ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം നയിക്കുന്ന കുരിശിന്റെ വഴി മലയാളത്തില്‍

ഈ വര്‍ഷത്തെ ദുഃഖവെള്ളി ദിവസം ഈശോമിശിഹായുടെ പീഡാസഹനം ധ്യാനിക്കുന്നതിന് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത് ഇറ്റലിയിലെ പാദുവയിലുള്ള ‘ദുവെ പലാറ്റ്‌സി’ ജയിലിനോട് ബന്ധപ്പെട്ട പതിനാല് ആളുകളെയാണ്. സമൂഹത്തിലെ എല്ലാവരെയും തന്റെ ഹൃദയത്തോട് എന്നും ചേര്‍ത്തുനിര്‍ത്തുന്ന പരിശുദ്ധ പിതാവിന്റെ ഈ തീരുമാനം സഭയുടെ വിശാലമായ സാമൂഹിക മാനത്തെ എടുത്തുകാണിക്കുന്നു. പ്രത്യേകമായും കോറോണ വൈറസ് ലോകജനതയെ മുഴുവന്‍ കണ്ണീരിലാഴ്ത്തുമ്പോള്‍ പാപ്പാ തന്റെ സാമീപ്യവും പ്രാര്‍ത്ഥനയും എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നത് ആശ്വാസകരമാണ്. കുരിശിന്റെ വഴിയില്‍ ആരും ഒറ്റപ്പെട്ടു പോകുന്നില്ല എന്ന ഉറപ്പാണ് ഈശോയും നമുക്ക് നല്‍കുന്നത്.

അഞ്ച് തടവുകാര്‍, കൊലചെയ്യപ്പെട്ട ഒരാളുടെ കുടുംബം, ജീവപര്യന്തം വിധിക്കപ്പെട്ട ഒരാളുടെ മകള്‍, ജയിലില്‍ അധ്യാപികയായിട്ടുള്ള ഒരു വ്യക്തി, ഒരു ന്യായാധിപന്‍, തടങ്കലിലായ ഒരാളുടെ അമ്മ, ഒരു മതാധ്യാപക, ജയിലില്‍ സേവനം ചെയ്യുന്ന ഒരു സന്യാസി, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, എട്ട് വര്‍ഷത്തെ വിചാരണയ്ക്കുശേഷം കുറ്റവിമുക്തനാക്കപ്പെട്ട ഒരു പുരോഹിതന്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധങ്ങളായ അനുഭവങ്ങളില്‍ തങ്ങളുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളും പ്രാര്‍ത്ഥനകളും ഈ ദുഃഖവെള്ളിനാളില്‍ ഈശോയുടെ കുരിശുയാത്രയുടെ സ്മരണ ഉണര്‍ത്തുന്ന കുരിശിന്റെ വഴിയില്‍ നമ്മോട് ചേര്‍ത്തുവയ്ക്കുകയാണ് പരിശുദ്ധ പിതാവ്.

ക്രൂശിന്റെ വഴിയില്‍ ക്രിസ്തുവിനോടൊപ്പം, പരുഷമായ ശബ്ദത്തോടെ ജയിലുകളുടെ ലോകത്തു ജീവിക്കുന്ന ആളുകള്‍ക്ക് ഇത് ആശ്വാസത്തിന്റെ ഒരവസരമാണ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള തിന്മകളുടെ നൂലിഴകള്‍ക്കിടയില്‍ നന്മയുടെ സൗന്ദര്യം കണ്ടെത്താനുള്ള, ദൈവവചനം ശ്രവിക്കാനുള്ള ഒരു നിമിഷം. നല്ല കള്ളന് സംഭവിച്ചതുപോലെ, കാല്‍വരിയുടെ അതിരുകള്‍ക്കുമപ്പുറം ഒരു നിമിഷം കൊണ്ട് ജീവിതം മുഴുവന്‍ നവീകരിക്കാന്‍ കഴിവുള്ളവനാണ് നമ്മുടെ ദൈവം. ആ കള്ളനെപ്പോലെ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, ചെയ്ത കുറ്റങ്ങളെ ഓര്‍ത്തുകൊണ്ട് മാനസാന്തരപ്പെടുക. അന്യായമായി വിധിക്കപ്പെട്ട ക്രിസ്തു, പരിഹാസങ്ങള്‍ക്ക് നടുവിലും തന്റെ നിരപരാധിത്വത്തെ പറ്റി ബോധ്യമുള്ളതുകൊണ്ടാണ് മരണംവരെ സഹിക്കാനും തയ്യാറായത് എന്ന സത്യവും നമ്മുടെ ജീവിതത്തില്‍ നമുക്ക് മറക്കാതിരിക്കാം.

നമ്മുടെ വിശ്വാസം ക്ഷയിച്ചുപോയിട്ടില്ലെങ്കില്‍, ഈ തടവറയുടെ ഇരുട്ടിലും പ്രതീക്ഷ നല്‍കുന്ന ദൈവത്തിന്റെ വചനങ്ങള്‍ നമ്മുടെ കാതുകളില്‍ നമുക്ക് ശ്രവിക്കാന്‍ സാധിക്കും: ‘ഒന്നും ദൈവത്തിന് അസാധ്യമല്ല’. എത്ര വലിയ കുറ്റവാളിയാണെങ്കിലും, ദൈവത്തെ മുറുകെപ്പിടിക്കുമ്പോള്‍ ഉത്ഥാനത്തിന്റെ അനുഭവത്തിലേയ്ക്ക് കടക്കാന്‍ നമുക്ക് സാധിക്കുന്നു. തിന്മയ്ക്കിടയിലെ നന്മയുടെ ചലനാത്മകതയെ തിരിച്ചറിയാനും ജീവിതത്തില്‍ അതിന് ഇടം നല്‍കാനും നമുക്ക് കഴിയണം. ഇങ്ങനെ കുരിശിന്റെ വഴി ‘പ്രകാശത്തിന്റെ വഴി’യായി രൂപാന്തരപ്പെടുന്നു.

പ്രാരംഭ പ്രാര്‍ത്ഥന

ദൈവമേ, സര്‍വ്വശക്തനായ പിതാവേ, അങ്ങയുടെ ഏകപുത്രനായ യേശുക്രിസ്തു വഴിയായി മനുഷ്യരാശിയുടെ വേദനകളും കഷ്ടപ്പാടുകളും അങ്ങ് ഏറ്റെടുത്തുവല്ലോ.
അനുതപിക്കുന്ന കള്ളനെപ്പോലെ, അങ്ങയോട് യാചിക്കാന്‍ ഇന്ന് എനിക്കും ധൈര്യമുണ്ട്.

‘എന്നെഓര്‍ക്കേണമേ!’ ഞാന്‍ ഇതാ നിന്റെ മുമ്പില്‍, ഈ ജയിലിന്റെ ഇരുട്ടില്‍,
ദരിദ്രനായും നഗ്നനായും വിശക്കുന്നവനായും നിന്ദിതനായും നില്‍ക്കുന്നു.
എന്റെ മുറിവുകളില്‍ പാപമോചനത്തിന്റെയും ആശ്വാസത്തിന്റെയും എണ്ണയും ഹൃദയത്തെ ശക്തിപ്പെടുത്തുന്ന സാഹോദര്യത്തിന്റെ വീഞ്ഞും ചൊരിയാന്‍ കര്‍ത്താവേ ഞാന്‍ യാചിക്കുന്നു. നിന്റെ കൃപയാല്‍ എന്നെ സുഖപ്പെടുത്തുകയും നിരാശയുടെ നിമിഷങ്ങളില്‍ പ്രത്യാശിക്കാന്‍ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ.

എന്റെ കര്‍ത്താവേ! എന്റെ ദൈവമേ! എന്റെ അവിശ്വാസത്തെ തുടച്ചുനീക്കുവാന്‍ എന്നെ സഹായിക്കണമേ. കരുണയുള്ള പിതാവേ, അങ്ങ് എന്നില്‍ വിശ്വാസമര്‍പ്പിക്കാന്‍ തക്കവണ്ണം എന്നെ രൂപാന്തരപ്പെടുത്തണമേ. എനിക്ക് ഒരു പുതിയ അവസരം നല്‍കാന്‍ നിന്റെ അനന്തമായ സ്‌നേഹത്തില്‍ എന്നെ ആലിംഗനം ചെയ്യണമേ. അങ്ങയുടെ സഹായത്താലും പരിശുദ്ധാത്മാവിന്റെ ദാനത്താലും
എന്റെ സഹോദരന്മാരില്‍ അങ്ങയെ തിരിച്ചറിയുവാനും സേവിക്കാനുമുള്ള കൃപയും തന്നരുളേണമേ. ആമേന്‍.

ഒന്നാം സ്ഥലം: യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു
(ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരന്റെ ധ്യാനം)
വി.ലൂക്കാ 23:20-25

കോടതികളിലും പത്രങ്ങളിലും പലതവണ ആ നിലവിളി പ്രതിധ്വനിക്കുന്നു: ‘അവനെ ക്രൂശിക്കുക, ക്രൂശിക്കുക!’ ഞാനും കേട്ട ഒരു നിലവിളിയാണിത്. എന്നെക്കുറിച്ച് തന്നെ: എനിക്ക് എന്റെ പിതാവിനൊപ്പം ശിക്ഷ വിധിച്ചു ജീവപര്യന്തം തടവ്.

