പാപ്പയുടെ നോമ്പ് സന്ദേശം 32 – യഥാര്‍ത്ഥ മാറ്റത്തിനുള്ള സമയം 

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല ( ലൂക്കാ : 13:24)

യേശുവിന്റെ അടുത്തേയ്ക്ക് ചെല്ലാനും, സന്തോഷത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്പൂര്‍ണ്ണതയുടെയും വാതിലിലൂടെ പ്രവേശിക്കാനുമുള്ള വിളിയും അവിടുന്ന് നല്‍കുന്നുണ്ട്. എത്രയൊക്കെ പാപം ചെയ്താലും നമ്മെ ഓരോരുത്തരെയും അവിടുന്ന് കാത്തിരിക്കുന്നുണ്ട്. നമ്മെ മാറോടണയ്ക്കാനും അവിടുത്തെ കരുണ വാഗ്ദാനം ചെയ്യാനുമാണത്. അവിടുത്തേയ്ക്ക് മാത്രമേ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനത്തിലേയ്ക്ക് നയിക്കാനും സാധിക്കുകയുള്ളു. യഥാര്‍ത്ഥ സന്തോഷം നല്‍കാനും നമ്മുടെ നിലനില്‍പ്പിന് യഥാര്‍ത്ഥ അര്‍ത്ഥം നല്‍കാനും അവിടുത്തേയ്ക്ക് മാത്രമേ സാധിക്കൂ.

യേശുവിന്റെ വാതിലിലൂടെ പ്രവേശിക്കാന്‍ സാധിച്ചാല്‍ ലോകത്തിന്റേതായ മനോഭാവവും ദുഷിച്ച ശീലങ്ങളും സ്വാര്‍ത്ഥതയും ഇടുങ്ങിയ മനസ്ഥിതിയുമെല്ലാം മാറ്റിയെടുക്കാന്‍ സാധിക്കും. ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിക്കാന്‍ തുടങ്ങുമ്പോള്‍ സമഗ്ര മാറ്റത്തിനും നാം വിധേയരാവും. ഒരിക്കലും കെടുത്താനാവാത്ത പരിശുദ്ധാത്മാവിന്റെ പ്രകാശം കൊണ്ട് നാം നിറയപ്പെടുകയും ചെയ്യും. എന്നാല്‍ ആ വാതിലിലൂടെ പ്രവേശിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നതെന്തൊക്കെയാണ്, അഹങ്കാരം, വെറുപ്പ്, തിന്മ തുടങ്ങി പലതും. എന്നാല്‍ മറ്റൊരു വാതിലിനേക്കുറിച്ച് ചിന്തിക്കാം…പ്രവേശിച്ചു കഴിഞ്ഞാല്‍ കരുണ വാഗ്ദാനം ചെയ്യപ്പെടുന്ന വിശാലമായി തുറന്നിടപ്പെട്ട ദൈവത്തിന്റെ കരുണയുടെ വാതിലിനെക്കുറിച്ച്. വിമോചനത്തിന്റെ ആ വാതിലിലൂടെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ദൈവം നമുക്ക് നല്‍കുന്നുണ്ട്. ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത അവസരങ്ങള്‍. അതിലൊന്നാണ് ഈ നോമ്പ്. അതുകൊണ്ട് ചിന്തിക്കാം…യേശു വാഗ്ദാനം ചെയ്യുന്ന ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്നതെന്തൊക്കെയാണ് എന്ന്.

പാപ്പയുടെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.