്ല, മറിച്ച് ആത്മാക്കളെ സഹായിക്കുന്നതിനെക്കുറിച്ചും എളിമയുള്ളവനും ദരിദ്രനുമായ യേശുവോടൊപ്പം ലോകത്തിലേക്കിറങ്ങി പുറപ്പെടാനുള്ളതുമായിരുന്നു എന്ന് പാപ്പാ പറഞ്ഞു.

മാനസാന്തരം ഒരു അനുദിന സംഭവമാണ് എന്നും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നും പാപ്പാ പറഞ്ഞു. ദൈവത്തോടും മറ്റുള്ളവരോടും ലോകത്തോടും നടത്തുന്ന സംവാദത്തിലൂടെയാണ് എപ്പോഴും മാനസാന്തരം നടത്തേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇഗ്‌നേഷ്യസിന്റെ ആത്മീയതയില്‍ പ്രചോദനം സ്വീകരിച്ച എല്ലാവരും ഒരുമിച്ച് ഒരു ഇഗ്‌നേഷ്യന്‍ കുടുംബമായി ഈ യാത്ര നടത്തട്ടെ എന്നും അനേകര്‍ ദൈവം ഇഗ്‌നേഷ്യസിനു നല്‍കിയ ഈ ആത്മീയതയുടെ സമ്പന്നത തിരിച്ചറിയട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു കൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.