ഒരു കുട്ടിയായിരുന്നപ്പോള്‍ തന്നെ എന്റെ ജീവിതത്തിന്റെ കുരിശിലേറ്റല്‍ ആരംഭിച്ചതാണ്. ഓര്‍മകളില്‍ പാര്‍ശ്വവല്‍ക്കരണത്തിന്റെയും, തിരസ്‌ക്കരണത്തിന്റെയും കയ്‌പേറിയ അനുഭവം പേറിയതാണ് എന്റെ ബാല്യകാലം. സ്‌കൂളിലും, സ്‌കൂള്‍വാനിലുമെല്ലാം ഇത്തരം ഒതുക്കിനിര്‍ത്തപ്പെട്ടതിന്റെ വേദന ഇന്നും മായാതെ എന്റെ മനസ്സില്‍ നില്‍ക്കുന്നു. വിദ്യാഭ്യാസം നേടുന്നതിന് പകരം, ചെറുപ്പത്തില്‍ തന്നെ ജോലിയുടെ ഭാരം എന്റെ തോളില്‍ പേറേണ്ടി വന്നു. അജ്ഞതയുടെ ഇരുട്ടിലാണ് ഞാന്‍ ജീവിച്ചത്. എഴുപതുകളില്‍ ഇറ്റലിയിലെ കലാബ്രിയ എന്ന ഗ്രാമത്തില്‍ ജനിച്ച ആ കുഞ്ഞിന്റെ ബാല്യതയുടെ നല്‍ക്കതിരുകള്‍, ഭീഷണികള്‍ക്ക് നടുവില്‍ മുരടിച്ചുപോയ അവസ്ഥ. ക്രിസ്തുവിനോടെന്നതിനേക്കാള്‍ ബറാബ്ബാസിനോടാണ് എന്റെ ജീവിതം താരതമ്യപ്പെട്ടിരിക്കുക. എങ്കിലും എന്റെ മസാക്ഷിയുടെ നേര്‍ക്കുള്ള വിധിയുടെ ചൂണ്ടുപലക എന്നെ ഭയപ്പെടുത്തുന്നു. രാത്രികളില്‍ നൈരാശ്യത്തോടെ എന്റെ ഭൂതകാലത്തിന് വെളിച്ചം നല്‍കാന്‍ തക്കവണ്ണം ഒരുപ്രകാശത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു.

ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ക്രിസ്തുവിന്റെ പീഡാസഹനം വായിച്ചു ഞാന്‍ കരയുമായിരുന്നു. ഇരുപത്തി ഒന്‍പത് വര്‍ഷങ്ങള്‍ ജയിലിനുള്ളില്‍ കഴിഞ്ഞിട്ടും, കണ്ണീര്‍ ഇന്നും എന്റെ കണ്ണില്‍ ബാക്കിയുണ്ട്. എന്റെ ഭൂതകാലത്തിന്റെ ദുഷ്ടതകളെ ഓര്‍ത്തു പശ്ചാത്തപിച്ചു ഞാന്‍ ഇന്ന് കരയുന്നു. ബറാബ്ബാസും, പത്രോസും, യൂദാസുമെല്ലാം എന്നില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂതകാലം എന്റെ കഥയാണെങ്കിലും എനിക്ക് വെറുപ്പ് തോന്നുന്നു.

41 ബിസ് നിയന്ത്രിതമായ ഭരണത്തിന്റെ കീഴിലാണ് ഞാനും എന്റെ പിതാവും വര്‍ഷങ്ങള്‍ ജയില്‍ വാസം അനുഭവിച്ചതും അദ്ദേഹം മരണപ്പെടുന്നതും. നിരവധി രാത്രികളില്‍ എന്റെ അപ്പന്റെ ജയിലറക്കുള്ളില്‍ നിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നു. അദ്ദേഹം രഹസ്യമായി കരഞ്ഞത് പോലും എനിക്ക് മനസിലാകുമായിരുന്നു. ഇരുട്ടിന്റെ തടവറയില്‍ കഴിഞ്ഞ നീണ്ട വര്‍ഷങ്ങള്‍… എന്നാല്‍ ആ അജീര്‍ണ്ണമായ അവസ്ഥയില്‍ പോലും ജീവന്റെ തുടിപ്പുകള്‍ എന്റെ ഉള്ളില്‍ കേള്‍ക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. ഈ ജയിലാണ് എനിക്ക് ‘രക്ഷ’ കാട്ടി തന്നത്. ഇപ്പോഴും ചിലര്‍ക്ക് ഞാന്‍ ബറാബ്ബാസായി തന്നെ തോന്നിയേക്കാം. പക്ഷെ എനിക്ക് അവരോട് ദേഷ്യമില്ല. എന്നാല്‍ അന്യായമായി വിധിക്കപ്പെട്ട ഈശോ എന്നെ ‘ജീവിതം എന്തെന്ന് പഠിപ്പിക്കാന്‍’ എന്റെ ജയിലറക്കുള്ളില്‍ വന്നതായി ഞാന്‍ വിശ്വസിക്കുന്നു.

കര്‍ത്താവായ ഈശോയെ, ഞങ്ങളെ വ്യതിചലിപ്പിക്കുന്ന ആക്രോശങ്ങള്‍ക്കിടയിലും, നീ ക്രൂശിക്കപ്പെടണമെന്ന് ഉറക്കെ വിളിച്ചുപറയുന്ന ജനങ്ങള്‍ക്കിടയിലും നിന്നെ ഞാന്‍ കാണുന്നു. ഞങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മനസിലാക്കാതെ നിന്നെക്രൂശിക്കുന്നവരുടെ ഇടയില്‍ പലപ്പോഴും ഞങ്ങളും ഉണ്ടല്ലോ. ഞങ്ങളുടെ ജയിലറകള്‍ക്കുള്ളില്‍ ആയിരുന്നതുകൊണ്ട്, നിന്നെപ്പോലെ മരണത്തിന് വിധിക്കപ്പെട്ടവര്‍ക്കായും, വിധിക്കായി കാത്തിരിക്കുന്നവര്‍ക്കായും പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, ജീവസ്‌നേഹമേ, മനസാന്തരഫലമായി ഞങ്ങള്‍ക്കെന്നും നിന്റെ അളവില്ലാത്ത കരുണ പ്രദാനം ചെയ്യുന്നവനെ, ഓരോവ്യക്തിയിലും നിന്റെ ആത്മാവിന്റെ ആലയം ദര്‍ശിക്കുന്നതിനും, അവരെ മാന്യതയോടെ ബഹുമാനിക്കുന്നതിനുമുള്ള വിവേകം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. നിത്യം വാഴുന്ന സര്‍വ്വേശ്വരാ; ആമേന്‍.

രണ്ടാം സ്ഥലം: ഈശോ കുരിശു ചുമക്കുന്നു
(മകള്‍ കൊല ചെയ്യപ്പെട്ട മാതാപിതാക്കള്‍ നല്‍കുന്ന ധ്യാനചിന്തകള്‍)
മാര്‍ക്കോസ് 15:16-20

ഭീകരമായ ആ വേനല്‍ക്കാലത്ത്, മാതാപിതാക്കള്‍ എന്ന നിലയിലുള്ള ഞങ്ങളുടെ ജീവിതം ഞങ്ങളുടെ രണ്ട് പെണ്‍മക്കളോടൊപ്പമായിരുന്നു. കരുണയില്ലാത്ത മനുഷ്യന്റെ അന്ധമായ അക്രമത്തില്‍, ഞങ്ങളുടെ രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ തന്റെ സുഹൃത്തിനൊപ്പം കൊല്ലപ്പെട്ടു. മറ്റൊരാള്‍, അത്ഭുതത്താല്‍ അതിജീവിച്ചു, പക്ഷെ എന്നെന്നേക്കുമായി അവളുടെ പുഞ്ചിരി ഞങ്ങള്‍ക്ക് നഷ്ടമായി. ത്യാഗം വളരെയേറെ സഹിച്ചാണ് ഞങ്ങള്‍ ഞങ്ങളുടെ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. മറ്റുള്ളവരെ ബഹുമാനിക്കാനും, സഹായിക്കാനും ഞങ്ങള്‍ അവരെ പഠിപ്പിച്ചു. എങ്കിലും ചിലപ്പോഴൊക്കെ ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിക്കും, ‘എന്തിനാണ് ഞങ്ങള്‍ക്ക് തന്നെ ഇത് സംഭവിച്ചത്?’ പിന്നീടൊരിക്കലും സമാധാനമെന്തെന്ന് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങള്‍ വിശ്വസിച്ച നീതി പോലും ഞങ്ങള്‍ക്ക് മുന്‍പില്‍ മറ സൃഷ്ടിച്ചപ്പോള്‍ വേദനയുടെ പടുകുഴിയില്‍ ഞങ്ങള്‍ ഒറ്റക്കായിപ്പോയി.

