പാപ്പയുടെ നോമ്പ് സന്ദേശം 28 – പശ്ചാത്തപിക്കാനുള്ള സമയം

അതിനാല്‍ നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍ ( അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3: 19)

ഹൃദയപരിവര്‍ത്തനത്തിനായാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. തിന്മയുമായോടുള്ള വിട്ടുവീഴ്ച അവസാനിപ്പിക്കുക എന്നതാണ് സുവിശേഷത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത്. പ്രമാണങ്ങളും കല്‍പ്പനകളും അനുസരിക്കുക എന്നത് മാത്രമല്ല, ക്രിസ്ത്യാനി ആയിരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ക്രിസ്തുവില്‍ ആയിരിക്കുക, അവനെപ്പോലെ ചിന്തിക്കുക,പെരുമാറുക, സ്‌നേഹിക്കുക എന്നിവയാണ്. അതിനര്‍ത്ഥം നമ്മുടെ ജീവിതത്തെ പൂര്‍ണ്ണായും കൈവശമാക്കാനും അതില്‍ മാറ്റം വരുത്താനും തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തികളില്‍ നിന്ന് മോചിപ്പിക്കാനും ഈശോയെ അനുവദിക്കുക എന്നാണ്. എന്നാല്‍ നമ്മെ സ്വയം ന്യായീകരിക്കാനുള്ള പ്രവണത നമുക്കെപ്പോഴുമുണ്ടാവും.

എന്തില്‍ നിന്നാണ് ഞാന്‍ പരിവര്‍ത്തനം നേടേണ്ടത്, അടിസ്ഥാനപരമായി ഞാന്‍ നല്ല വ്യക്തിയാണല്ലോ തുടങ്ങിയ ചിന്തകളാവും ആദ്യം രൂപപ്പെടുക. അതുപോലെതന്നെ എത്ര പ്രാവശ്യം നാം ചിന്തിച്ചിരിക്കുന്നു എന്തൊക്കെയാണെങ്കിലും ഞാനൊരു നല്ല വ്യക്തിയല്ലേ, ഞാനൊരു വിശ്വാസിയും നിരന്തരം ദൈവാലയത്തില്‍ പോകുന്ന വ്യക്തിയുമല്ലേ എന്നൊക്കെ. ഇത്തരം രീതികളിലായിരിക്കും നാം വിധിക്കപ്പെടുക എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ കരുണയാണ് എല്ലാത്തിനുമുപരിയായി നമുക്ക് വേണ്ടതെന്ന  കാര്യം അറിഞ്ഞോ അറിയാതെയോ നാം മറക്കുന്നു.

പാപികളോടുള്ള ദൈവത്തിന്റെ മനോഭാവം ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസിലാവും, സമയം വൈകിയിട്ടില്ല, മാനസാന്തരപ്പെടാനും എളിമപ്പെടാനും തെറ്റുകള്‍ ഏറ്റുപറയാനും ഇനിയും സമയമുണ്ട് എന്ന്. യുഗാന്ത്യം വരെ ദൈവത്തിന്റെ ക്ഷമയും കാരുണ്യവും നമ്മെ കാത്തിരിക്കുകയും പിന്തുടരുകയും ചെയ്യും. അതുകൊണ്ട് ചിന്തിക്കാം…ഈശോയെ പൂര്‍ണ്ണമായും പിന്‍ചെല്ലുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നത് എന്തെല്ലാമാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.