പാപ്പയുടെ നോമ്പ് സന്ദേശം 38 – സ്‌നേഹിക്കാനുള്ള സമയം 

സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല ( യോഹന്നാന്‍:16:21).

യേശുവിന്റേതുപോലെ യഥാര്‍ത്ഥ സ്‌നേഹം കടന്നുപോകുന്നത് കുരിശിലൂടെയാണ്, സഹനങ്ങളിലൂടെയാണ്. ജീവിതത്തില്‍ കുരിശിന്റെ പാത അത്യാവശ്യമാണെങ്കിലും അത് നമ്മുടെ ലക്ഷ്യമല്ല. അതൊരു വഴി മാത്രമാണ്. മഹത്വമാണ് കുരിശിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കുഞ്ഞിന് ജന്മം നല്‍കാനായി അതികഠിന വേദന സഹിച്ച്, കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ മതിമറന്ന് സന്തോഷിക്കുന്ന അമ്മയുടെ മനോഹരമായ ഉപമ അന്ത്യത്താഴ വേളയില്‍ യേശു ശിഷ്യന്മാരോട് പറയുകയുണ്ടായി. ജീവന്‍ നല്‍കാനുള്ളതാണ്. അമ്മമാര്‍ ചെയ്യുന്നതതാണ്. അവര്‍ മനുഷ്യന് ജന്മം നല്‍കുന്നു. അസഹനീയ വേദന സഹിക്കേണ്ടി വന്നാലും പുതിയൊരു ജീവന് കാരണമാകുന്നതിനാല്‍ അവര്‍ സന്തോഷിക്കുന്നു. സ്‌നേഹത്തില്‍ നിന്നു മത്രമേ ജീവന്‍ നല്‍കാന്‍ സാധിക്കുകയുമുള്ളൂ. ആ സ്‌നേഹമാണ് വേദനയ്ക്കും സഹനത്തിനും യഥാര്‍ത്ഥ അര്‍ത്ഥം നല്‍കുന്നതും. പ്രത്യാശയെ ശക്തിപ്പെടുത്തുന്നതും ആ സ്‌നേഹമാണ്.

ഒരിക്കലെങ്കിലും സ്വയം ചോദിക്കാം…ഞാന്‍ സ്‌നേഹിക്കുന്നുണ്ടോ? എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് എനിക്കറിയാമോ? സ്‌നേഹത്തില്‍ അനുദിനം വളരാന്‍ എനിക്ക് സാധിക്കുന്നുണ്ടോ? എന്നൊക്കെ. ഒപ്പം, പ്രത്യാശയെ വര്‍ദ്ധിപ്പിക്കുന്ന ആ സ്‌നേഹം എല്ലാവര്‍ക്കും പകരുകയും ചെയ്യാം. ഒന്നുകൂടി ചിന്തിക്കാം…എനിക്ക് ചുറ്റിലുമുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്ക് ജീവന്‍ പ്രദാനം ചെയ്യാനും എന്നെ പിന്തിരിപ്പിക്കുന്നതെന്താലാമാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.