തോളിലേറ്റിയ ഈ കുരിശിന്റെ ഭാരം, ഇന്നും ഈ വാര്‍ധക്യത്തിലും ഓര്‍മയില്‍ നിന്നും, ജീവിതത്തില്‍ നിന്നും മായാതെ കൂടെ നില്‍ക്കുന്നു. ഒരു മകളുടെ മരണത്തിന്റെ വേദന, പ്രതികരിക്കാന്‍ ശേഷി നഷ്ട്ടപ്പെട്ട ജീവിതത്തിന്റെ നൊമ്പരമായി തുടരുമ്പോള്‍, നൈരാശ്യത്തിന്റെ കരിനിഴലില്‍ പല വഴികളിലൂടെ, ദൈവത്തിന്റെ ഇടപെടല്‍ അനുഭവിക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തുണയായി ഇണചേര്‍ന്ന ഭാര്യാഭര്‍തൃ ബന്ധം. അവന്‍ പലപ്പോഴും അവശര്‍ക്കായി വീടിന്റെ വാതിലുകള്‍ തുറക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. തിന്മകള്‍ക്കുമപ്പുറം നന്മകളുടെ തീക്കനല്‍ ഈ ലോകത്തില്‍ തെളിയിക്കാന്‍ ഈ ഉപവി ജീവിതം ഞങ്ങളെ സഹായിച്ചു. അവന്റെ നീതിപൂര്‍വമായ കരുണ ഞങ്ങളുടെ വേദനകളില്‍ ഞങ്ങള്‍ക്ക് ആശ്വാസമായി മാറി.

കര്‍ത്താവായ യേശുവേ, മനുഷ്യത്വരഹിതമായി നിന്നെ അടിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ഈ വേദനയുടെ രാത്രിയില്‍, ലോകത്തില്‍ അക്രമങ്ങള്‍ക്കും അകൃത്യങ്ങള്‍ക്കും വിധേയരാകുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളെയും നിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
കര്‍ത്താവെ, ഞങ്ങളുടെ നീതിയും രക്ഷയുമേ… ക്രൂശിതന്റെ വിരിമാറില്‍ സ്വന്തം പുത്രനെ കൈയാളിച്ച നല്ല തമ്പുരാനെ, ഇരുളടഞ്ഞ ഞങ്ങളുടെ ജീവിത പാതയിലും നിന്റെ പ്രത്യാശയുടെ കിരണം വിശേണമേ. എല്ലാ കഷ്ടതകളിലും ഞങ്ങളെ ആശ്വസിപ്പിക്കുകയും, പരീക്ഷണങ്ങളില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണമേ. ആമേന്‍.

മൂന്നാം സ്ഥലം: ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു
(തടവിലാക്കപ്പെട്ട ഒരു വ്യക്തിയുടെ ധ്യാനം)
ഏശയ്യാ 53:46

ജീവിതത്തില്‍ ഞാന്‍ ആദ്യമായി വീണു, പക്ഷേ ആ വീഴ്ച എനിക്ക് മരണതുല്യമായിരുന്നു: ഞാന്‍ ഒരു വ്യക്തിയുടെ ജീവനെടുത്തു. ജീവിത്തിന്റെ സൗന്ദര്യം പ്രദാനം ചെയ്യുന്ന കല്പനകള്‍ എന്റെ ഈ പ്രവൃത്തി വഴിയായി നിഷേധിക്കപ്പെട്ടു. ക്രിസ്തുവിനോട് അപേക്ഷിക്കുന്ന കള്ളന്റെ ആധുനിക പതിപ്പ് എന്നില്‍ എനിക്ക് തന്നെ അനുഭവപ്പെടുന്നു: ‘എന്നെ ഓര്‍ക്കേണമേ!’. അനുതപിക്കുന്നതിനേക്കാള്‍, ഞാന്‍ അത് സങ്കല്‍പ്പിക്കുന്നു; തെറ്റായ പാതയിലാണെന്ന് അറിയാവുന്ന ഒരാളായി. എന്റെ കുട്ടിക്കാലം തണുപ്പുള്ളതും ശത്രുതാപരമായതുമായ അന്തരീക്ഷമാണ് എനിക്ക് സമ്മാനിച്ചത്. മറ്റുള്ളവരുടെ ബലഹീനതകള്‍ പോലും ചൂഷണത്തിനും കളിയാക്കലുകള്‍ക്കും വിധേയമാക്കിയിരുന്ന കാലം. എന്നെ മനസിലാക്കുന്ന ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ഞാന്‍ തേടി നടന്നു. മറ്റുള്ളവരുടെ സന്തോഷം പോലും എനിക്ക് അലോസരമായിരുന്നു. കാരണം, പഴിവാങ്ങാനും സഹിക്കാനും മാത്രമുള്ളതായി എന്റെ ജീവിതം മാറ്റപ്പെട്ടു. ഞാന്‍ എന്നെ തന്നെ വെറുത്തു തുടങ്ങി.

എന്നാല്‍, ഈ ഒരു തിന്മ എന്നോടൊപ്പം വളരുന്നുണ്ടെന്ന ബോധ്യം എനിക്ക് നഷ്ടമായി. ഒരു ദിവസം വൈകിട്ട്, അന്ധതയുടെ ആ നിമിഷം എന്റെ ജീവിതത്തിലും കടന്നു വന്നു. എന്റെ ജീവിതം എനിക്ക് സമ്മാനിച്ച അനീതിയുടെ കണക്കുകള്‍ ആ വലിയ തിന്മയിലൂടെ ഞാന്‍ ചെയ്തുപോയി. ദേഷ്യവും വെറുപ്പും എന്നിലെ മനുഷ്യത്വത്തിന്റെ മുഖം വികൃതമാക്കി. പിന്നീട് ജയിലിലെ അവഹേളനങ്ങള്‍, എന്റെ കുടുംബം പോലും എനിക്ക് അന്യമായി. കാരണം, ഞാന്‍ വഴി അവര്‍ക്ക് എല്ലാം നഷ്ടമായി. കൊലയാളിയുടെ കുടുംബമെന്ന ദുഷ്‌പേര് ഞാന്‍ കാരണം എന്റെ കുടുംബം കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ ഒഴിവുകഴിവുള്‍ക്കായി തിരക്കാറില്ല… ജയിലിലെ എന്റെ അവസാന ദിവസം വരെ ഞാന്‍ കാത്തിരിക്കും. കാരണം, അവിടെ എനിക്ക് എന്റെ ജീവിതത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരികെ നേടാന്‍ എന്നെ സഹായിക്കാന്‍ കഴിവുള്ള ആളുകളെ ഞാന്‍ കണ്ടുമുട്ടി.

ലോകത്ത് നിലനില്‍ക്കുന്ന നന്മ തിരിച്ചറിയാതെ പോയതാണ് എന്റെ ആദ്യ വീഴ്ച. രണ്ടാമത്തേത്, കൊലപാതകം ഏതാണ്ട് ഒരു പരിണതഫലമായിരുന്നു: ഞാന്‍ ഇതിനകം ഉള്ളില്‍ മരിച്ചുപോയിരുന്നു. കര്‍ത്താവായ ഈശോയെ നിന്റെ ജീവിതവും, ഈ ഭൂമിയില്‍ കുരിശില്‍ അവസാനിച്ചുവല്ലോ. ഞങ്ങളുടെ വീഴ്ചകള്‍ വഴിയായി വന്നുപോയ പരിഭ്രാന്തി ഞങ്ങളെ അലട്ടുന്നു. തങ്ങളുടെ ചിന്താധാരണികളില്‍ ഒതുങ്ങിക്കഴിഞ്ഞുകൊണ്ട് ചെയ്തുപോയ പാതകങ്ങള്‍ മനസിലാക്കാതെ പോകുന്ന എല്ലാവരെയും അങ്ങേ സന്നിധിയിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, മനുഷ്യരാശിയെ വീഴ്ചകളില്‍ നിന്നും വീണ്ടെടുക്കുന്നവനെ ഞങ്ങളുടെ കുറവുകളില്‍ ഞങ്ങളെ സഹായിക്കുകയും, ഓരോ ദിവസവും അങ്ങേ സ്‌നേഹത്തിന്റെ അടയാളങ്ങളെ ധ്യാനിക്കാനുമുള്ള കൃപ തരണമേ. ആമേന്‍.

നാലാം സ്ഥലം: ഈശോ തന്റെ മാതാവിനെ കാണുന്നു
(തടവറയില്‍ കഴിയുന്ന ഒരാളുടെ ‘അമ്മ നല്‍കുന്ന ധ്യാന ചിന്തകള്‍)
യോഹന്നാന്‍ 19:2527

എന്റെ മകന്റെ ശിക്ഷാവിധിയില്‍ അവനെ ഉപേക്ഷിക്കാനുള്ള പ്രലോഭനം ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. അറസ്റ്റുചെയ്ത ദിവസം, ഞങ്ങളുടെ ജീവിതം മുഴുവന്‍ മാറി: കുടുംബം മുഴുവന്‍ അവനോടൊപ്പം ജയിലില്‍ പ്രവേശിച്ചു. മൂര്‍ച്ചയുള്ള കത്തിപോലെ ജനങ്ങളുടെ വിധിയെഴുത്ത് ഇന്നും ഞങ്ങള്‍ക്ക് നേരെ നില്‍ക്കുന്നു. അവരുടെ ചൂണ്ടു വിരലുകള്‍ ഹൃദയത്തില്‍ പേറുന്ന വേദനയുടെ ഭാരം കൂട്ടുകയാണ്. ശ്വാസം പോലും നിന്ന് പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. ദിവസങ്ങള്‍ കഴിയുന്തോറും മുറിവുകള്‍ ഏറി വരികയാണ്.

