പണവും പൊങ്ങച്ചവും പരദൂഷണവും സഭയേയും സമൂഹത്തെയും ഭിന്നിപ്പിക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ച് മാര്‍പാപ്പ

സമൂഹത്തിനുള്ളില്‍ തന്നെ ഭിന്നതകള്‍ ആരംഭിക്കുന്നു എന്നും ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല കാര്യങ്ങളുണ്ടെന്നും മാര്‍പാപ്പ. ചൊവ്വാഴ്ച സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് പാപ്പാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ധാരാളം കാര്യങ്ങള്‍ കടന്നുവരുന്നു. ആദ്യ ക്രൈസ്തവസമൂഹത്തെ ഭിന്നിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ കണ്ടു. ഞാന്‍ മൂന്നെണ്ണം കണ്ടെത്തുന്നു. ആദ്യം പണം. വ്യക്തിപക്ഷപാതം കാണിക്കാതിരിക്കുക എന്ന് യാക്കോബ് ശ്ലീഹാ പറയുമ്പോള്‍ അതിനു ഒരു ഉദാഹരണവും അദ്ദേഹം നല്‍കുന്നുണ്ട്. ‘നിങ്ങളുടെ ദേവാലയത്തില്‍/ സമൂഹത്തില്‍ സ്വര്‍ണ്ണമോതിരമണിഞ്ഞ ഒരാള്‍ പ്രവേശിച്ചാല്‍, നിങ്ങളുടനെ അയാളെ മുന്നിലേയ്ക്ക്‌ കൊണ്ടുംപോകും, ദരിദ്രനെ നിങ്ങള്‍ ഒരുവശത്ത് ഉപേക്ഷിക്കും.’ പൗലോസ് ശ്ലീഹായും ഇപ്രകാരം തന്നെ പറയുന്നു: “പണക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നു; അവര്‍ കഴിക്കുന്നു, ദരിദ്രരെ വിശന്നു നിര്‍ത്തുന്നു.” നിങ്ങള്‍ നിങ്ങളുടെ കാര്യം നിങ്ങള്‍ക്കു പറ്റുന്നതുപോലെ നോക്കണമെന്നു പറയുംപോലെ അവരെ അവിടെ നിര്‍ത്തി. പണം ഭിന്നിപ്പിക്കുന്നു, ധനത്തോടുള്ള സ്‌നേഹം സമൂഹത്തെ ഭിന്നിപ്പിക്കുന്നു, സഭയെ ഭിന്നിപ്പിക്കുന്നു.

സഭാചരിത്രത്തില്‍ പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകള്‍ എപ്പോഴുമല്ല, എന്നാല്‍ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. അതിനു പിന്നില്‍ ധനമായിരുന്നു. അധികാരമായ ധനം. അത് രാഷട്രീയ അധികാരമോ, നാണയമോ എന്തായാലും ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ഇതിനാല്‍, ദാരിദ്ര്യമാണ് സമൂഹത്തിന്റെ ജനനി. ദാരിദ്യമാണ് സമൂഹത്തെ സംരക്ഷിക്കുന്ന മതില്‍. പണം വേര്‍തിരിവ് സൃഷ്ടിക്കുന്നു, വ്യക്തിതാല്പര്യങ്ങള്‍ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങള്‍ സ്വത്തവകാശത്തിന്റെ പേരില്‍ ഭിന്നിച്ചുപോയി? പണം ഭിന്നിപ്പിക്കുന്നു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൊങ്ങച്ചം

ഞാന്‍ മറ്റുള്ളവരെപ്പോലെ അല്ലാത്തതിനാല്‍ നിനക്ക് നന്ദി പറയുന്നു – ഫരിസേയന്റെ പ്രാര്‍ത്ഥനയായിരുന്നു. ഞാന്‍ ആരൊക്കെയോ ആണെന്നു കരുതി എന്റെ ശീലങ്ങളില്‍, വസ്ത്രധാരണത്തില്‍ എന്നെത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശകളുടെ ചടങ്ങുകള്‍ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി തീരുന്നു. ആഘോഷമായ വസ്ത്രം ധരിച്ചു പോകുന്നവരും, പലതും ചെയ്യുന്നവരും, വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്. പൊങ്ങച്ചവും ഭിന്നിപ്പിക്കുന്നു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരദൂഷണം

ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന മൂന്നാമത്തെ കാര്യം, പരദൂഷണമാണ്: ആദ്യമായല്ല ഞാന്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ അത് സത്യമാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയില്‍ ചെകുത്താന്‍ നമ്മില്‍ ഇടുന്നതാണത്. എന്നാല്‍, ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും പൊങ്ങച്ചത്തിന്റെയും പരദൂഷണത്തിന്റെയും ലൗകീകതയില്‍ നിന്ന് നമ്മെ രക്ഷിക്കാനാണ്. കാരണം, ആത്മാവ് ലൗകികമല്ല; അതിനു വിപരീതമാണ്.

വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവനാണ് അവന്‍. അവന്‍ നമ്മളെ രൂപാന്തരപ്പെടുത്താനും നമ്മുടെ സമൂഹങ്ങളെയും ഇടവകസമൂഹത്തെയും രൂപതയെയും സന്യസ്തസമൂഹങ്ങളേയും രൂപാന്തരപ്പെടുത്തുവാനും ആത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കര്‍ത്താവിനോടു നമുക്ക് പ്രാര്‍ത്ഥിക്കാം. എപ്പോഴും ക്രിസ്തു ആഗ്രഹിക്കുന്ന ക്രൈസ്തവസമൂഹത്തിന്റെ ഐക്യത്തോടെ മുന്നോട്ടുപോകാനായി രൂപാന്തരപ്പെടുത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം!