പാപ്പയുടെ നോമ്പ് സന്ദേശം 34 – ലൗകികതയെ ഉപേക്ഷിക്കാനുള്ള സമയം 

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്. അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും (മത്തായി :7:13)

രണ്ട് വ്യത്യസ്തമായ വഴികള്‍ തെരഞ്ഞെടുക്കാന്‍ ഈശോ നമ്മെ ക്ഷണിക്കുന്നുണ്ട്. സുവിശേഷത്തിന്റെ പാതയും ലോകത്തിന്റെ പാതയും. ലോകത്തിന്റെ ആത്മാവ് യേശുവിന്റെ ആത്മാവല്ല. സുവിശേഷത്തിനനുസരിച്ച് ജീവിക്കണമെങ്കില്‍ തിന്മയുടെ ശക്തികള്‍ ഇഷ്ടപ്പെടുന്ന ലൗകികതയില്‍ നിന്ന് മുക്തി പ്രാപിക്കേണ്ടതുണ്ട്. എങ്ങനെയൊക്കെയാണ് ലൗകികത വെളിപ്പെടുന്നത്? അഴിമതി, വഞ്ചന, പിടിച്ചടക്കല്‍ എന്നിവയെല്ലാമാണ് ഭൂരിപക്ഷം ആളുകളും തെരഞ്ഞെടുക്കുന്ന വഴിയുടെ പ്രത്യേകതകള്‍. പാപത്താല്‍ നിറഞ്ഞ വഴി. ഈ വഴിയെ യാത്ര ചെയ്യാന്‍ വളരെയെളുപ്പമാണ്. അതേസമയം സുവിശേഷത്തിന്റെ പാതയിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. വളരെ ഗൗരവതരമായ ഒരു ജീവിതരീതിയാണ് അതിനാവശ്യം.

വെല്ലുവിളി നിറഞ്ഞതാണെങ്കിലും ആ വഴിയിലൂടെയുള്ള യാത്ര നമുക്ക് സന്തോഷം പകരുന്നതാണ്. ആത്മാര്‍ത്ഥത, സത്യസന്ധത, ബഹുമാനം, ഉത്തരവാദിത്വബോധം തുടങ്ങിയവയാണ് ആ പാതയുടെ പ്രത്യേകതകള്‍. അതായത്, ജീവിതയാത്രയില്‍ രണ്ട് വഴികള്‍ നമ്മുടെ മുമ്പില്‍ വയ്ക്കപ്പെടുന്നുണ്ട്. സത്യസന്ധതയുടെയും കപടതയുടേയും, വിശ്വസ്തതയുടെയും അവിശ്വസ്തതയുടെയും, സ്വാര്‍ത്ഥതയുടെയും നിസ്വാര്‍ത്ഥതയുടെയും, നന്മയുടെയും തിന്മയുടെയും വഴികള്‍. രണ്ടിലും കൂടി മാറിമാറി ആര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കില്ല. കാരണം, രണ്ടും തികച്ചും വ്യത്യസ്തമാണെന്ന് മാത്രമല്ല, അങ്ങനയൊരു യാത്ര തികച്ചും യുക്തിരഹിതവുമാണ്. ഇതിലേത് വഴിയാണ് സ്വീകരിക്കേണ്ടതെന്നത് നാം തീരുമാനിക്കണം.

യഥാര്‍ത്ഥ വഴി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ദൈവത്തിന്റെ കൃപയും പിന്തുണയും സ്വീകരിച്ച് ആ വഴിയിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ സാധിക്കും. അതുകൊണ്ട് ചിന്തിക്കാം…യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും പാതയാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.