മാതാവിന്റെ സാമീപ്യമാണ് നിരാശക്കടിമപ്പെടാതെ, തിന്മകള്‍ക്ക് വശംവദയാകാതെ എന്റെ മകനെ അവള്‍ക്ക് സമര്‍പ്പിക്കാന്‍ എനിക്ക് ധൈര്യം നല്‍കിയത്. പരിശുദ്ധമറിയത്തിന് മാത്രമാണ് എന്റെ ‘ഭയം’ കാണാന്‍ കഴിയുക. കാരണം ഈ ഭയം കാല്‍വരി യാത്രക്കിടയില്‍ അവളും അനുഭവിച്ചതാണ്. മനുഷ്യന്റെ തിന്മയുടെ കരാള ഹസ്തങ്ങളില്‍ തന്റെ മകന്‍ ഞെരിഞ്ഞമരുമെന്ന് അറിയാമായിരുന്നിട്ടും അവള്‍ അവനെ ഉപേക്ഷിച്ചില്ല. അവന്റെ വേദന പങ്കിടുവാനും, സാന്നിധ്യം കൊണ്ട് തന്റെ കുഞ്ഞിന് ധൈര്യം കൊടുക്കാനും, സ്‌നേഹത്തിന്റെ കണ്‍ചിമിളകള്‍ക്കുള്ളില്‍ കുഞ്ഞിനെ നോക്കികൊണ്ട് മാതാവ് നിന്നപോലെ ഞാനും എന്റെ മകന്റെ കൂടെ നില്ക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ എന്റെ മകന്റെ കുറ്റം ഏറ്റെടുത്ത്, ഉത്തരവാദിത്വത്തോടെ ക്ഷമ ചോദിക്കുന്നു. ഒരു ‘അമ്മ’ എന്ന നിലയില്‍ മാത്രം നിങ്ങളുടെ കരുണ ഞാന്‍ തേടുന്നു. സ്‌നേഹിക്കുന്ന ഒരു മനുഷ്യനായി എന്റെ കുഞ്ഞു തിരികെ ഒരു ദിവസം വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

പ്രാര്‍ത്ഥന;
കര്‍ത്താവായ യേശുവേ, കുരിശിന്റെ വഴിയില്‍ അമ്മയുമായുള്ള നിന്റെ കൂടിക്കാഴ്ച ഒരുപക്ഷേ ഏറ്റവും ചലനാത്മകവും വേദനാജനകവുമാണ്. നിന്റെയും അമ്മയുടെയും നോട്ടത്തിനിടയില്‍, പ്രിയപ്പെട്ടവരുടെ വിധിയില്‍ ഹൃദയവേദനയും നിസ്സഹായതയും അനുഭവിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമേന്‍.

അഞ്ചാം സ്ഥലം: കൗറീന്‍കാരന്‍ ഈശോയെ സഹായിക്കുന്നു
(തടവറയിലുള്ള ഒരാള്‍ നല്‍കുന്ന ധ്യാനചിന്തകള്‍)
ലൂക്കാ 23:26

എന്റെ ജോലിയിലൂടെ പല തലമുറകളെ നട്ടെല്ലുയര്‍ത്തി നേരെ നടക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ എന്നെ തന്നെ നിലത്തു കണ്ടെത്തി. ചെയ്തതെല്ലാം പ്രഹരിക്കപ്പെട്ട അവസ്ഥ. എന്റെ ജോലി എന്റെ അപകീര്‍ത്തികരമായ ശിക്ഷക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കി. അങ്ങനെ ഞാന്‍ ജയിലിലായി. എനിക്ക് എന്റെ പേര് നഷ്ടപ്പെടുകയും, വഴിതെറ്റിയവനായി മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്റെ ജീവന്റെ യജമാനത്വം പോലും എനിക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. എല്ലാവരും വിധിക്കുന്ന കണ്ണുകളോടെ എന്നെ കാണാന്‍ തുടങ്ങി. ജീവിതയാത്രയിലെ രണ്ട് മുഖങ്ങള്‍ എനിക്ക് ഓര്‍മ്മ വരുന്നു: മുഷിഞ്ഞ നനവ് പറ്റിയ പഴയ വസ്ത്രങ്ങളും, കീറിയ ഷൂസുമൊക്കെ ഇട്ട് നില്‍ക്കുന്ന ഒരു കുട്ടി. അത് ഞാന്‍ തന്നെയാണ്, പഴയകാല ഓര്‍മകള്‍. പിന്നീട് ഒരു ദിവസം അറസ്റ്റ്, യൂണിഫോമിലുള്ള മൂന്ന് ആളുകള്‍ കഠിനമായ പ്രോട്ടോകോള്‍ കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ എന്നെ വിഴുങ്ങാന്‍ പാകത്തിനുള്ള ജയിലറകള്‍.

എന്റെ തോളിലുള്ള കുരിശിന്റെ ഭാരം വളരെ വലുതാണ്. കാലം കഴിയുന്തോറും അത് വഹിക്കാന്‍ ഞാന്‍ പഠിച്ചു, പേരിട്ടു പോലും എന്റെ കുരിശിനോട് ഞാന്‍ രാത്രികളില്‍ സംസാരിച്ചിരുന്നു. ഈ ജയിലുകള്‍ക്കുള്ളില്‍ കൗറീന്‍കാരനായ ശിമയോനെ എല്ലാവര്‍ക്കുമറിയാം. വോളന്റിയേഴ്‌സ് ആയി വരുന്നവര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പേരാണിത്. ഞങ്ങളുടെ കുരിശു താങ്ങാന്‍ അവര്‍ ഞങ്ങളെ സഹായിച്ചിരുന്നു. പ്രത്യേകമായും മനസാക്ഷിയുടെ കുരിശുഭാരം പങ്കുവെയ്ക്കാന്‍ അവര്‍ ഞങ്ങളോടൊപ്പം തങ്ങിയിരുന്നു. എന്നോടൊപ്പം ജയില്‍ മുറിയില്‍ ഉണ്ടായിരുന്ന ഒരാളാണ് മറ്റൊരു ശിമയോന്‍. ആദ്യരാത്രിയില്‍ തന്നെ ഞങ്ങള്‍ പരിചയപ്പെട്ടു. ആരോടും പ്രത്യേക വാത്സല്യങ്ങളില്ലാതെ, ഒരേ ബെഞ്ചില്‍ നിരവധി വര്‍ഷങ്ങള്‍ ചിലവഴിച്ച ഒരു വ്യക്തി. ഏക സമ്പാദ്യമെന്നു പറയാന്‍ തനിക്ക് പ്രിയപ്പെട്ട മധുരം ചേര്‍ത്ത കേക്ക് കഷണങ്ങള്‍ മാത്രം. എന്റെ ഭാര്യ എന്നെ കാണാന്‍ വന്നപ്പോള്‍ തന്റെ കൈയില്‍ നിന്നും കേക്ക് കഷണത്തിലൊന്ന് അവള്‍ക്ക് വച്ച് നീട്ടിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നതും ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് പ്രായമായി വരികയാണ്. എന്നാല്‍ ഒരു ദിവസം മറ്റുള്ളവര്‍ക്ക് വിശ്വസ്തനായി തിരികെ പോയി മറ്റൊരു കൗറീന്‍കാരനായി ജീവിക്കാനാണ് ഇപ്പോള്‍ ആഗ്രഹം .

ഈശോയെ, നിന്റെ ജനനം മുതല്‍ കുരിശുയാത്രയില്‍ നിന്നെ സഹായിച്ച അപരിചിതന്‍ വരെയുള്ള നിമിഷങ്ങളില്‍ ഞങ്ങളുടെ സഹായം നീ ആഗ്രഹിച്ചുവല്ലോ. ഞങ്ങളും കൗറീന്‍കാരനെ പോലെ മറ്റുള്ളവര്‍ക്ക് അയല്‍ക്കാരനാകുവാനും, പിതാവിന്റെ കരുണയില്‍ മറ്റുള്ളവരുടെ നുകം വഹിക്കാനും ആഗ്രഹിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്ഷകനും ആശ്വാസദായകനുമേ, നിന്റെ സ്‌നേഹത്തിന്റെ മധുരമുള്ള നുകം വഹിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ആമേന്‍.

