പാപ്പയുടെ നോമ്പ് സന്ദേശം 23 – ദൈവത്തോടൊപ്പമായിരിക്കാനുള്ള സമയം 

യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്തായി: 28:20)

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ആരംഭത്തില്‍ പരാമര്‍ശിക്കുന്ന പ്രവാചക വചനം, എമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെടും (മത്തായി:1:23) എന്ന വചനത്തെ ഓര്‍മപ്പെടുത്തുന്നതാണ് സുവിശേഷത്തിലെ ഏറ്റവും അവസാന വാചകവും. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്ന വചനം. അതേ, ദൈവം നമ്മോടുകൂടിയുണ്ടായിരിക്കും. എല്ലായ്‌പ്പോഴും, ലോകാവസാനം വരെയും. ദൈവം നമ്മോടൊത്ത് നടക്കും, എല്ലായ്‌പ്പോഴും അന്ത്യംവരെയും. കൂടെയായിരിക്കുന്നവന്‍ എന്ന ദൈവത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന രണ്ട് വചനങ്ങളാണ് നാം മുകളില്‍ കണ്ടത്.

ഏകനായി ഇരിക്കുന്നവനല്ല, മറിച്ച് കൂടെയായിരിക്കുന്നവനാണ് അവിടുന്ന്. പ്രത്യേകിച്ച്, മനുഷ്യരോടുകൂടെ ആയിരിക്കുന്നവനാണ് ദൈവമെന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍. അദൃശ്യനും അകലങ്ങളില്‍ ആയിരിക്കുന്നവനും മനുഷ്യരെ പരിഗണിക്കാത്തവനുമല്ല, ദൈവം. മറിച്ച്, നമ്മില്‍ നിന്നകന്നിരിക്കാന്‍ സാധിക്കാത്തവനും കരുണയും ആര്‍ദ്രതയും അളവറ്റ സ്‌നേഹവുമുള്ളവനാണ് അവിടുന്ന്. ബന്ധങ്ങളും കെട്ടുപാടുകളും വേര്‍പെടുത്തുന്നതില്‍ നമ്മള്‍ മനുഷ്യര്‍ക്ക് പ്രത്യക കഴിവുണ്ട്. ദൈവം പക്ഷേ അങ്ങനെയല്ല. നമ്മുടെ ഹൃദയം മരവിക്കുമ്പോള്‍ ദൈവം അവിടെ ജ്വലിക്കും.

തെറ്റ് ചെയ്ത് നാം അവിടുത്തെ മറന്ന് മുന്നേറിയാലും അവിടുന്ന് നമ്മോടൊപ്പം വരും. നമ്മിലുള്ള വിശ്വാസം അവിശ്വാസത്തിലേയ്ക്ക് തിരിയപ്പെടുന്ന അവസരങ്ങളില്‍, പിതാവായ ദൈവത്തിന്റെ സ്‌നേഹത്താല്‍ നിരന്തരം നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് നാമെന്ന വെളിപാട് നമ്മുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുകതന്നെ ചെയ്യും. അതുകൊണ്ട് ഓന്നോര്‍ത്തുനോക്കാം… ഏതെല്ലാം അവസരങ്ങളിലാണ് ഈ നോമ്പുകാലത്ത് ദൈവം എന്നോടൊപ്പമുണ്ടായിരുന്നു എന്ന് തോന്നിയതെന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.