പാപ്പയുടെ നോമ്പ് സന്ദേശം 29 – പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള സമയം 

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു (യോഹന്നാന്‍: 14 : 27)

നാം ഏകരല്ല, കാരണം നമ്മുടെ ഒപ്പം, നമ്മോട് ചേര്‍ന്ന് നമ്മുടെ ഉള്ളില്‍ ഈശോ വസിക്കുന്നുണ്ട്. കുരിശിലേറ്റപ്പെട്ടവനും ഉയിര്‍ത്തവനുമായ ഈശോയോട് ചേര്‍ന്നുള്ള ജീവിതം നയിക്കാന്‍ ഈ യുഗത്തില്‍ നമ്മെ പ്രാപ്തരാക്കുന്നതോ പരിശുദ്ധാത്മാവും. മാമ്മാദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമ്മിലേയ്‌ക്കൊഴുകിയ പരിശുദ്ധാത്മാവാണ് നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്. നല്ലതേത്, മോശമേത് എന്ന് തിരിച്ചറിയാനും അതിനനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രാപ്തരാക്കുന്നതും പരിശുദ്ധാത്മാവാണ്.

ഈശോയുടെ സഹാനുഭൂതി അനുകരിക്കാനും സ്വയം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കാനുള്ള മനസ് സ്വന്തമാക്കാനും നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മവാണ്. അതുകൊണ്ടാണ് നേരത്തെ സൂചിപ്പിച്ചത്, നാം ഒറ്റയ്ക്കല്ല എന്ന്. യേശുക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ സമാധാനം ഈ പരിശുദ്ധാത്മാവിന്റെ സൂചനയാണ് നല്‍കുന്നത്. മനുഷ്യരുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും നിന്ന് വ്യത്യസ്തമാണ് യേശുവിന്റെ ഈ സമ്മാനം.

പാപത്തില്‍ നിന്ന് വിജയത്തിലേയ്ക്കും സ്വാര്‍ത്ഥതയില്‍ നിന്ന് പരസ്‌നേഹത്തിലേക്കും നമ്മെ നയിക്കുന്നതാണ് അവിടുത്തെ സമാധാനം. അത് ദൈവത്തിന്റെ സമ്മാനവും അവിടുത്തെ സാന്നിധ്യത്തിന്റെ അടയാളവുമാണ്. അതുകൊണ്ടുതന്നെ ഈശോയെ അനുഗമിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നാമോരോരുത്തര്‍ക്കും പാപത്തിന്മേലുള്ള ഈശോയുടെ വിജയത്തില്‍ നിന്ന് ലഭിച്ച സമാധാനവും അവിടുത്തെ സുനിശ്ചിതമായ ആഗമനത്തിന്റെ പ്രതീക്ഷയുമാണ് നല്‍കുന്നത്. നമുക്ക് ചിന്തിക്കാം…എങ്ങനെയാണ് പരിശുദ്ധാത്മാവ് എന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് ഈ നോമ്പുകാലത്തില്‍ എങ്ങനെയാണ് എന്നെ നയിച്ചുകൊണ്ടിരിക്കുന്നത് എന്ന്.

പാപ്പയുടെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.