ആറാം സ്ഥലം: വെറോണിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു
(ഒരു മതാധ്യാപികയുടെ ധ്യാനചിന്തകള്‍)
സങ്കീ. 27:8- 9

ഒരു മതാധ്യാപികയെന്ന നിലയില്‍ ധാരാളം ആളുകളുടെ കണ്ണീരൊപ്പാന്‍ സാധിക്കുന്നു. പലപ്പോഴും ഹൃദയങ്ങളില്‍നിന്നുള്ള ഈ കണ്ണുനീര്‍ ഒഴുകാന്‍ ഞാന്‍ അനുവദിക്കാറുണ്ട്. നിരവധി തവണ ജയിലിന്റെ ഇരുട്ടറക്കുള്ളില്‍ നിരാശയുടെ പിടിയില്‍ കഴിയുന്ന ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കലും അവസാനിക്കാത്ത കുറ്റബോധത്തിന്റെ ശരശയ്യയില്‍ കഴിയുന്ന സഹോദരങ്ങള്‍. ഈ കണ്ണീരില്‍ പലപ്പോഴും തോല്‍വിയുടെ, ഏകാന്തന്തയുടെ, പശ്ചാത്താപത്തിന്റെയൊക്കെ ഉപ്പുരസം കലര്‍ന്നിട്ടുണ്ട്. പലപ്പോഴും ജയിലുകള്‍ക്കുള്ളിലെ ആളുകളുടെ കണ്ണീര്‍, എനിക്ക് പകരം ഈശോ എങ്ങനെയാ ഒപ്പുകയെന്ന് ചിന്തിച്ചിട്ടുണ്ട്.

തിന്മയ്ക്ക് വശംവദരായ ഈ മനുഷ്യരുടെ വേദന എങ്ങനെ അവന്‍ ശമിപ്പിക്കും? മനുഷ്യന്റെ യുക്തിക്കുമപ്പുറമാണ് ഇതിനുള്ള പോംവഴികള്‍. ഭയം കൂടാതെ അവന്റെ പാടുകള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ അവനെന്നെ പ്രേരിപ്പിക്കുന്നു. നീ അടുത്തിരിക്കുക, അവരുടെ നിശബ്ദതയില്‍, അവരുടെ വേദനകള്‍ക്ക് കാതോര്‍ത്തുകൊണ്ട്, മുന്‍വിധികളില്ലാതെ അവരെ നോക്കികൊണ്ട്. നമ്മുടെ ബലഹീനതകള്‍ക്കും കുറവുകള്‍ക്കും അപ്പുറം, ക്രിസ്തുവിന്റെ സ്‌നേഹമുള്ള കണ്ണുകള്‍ നമ്മെ തിരയുന്നതുപോലെ. ഓരോ മനുഷ്യനും, ജയിലിന്റെ ഉള്ളറകളില്‍ ഏകനായി ഇരിക്കുമ്പോഴും, കൃപയുടെ നിറവില്‍നിന്നും പുതിയ മനുഷ്യനാകാനുള്ള വിളി ഈശോ നല്‍കുന്നുണ്ട്… വിധിക്കാതെ ജീവന്റെയും പ്രത്യാശയുടെയും വഴി കാണിച്ചുകൊണ്ട്. ഇപ്രകാരം താഴെ വീണ കണ്ണുനീര്‍ സൗന്ദര്യത്തിന്റെ പുതു നാമ്പുകള്‍ അണിയണം.

ഈശോ നാഥാ, വെറോണിക്കക്ക് നിന്നെ കണ്ടു മനസലിഞ്ഞുവല്ലോ… സഹിക്കുന്നവന്റെ മുഖം തിരിച്ചറിയാന്‍ അവള്‍ക്ക് കഴിഞ്ഞുവല്ലോ… മറ്റുള്ളവരുടെ കണ്ണുനീര്‍ തുടയ്ക്കുന്നവരെ എല്ലാവരേയും നിന്റെ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
യഥാര്‍ത്ഥ പ്രകാശവും ഉറവിടവുമായവനെ, ഞങ്ങളുടെ ബലഹീനതകളില്‍ നിന്റെ സ്‌നേഹത്തിന്റെ അനശ്വരത നീ വെളിപ്പെടുത്തണമേ, നിന്റെ മുഖത്തിന്റെ മായാത്ത മുദ്ര ഞങ്ങയുടെ ഹൃദയങ്ങളില്‍ പതിപ്പിക്കണമെ, അതുവഴി മറ്റുള്ളവരുടെ വേദനകളില്‍ നിന്നെ ഞങ്ങള്‍ തിരിച്ചറിയട്ടെ. ആമേന്‍.

ഏഴാം സ്ഥലം: ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു
(തടവറയില്‍ കഴിയുന്ന ഒരാളുടെ ധ്യാന ചിന്തകള്‍)
ലൂക്കാ 23:34

ചെറുപ്പത്തില്‍ ഞാന്‍ ജയിലിനു മുന്‍പിലൂടെ നടന്നു പോകുമ്പോള്‍, പുച്ഛത്തോടെ മുഖം തിരിച്ചിട്ട് എന്നോട് തന്നെ പറയുമായിരുന്നു ‘ഒരിക്കലും ഇതിനുള്ളിലേക്ക് ഞാന്‍ വരില്ല എന്ന്’. ജയിലിനുള്ളില്‍ കഴിയുന്നവരുടെ മുഖം പോലും എന്നില്‍ ഇരുട്ടിന്റെയും ദുഖത്തിന്റെയും അന്തരീക്ഷമാണ് തന്നിരുന്നത്. സെമിത്തേരിക്ക് മുന്നിലൂടെ കടന്നുപോകുന്നതുപോലെയുള്ള അനുഭവം. പക്ഷെ, ഒരു നാള്‍ ഞാനും എന്റെ സഹോദരനോടൊപ്പം ഈ ജയിലിനുള്ളിലേക്ക് തള്ളപ്പെട്ടു. പക്ഷെ അവിടെയും അവസാനിച്ചില്ല, എന്റെ മാതാപിതാക്കളെ കൂടിയും ഈ ജയിലിലേക്ക് ഞാന്‍ എത്തിച്ചു. അങ്ങനെ ജയിലിന്റെ നാലു ചുവരുകള്‍ എന്റെ വീടായി മാറിയ ദുരന്താനുഭവം. ഒരു അറക്കുള്ളില്‍ ഞങ്ങള്‍ ആണുങ്ങളും മറ്റൊന്നില്‍ എന്റെ അമ്മയും. അവരെ നോക്കുമ്പോള്‍ എന്റെ ഉള്ളില്‍ കുറ്റബോധത്തിന്റെ ലജ്ജ. ഞാന്‍ കാരണം ഈ വാര്‍ധക്യത്തില്‍ പോലും എന്റെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ദുരന്തം. ഞാന്‍ ഒരു മനുഷ്യനല്ല.

രണ്ടു തവണ ഞാന്‍ ജീവിതത്തില്‍ വീണു പോയി. ആദ്യം ജീവിതത്തില്‍ കൗതുകം മൂത്ത് ലഹരിക്കടിമപ്പെട്ട നാളുകള്‍. പിന്നീടത് ഒരു ബിസിനസായി മാറി. നടുവൊടിഞ്ഞു അപ്പനോടൊപ്പം പണിചെയ്തിരുന്ന എന്റെ ഉള്ളില്‍, എളുപ്പത്തില്‍ പണക്കാരനാകാനുള്ള മോഹം കൊണ്ടെത്തിച്ചത് ലഹരി വില്പനയില്‍, രണ്ടാമത്തെ വീഴ്ച. കുടുംബത്തെ വഴിയാധാരമാക്കിയ ഞാന്‍ എന്നോട് തന്നെ ചോദിച്ചു: ‘എനിക്ക് വേണ്ടി ക്രിസ്തു മരിക്കാന്‍ മാത്രം ഞാന്‍ ആരാണ്?’ ഇതിനവന്‍ നല്‍കിയ മറുപടി കുരിശില്‍ കിടന്നു പിതാവിനോട് പറഞ്ഞ പ്രാര്‍ത്ഥനയാണ്: ‘പിതാവേ അവര്‍ ചെയ്യുന്നത് എന്താണെന്ന് അവരറിയുന്നില്ല അവരോട് പൊറുക്കേണമേ’. എന്റെ അമ്മയുടെ കണ്ണുകളില്‍ ഈശോയുടെ ഈ വചനങ്ങള്‍ ഞാന്‍ കണ്ടു. കുടുംബത്തിലെ എല്ലാവരുടെയും മാനഭംഗം അവളും ഞങ്ങളോടൊപ്പം ഏറ്റെടുത്തു.

ഇന്ന് ഞാന്‍ എന്റെ തെറ്റ് തിരിച്ചറിയുന്നു. അന്ന് ഞാന്‍ ചെയ്തിരുന്നത് എന്റെ അബോധാവസ്ഥയില്‍ ആയിരുന്നു. ഇന്ന് ദൈവത്തിന്റെ സഹായം കൊണ്ട് വീണ്ടും എന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒപ്പം എന്റെ മാതാപിതാക്കളുടെയും. എന്റെ ജീവിതം തെരുവില്‍ അവസാനിക്കാന്‍ പാടില്ല എന്നത് എന്റെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. എന്റെ കുരിശിന്റെ വഴിയും, ഈ തിന്മ നിറഞ്ഞ ജീവിതത്തില്‍ നിന്നുള്ള ഒരു തിരിച്ചു വരവാണ്.

ഈശോയെ, ഇതാ എന്റെ തിന്മകളാല്‍, ഭയത്താല്‍ നീ വീണ്ടും മുഖം കുത്തി നിലത്തു വീഴുന്നുവല്ലോ. സാത്താന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും വിശ്വാസത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ഓ ദൈവമേ, മരണത്തിന്റെ നിഴലിലേക്ക് ഞങ്ങളെ തള്ളിവിടരുതേ. ഞങ്ങളുടെ ബലഹീനതകള്‍ പരിഗണിച്ച്, നിന്റെ ശക്തിയില്‍ ഞങ്ങളെ എല്ലാവിധ തിന്മകളില്‍ നിന്നും രക്ഷിക്കണമേ. അങ്ങനെ നിന്റെ കരുണയുടെ സങ്കീര്‍ത്തനം എന്നെന്നും പാടാന്‍ ഞങ്ങള്‍ക്കിടയാവട്ടെ. ആമേന്‍.

എട്ടാം സ്ഥലം: ഈശോ ജെറുസലേം സ്ത്രീകളെ കാണുന്നു
(ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ മകളുടെ ധ്യാന ചിന്തകള്‍)
ലൂക്കാ 23:27-30

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ മകളെന്ന നിലയില്‍, നിരവധി തവണ ഞാന്‍ കേട്ടിട്ടുള്ള ഒരു ചോദ്യമാണ്: ‘നീ ഇപ്പോഴും അപ്പനെ സ്‌നേഹിക്കുന്നുണ്ടോ? അപ്പന്‍ ഉപദ്രവിച്ച കുടുംബത്തിന്റെ വേദന ഓര്‍ക്കാറില്ലേ?’ എന്നൊക്കെ. ഈ നീണ്ട വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അപ്പനെയും, വേദനിക്കുന്ന ആ കുടുംബങ്ങളെയും ഓര്‍ക്കാതിരുന്നിട്ടില്ല. എന്നാല്‍, ഞാനും ഒരു ചോദ്യം ചോദിക്കട്ടെ: ‘അപ്പന്റെ ഈ ക്രൂരകൃത്യങ്ങള്‍ക്കെല്ലാം ആദ്യം ബലിയാടായത് ഞാനാണെന്ന് എപ്പോഴെങ്കിലും നിങ്ങളില്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ ഇരുപത്തിയെട്ട് വര്‍ഷങ്ങളായി അപ്പനില്ലാതെ വളരാന്‍ വിധിക്കപ്പെട്ടതാണ് എന്റെ ഈ ജീവിതം. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ ജീവിച്ചത് ദേഷ്യവും, അസ്വസ്ഥതയും, ദുഃഖവുമെല്ലാം ഉള്ളില്‍ പേറിയാണ്. അപ്പനില്ലാത്ത അവസ്ഥ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ചെറുപ്പത്തില്‍ ഇറ്റലിയുടെ വടക്കുതെക്കു ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അത് ഭംഗി ആസ്വദിക്കാനല്ല, മറിച്ച് ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് എന്റെ അപ്പനോടൊപ്പമുള്ള യാത്രകള്‍. ടെലിമാകോ തന്റെ അപ്പനായ യൂലിസ്സിനെ തേടി ജയിലുകള്‍ തോറും അലഞ്ഞത് പോലെ.

വര്‍ഷങ്ങളായി ജീവപര്യന്ത തടവുകാരനായി വിധിക്കപ്പെട്ട അപ്പന്റെ മകളെന്ന നിലയില്‍, സ്‌നേഹത്തിന്റെ ലോകം എനിക്ക് അന്യമാണ്. കടുത്ത നിരാശയിലേക്ക് എന്റെ അമ്മ വഴുതിവീണു, കുടുംബം പോലും നശിച്ചുപോയ അവസ്ഥ. എനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ എന്റെ കുടുംബത്തെ പോറ്റേണ്ട ഭാരവും ഈ കുഞ്ഞു തോളിലായി. ബാല്യമെന്തെന്നു പോലും ഞാന്‍ അറിഞ്ഞിട്ടില്ല. കുരിശിന്റെ വഴിയിലൂടെയുള്ള നീണ്ട യാത്ര. എന്റെ വിവാഹ സമയത്ത് എന്റെ അപ്പന്‍ അരികിലുണ്ടാകാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല. കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകാന്‍ മാതാപിതാക്കള്‍ ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ, ഇന്ന് എന്റെ അപ്പന്റെ തിരിച്ചു വരവിനായി ഞാനും കാത്തിരിക്കുകയാണ്…
ഈശോയെ, ജെറുസലേം സ്ത്രീകള്‍ക്ക് നീ നല്‍കിയ മുന്നറിയിപ്പ് ഞങ്ങളുടെ ജീവിതത്തിലും സ്വീകരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ. വൈകാരികതയില്‍ നിന്നും ദൈവ വചനത്തില്‍ അടിയുറച്ച വിശ്വാസത്തിലേക്ക് നീ ഞങ്ങളെ വിളിച്ചിരിക്കുന്നുവല്ലോ. നാണക്കേടിന്റെ തീരത്തുകഴിയുന്നവര്‍, ഒറ്റപ്പെടലിന്റെ വേദനയില്‍ ആയിരിക്കുന്നവര്‍, ശൂന്യതയില്‍ ആയിരിക്കുന്നവര്‍ എല്ലാവരെയും നിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. അപ്പന്റെ കുറ്റം മക്കളുടെ തലയില്‍ വീണ് വിഷമിക്കുന്നവരെയും ഞങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, നന്മകളുടെ ഉറവിടമേ, ജീവിത പരീക്ഷണങ്ങളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ. നിന്റെ സ്‌നേഹത്തില്‍ ആശ്രയിക്കാനും, നിന്റെ ആശ്വാസം തേടുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യവും വാഴുന്ന സര്‍വ്വേശ്വരാ, ആമേന്‍.

ഒന്‍പതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
(തടവറയില്‍ കഴിയുന്ന ഒരാളുടെ ധ്യാന ചിന്തകള്‍)
വിലാപങ്ങള്‍ 3:27-32

വീണുപോകുന്നത് സന്തോഷമുള്ള കാര്യമല്ല. എന്നാല്‍ ജീവിതത്തില്‍ പല തവണ വീണുപോകുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലുമുള്ള ശക്തി നമ്മില്‍ ക്ഷയിച്ചുപോകുന്നു. എന്റെ മാനുഷിക ജീവിതത്തില്‍ ഞാന്‍ വീണുപോയി, ഒന്നല്ല പലവട്ടം. ജയിലില്‍ വച്ച്, ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്നതിനു മുന്‍പ് വീഴുന്നത് പോലെ. എന്റെ വീഴ്ചകളെ പറ്റിയും ഞാന്‍ ആലോചിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ വീടിനുള്ളില്‍ ജയിലിന്റെ അനുഭവം, ശിക്ഷയുടെ വേദനകള്‍. മുതിര്‍ന്നവരുടെ സങ്കടം പോലും ഞാന്‍ ലാഘവബുദ്ധിയോടെയേ പരിഗണിച്ചിരുന്നുള്ളൂ. സിസ്റ്റെര്‍ ഗബ്രിയേല; ആ വര്‍ഷങ്ങളില്‍ സന്തോഷത്തിന്റെ അല്പമെങ്കിലും സുഖം തന്നിരുന്നത് സിസ്റ്ററിന്റെ സന്ദര്‍ശനങ്ങളാണ്. പത്രോസിനെ പോലെ എന്റെ തെറ്റുകള്‍ക്ക് എപ്പോഴും ഒഴിവുകഴിവുകള്‍ ഞാന്‍ തേടിയിരുന്നു. എങ്കിലും നന്മയുടെ ഒരു തരി എന്റെ ഉള്ളില്‍ ജ്വലിച്ചിരുന്നു.

ജയിലില്‍ വച്ചാണ് ഞാന്‍ വല്യപ്പനായത്. എന്റെ മകളുടെ പ്രസവ സമയത്ത് പോലും അവിടെ ആയിരിക്കാന്‍ എനിക്ക് സാധിച്ചില്ല .എങ്കിലും ഒരു ദിവസം എന്റെ കൊച്ചുമകളോട്, ഞാന്‍ കണ്ടെത്തിയ നന്മയെ പറ്റി പറഞ്ഞുകൊടുക്കും വീണുകിടന്ന എന്നെ താങ്ങിയെടുത്ത കര്‍ത്താവിന്റെ കരുണയെപ്പറ്റി. ജയിലില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുമ്പോള്‍, നൈരാശ്യതയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുന്നു. വേദനയില്‍ ഈ ലോകത്തില്‍ ഏകനായെന്നുള്ള ചിന്തയാണ് നമ്മെ തകര്‍ത്തു കളയുന്നത്. എന്നാല്‍, പലതായി ചിന്നിക്കപ്പെട്ട ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നുള്ള ആത്മവിശ്വാസം നമുക്ക് ബലം നല്‍കും.

കര്‍ത്താവായ യേശുവേ, നീയും മൂന്ന് തവണ നിലത്തു വീണു, എല്ലാവരും കരുതി ഇത് അവസാനമാണെന്ന്. എന്നാല്‍, നീ വീണ്ടും എഴുന്നേറ്റുവല്ലോ. ഞങ്ങള്‍ ആത്മവിശ്വാസത്തോടെ നിന്റെ പിതാവിന്റെ കൈകളില്‍, തെറ്റുകളുടെ അഗാധതയില്‍ തടവിലാക്കപ്പെട്ടവരെ ഏല്‍പ്പിക്കുന്നു. എഴുന്നേല്‍ക്കാന്‍ അവര്‍ക്ക് ശക്തിയും ധൈര്യവും പ്രദാനം ചെയ്യണമേ.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, പ്രത്യാശിക്കുന്നവരുടെ ശക്തിയേ, നിന്റെ കല്പനകള്‍ പാലിച്ച്, സമാധാനത്തിലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കണമേ. അവിശ്വസ്തതയുടെ വീഴ്ച്ചകളില്‍നിന്നും അവരെ താങ്ങി എഴുന്നേല്‍പ്പിക്കണമേ. അവരുടെ മുറിവുകളിലേക്ക് നിന്റെ ആശ്വാസത്തിന്റെ എണ്ണയും, പ്രത്യാശയുടെ വീഞ്ഞും പകരണമേ. നിത്യം വാഴുന്ന സര്‍വ്വേശ്വരാ, ആമേന്‍.

പത്താം സ്ഥലം: ഈശോയുടെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടുന്നു
(ഒരു ജയില്‍ അധ്യാപികയുടെ ധ്യാന ചിന്തകള്‍)
വി.യോഹന്നാന്‍ 19:23-24

ഒരു അദ്ധ്യാപിക എന്ന നിലയില്‍, ജയിലിനുള്ളില്‍ പ്രവേശിക്കപ്പെടുന്ന ഓരോ വ്യക്തിയെയും ഞാന്‍ കാണുന്നത് അവകാശങ്ങളെല്ലാം ഉരിഞ്ഞുമാറ്റപ്പെട്ട അവസ്ഥയിലാണ്. ചെയ്തുപോയ പാതകങ്ങള്‍ക്ക് വിലയായി അന്തസ്സും, ബഹുമാനവും പോലും വിലക്കപ്പെട്ട ജീവിതത്തിന്റെ മുഖം. ദിവസം ചെല്ലുംതോറും വ്യക്തിയുടെ സ്വയം ഭരണത്തിന് പോലും വികല്പം സൃഷ്ടിക്കപ്പെടുന്നു. എഴുത്ത് എഴുതാന്‍ പോലും എന്റെ സഹായം തേടാറുണ്ട് അവരില്‍ പലരും. ഇവരാണ് എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവര്‍. നിസ്സഹായരായ പുരുഷന്മാര്‍, അവരുടെ ദുര്‍ബലതയില്‍ പ്രകോപിതരാകുന്നു. പലപ്പോഴും ചെയ്ത തിന്മ മനസ്സിലാക്കാന്‍ ആവശ്യമായത് പോലും അവഗണിക്കപ്പെടുന്നു. ചില നേരങ്ങളില്‍ പ്രസവിച്ചു വീഴുന്ന കുഞ്ഞിന്റെ അവസ്ഥയാണ് ചിലര്‍ക്കെങ്കിലും. എന്നാല്‍ മറ്റൊരു ദിശയില്‍ അവര്‍ക്ക് ജീവിതങ്ങളെ കരുപ്പിടിപ്പിക്കാന്‍ സാധിക്കും.

എന്നിരുന്നാലും, എന്റെ ശക്തി അനുദിനം മങ്ങുകയാണ്. കോപം, വേദന, തിന്മയുടെ കുതിച്ചുചാട്ടം എന്നിവയാല്‍ ലോകം മുങ്ങിപോകുന്നതുപോലെ. എന്റെ അമ്മയുടെ അപ്രതീക്ഷിതമായ മരണത്തിന് ശേഷമാണ് ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത്. മയക്കുമരുന്നിനടിമയായ ഒരു യുവാവ് മൂലമുണ്ടായ ഒരപകടം. പക്ഷെ, ഈ ദുരന്തത്തോട് ഹൃദ്യമായ രീതിയില്‍ പ്രതികരിക്കാനാണ് ഞാന്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കിലും, ചിലപ്പോഴെങ്കിലും പച്ചയായ യാഥാര്‍ഥ്യങ്ങള്‍ കാണുമ്പോള്‍ എന്റെ ബലം ചോര്‍ന്നു പോകുന്നു. ഈ സേവനപാതയില്‍ ഒറ്റപ്പെടലിന്റെ മൂകതയില്‍ ഞാന്‍ ആയിരിക്കാന്‍ പാടില്ല. കാരണം, എല്ലാം നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് എന്നില്‍ ഭരമേല്പിച്ചിരിക്കുന്നത്.

ഈശോയെ, നിന്നെ വസ്ത്രവിവശനായി നാണക്കേടിന്റെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍, സത്യത്തിനു മുന്‍പില്‍ തുണിയുരിക്കപ്പെടേണ്ടി വരുന്ന എല്ലാവരെയും ഞങ്ങള്‍ ഓര്‍ക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ പ്രശംസക്കുവേണ്ടി മുഖംമൂടി അണിയുന്നവരാണ് ഞങ്ങള്‍. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍. ഞങ്ങളോട് കരുണ തോന്നണമേ. സത്യവും, നീതിയും, സുതാര്യതയും ജീവിതത്തില്‍ പ്രദാനം ചെയ്യണമേ.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, നിന്റെ സത്യത്തില്‍ ഞങ്ങളെ സ്വതന്ത്രരാക്കേണമേ. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി, നിന്റെ പ്രകാശത്താല്‍ ലോകത്തിനു വെളിച്ചം നല്‍കുന്ന, പുതിയ മനുഷ്യരാക്കി ഞങ്ങളെ മാറ്റണമേ. ആമേന്‍.

പതിനൊന്നാം സ്ഥലം: ഈശോ കുരിശില്‍ തറക്കപ്പെടുന്നു
(കുറ്റവിമുക്തനാക്കപ്പെട്ട ഒരു വൈദികന്‍)
ലൂക്കാ 23:33-43

ഈശോ കുരിശില്‍ തറയ്ക്കപ്പെടുന്നു. എത്രയോ തവണ ഈ വചനം എന്റെ വൈദിക ജീവിതത്തില്‍ ഞാന്‍ ധ്യാനിച്ചിരിക്കുന്നു. പിന്നീടൊരുദിവസം, ഞാന്‍ തന്നെ ഈ കുരിശില്‍ തറയ്ക്കപ്പെട്ടു. അന്നാണ് ആദ്യമായി കുരിശിന്റെ ഭാരം എന്റെ ജീവിതത്തില്‍ ഞാന്‍ മനസിലാക്കിയത്. എനിക്കെതിരായി ഉയര്‍ന്ന ഓരോ വാക്കുകളും, ആണികളാല്‍ മുറിവേല്‍ക്കപ്പെട്ടവന്റെ വേദനയായിരുന്നു. എന്റെ ശരീരത്തിലേറ്റ ഓരോ അടികളുടെയും വേദന ഞാന്‍ മനസിലാക്കി. കോടതിക്ക് വെളിയില്‍ എന്റെ പേര് കുറ്റവാളികളുടെ നിരയില്‍ എഴുതപ്പെട്ടത് കണ്ടപ്പോള്‍, എന്റെ ചങ്ക് തകര്‍ന്നു പോയി. സാധാരണ ഒരു മനുഷ്യന്റെ പരിതാപകരമായ അവസ്ഥ. പക്ഷെ, എന്റെ നിഷ്‌കളങ്കത എനിക്ക് തെളിയിക്കണമായിരുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ ഈ കുരിശില്‍ ഞാന്‍ തൂക്കപ്പെട്ടു. എന്റെ കുരിശിന്റെ വഴി… ആരോപണങ്ങള്‍, അപമാനങ്ങള്‍, തെളിവുകള്‍, കള്ള സാക്ഷ്യങ്ങള്‍ ഇവയുടെയെല്ലാം മദ്ധ്യേ സഞ്ചരിച്ച നീണ്ട കുരിശിന്റെ യാത്ര. ഓരോ തവണയും കോടതി മുറിയില്‍ എന്റെ കേസ് വിസ്താരം നടക്കുമ്പോള്‍, എന്റെ കണ്ണുകള്‍ ആദ്യം തിരയുക കോടതി ഭിത്തിയില്‍ തൂക്കിയിരിക്കുന്ന കുരിശു രൂപമായിരുന്നു.

അപമാനഭാരം തുടക്കത്തില്‍ എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയെങ്കിലും, പിന്നീട് ഞാന്‍ ആയിരുന്ന വൈദിക വൃത്തിയില്‍ തന്നെ തുടരുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ കുരിശിനെ ഒഴിവുകഴിവുകളാല്‍ ഞാന്‍ ഒരിക്കല്‍ പോലും മാറ്റിയിരുന്നില്ല. സാധാരണ വിധിക്കു വേണ്ടി ഞാന്‍ കാത്തിരുന്നു. കാരണം, എന്റെ സെമിനാരി വിദ്യാര്‍ത്ഥികളോടും, അവരുടെ കുടുംബങ്ങളോടും എന്റെ നിഷ്‌കളങ്കത എനിക്ക് വെളിപ്പെടുത്തണമായിരുന്നു. ഇവരെല്ലാവരും എന്റെ കാല്‍വരി യാത്രയില്‍, എന്റെ കൂടെ കൗറീന്‍കാരനെപ്പോലെ സഹായത്തിന് വന്നിരുന്നു, എന്റെ കുരിശിന്റെ ഭാരം താങ്ങുവാന്‍… എന്റെ കണ്ണീര്‍ തുടക്കുവാന്‍… എന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ നിഷ്‌കളങ്കത തെളിയിക്കപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ദൈവത്തിന്റെ കരം എന്റെ ജീവിതത്തില്‍ ഇടപെട്ട അനുഭവം… കുരിശില്‍ തറക്കപ്പെട്ട എന്റെ പൗരോഹിത്യം മഹത്വീകരിക്കപ്പെട്ടതുപോലെ.

ഈശോയെ, ഞങ്ങളോടുള്ള സ്‌നേഹം അങ്ങയെ കുരിശുമരണം വരെ എത്തിച്ചുവല്ലോ… മരണ വേദനയില്‍ പിടയുമ്പോഴും, ഞങ്ങളോട് ക്ഷമിക്കുവാനും ജീവന്‍ നല്‍കുവാനും അങ്ങ് തിരുമനസായല്ലോ. നിഷ്‌കളങ്കരെങ്കിലും, വിധിയുടെ ഇരുട്ടറയില്‍ വേദനിക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളേയും അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ‘ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും’ എന്ന അങ്ങേ വചനം അവര്‍ക്ക് തുണയാവട്ടെ.

പ്രാര്‍ത്ഥിക്കാം;
കരുണയുടെയും ക്ഷമയുടെയും ഉറവിടമായ ദൈവമേ, മനുഷ്യന്റെ വേദനയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നവനെ, നിന്റെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന കൃപയാല്‍ ഞങ്ങളെ പ്രകാശിപ്പിക്കുകയും, അന്ധകാരപൂര്‍ണ്ണമായ ശോധനയുടെ നിമിഷങ്ങളില്‍ വിശ്വാസത്തില്‍ ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യണമേ. ആമേന്‍.

പന്ത്രണ്ടാം സ്ഥലം: ഈശോ കുരിശില്‍ മരിക്കുന്നു
(ഒരു ന്യായാധിപന്റെ ധ്യാന ചിന്തകള്‍)
ലൂക്കാ 23:44-46

ഒരു നിരീക്ഷണ ന്യായാധിപന്‍ എന്ന നിലയില്‍, ആരെയും കുറ്റവാളിയായി ചിത്രീകരിക്കാന്‍ എനിക്കാവില്ല. മനുഷ്യന്‍, അവന്‍ ചെയ്ത തിന്മയെ ദൂരെ കളയേണ്ടത് ആവശ്യം തന്നെയാണ്. ഇത് അവന്‍ ചെയ്ത ദുഷ്പ്രവൃര്‍ത്തിയെ ന്യായീകരിക്കാനോ, അവന്‍ മൂലം വന്ന ധാര്‍മികവും ശാരീരികവുമായ, ദുസ്സഹമായ പ്രവൃര്‍ത്തിയെ മാറ്റി നിര്‍ത്തുവാനോ അല്ല. യഥാര്‍ത്ഥമായ നീതി നടപ്പിലാക്കപ്പെടേണ്ടത് കുരിശില്‍ എന്നന്നേക്കുമായി അവനെ തറച്ചുകൊണ്ടല്ല, മറിച്ച് കരുണാപൂര്‍വ്വമായ നീതിനിര്‍വഹണത്തിലൂടെയാണ്. അവന്റെ വീഴ്ചയില്‍ നിന്നും അവനെ കരകയറ്റുവാന്‍ സഹായിച്ചും, തെറ്റ് ബോധ്യപ്പെടുത്തി അവന്റെ ഹൃദയത്തില്‍ നന്മയുടെ തിരിനാളംതെളിക്കുവാനും നമുക്ക് കഴിയണം. കുറ്റം ചെയ്ത വ്യക്തി അവന്റെ ഉള്ളിലെ മാനുഷികതയെ തിരിച്ചറിയുമ്പോഴാണ്, അവന്‍ മുറിവേല്‍പ്പിച്ച വ്യക്തിയെപ്പോലും തിരിച്ചറിയാന്‍ തക്കവണ്ണം അവന്റെ കണ്ണുകള്‍ തുറക്കുക. എന്നാല്‍ ഈ ഒരു യാത്രയില്‍ നരകതുല്യമായ വിധികള്‍ അവനെ തുടരുമ്പോള്‍, തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും.

കാര്‍ക്കശ്യമായ വിധികള്‍ ഒരുവന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതിന് പകരം, അവനെ മറ്റൊരു നന്മയുടെ വഴിയിലേക്ക് കൂട്ടികൊണ്ടുവരാന്‍ ഉതകുന്നവയാകണം. ഇതിനായി കുറ്റവാളിക്ക് പിന്നിലുള്ള അവന്റെ സാധാരണ മനുഷ്യത്വം നാം കാണണം. അവനിലേക്ക് ജീവിതത്തിന്റെ ഭാവിയില്‍ നല്ല സ്വപ്നങ്ങള്‍ നെയ്യാന്‍ അവനെ പഠിപ്പിക്കണം. അവന്‍ ചെയ്ത തെറ്റിനെ മനസിലാക്കിക്കൊടുത്തുകൊണ്ട്, അവയെ ഉപേക്ഷിക്കാന്‍ സഹായിക്കണം. മാനുഷികമായ പരിഗണന നാം അവര്‍ക്കു കൊടുക്കണം.

ഈശോയെ, കുറ്റവാളിയായി നിന്റെ മേല്‍ ന്യായാധിപന്മാര്‍ പഴിചാര്‍ത്തി നിന്നെ മരണത്തിന് ഏല്പിച്ചുവല്ലോ. പിതാവേ, നിന്റെ സന്നിധിയിലേക്ക് എല്ലാ ന്യായാധിപന്മാരെയും, വക്കീലന്മാരെയും, ഞങ്ങള്‍ ഭരമേല്പിക്കുന്നു. അവരുടെ സേവനം എപ്പോഴും കറയില്ലാത്തതും, നാടിന്റെ നന്മക്കുമായി ഉതകുമാറാകട്ടെ. ആമേന്‍.

പ്രാര്‍ത്ഥിക്കാം;
ദൈവമേ, നീതിയുടെയും സമാധാനത്തിന്റെയും രാജാവേ, നീ സര്‍വജനങ്ങളുടെയും വിലാപം കേള്‍ക്കുന്നവനാണല്ലോ. കുറ്റം വിധിക്കപ്പെടുന്നവരുടെ തെറ്റുകളാല്‍ അവരെ അളക്കാതിരിക്കുവാനും, നിന്റെ ആത്മാവിന്റെ ദിവ്യപ്രകാശം അവരില്‍ ദര്‍ശിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമേന്‍.

പതിമൂന്നാം സ്ഥലം: ഈശോയെ കുരിശില്‍ നിന്നും താഴെ ഇറക്കുന്നു
(ഒരു സന്യാസിയുടെ ധ്യാന ചിന്തകള്‍)
ലൂക്കാ 23:50-53

തടവറയില്‍ കഴിയുന്ന സഹോദരങ്ങള്‍ എനിക്ക് പല പാഠങ്ങളും പഠിപ്പിച്ചു തരാറുണ്ട്. അറുപത് വര്‍ഷങ്ങളായി ഞാന്‍ ലോകത്തിന്റെ ഈ ഇരുണ്ട കോണില്‍ സേവനമനുഷ്ഠിക്കുന്നു. ആദ്യദിവസം, ഇന്നെന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു. എന്റെ ജീവിതത്തിന്റെയും താളം തെറ്റിയിരുന്നെങ്കില്‍, ഒരുപക്ഷെ ഞാനും ഇവിടെ എത്തിപ്പെടുമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ക്രിസ്ത്യാനികളായ നാം ചിലപ്പോഴൊക്കെ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ചിന്തിക്കാറില്ലേ! മറ്റുള്ളവരുടെ വിധികര്‍ത്താക്കളായി അവരെ കുറ്റം വിധിച്ചിട്ടില്ലേ!

ക്രിസ്തു, തന്റെ പരസ്യ ജീവിതകാലത്ത് , സമൂഹത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തിലെ മക്കളെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു. കള്ളന്മാരുടെയും, കുറ്റവാളികളുടെയും, തിന്മ ചെയ്യുന്നവരുടെയും ഇടയിലേക്ക് കടന്നുചെന്ന ഈശോ അവരുടെ ദാരിദ്ര്യത്തിലും, ഏകാന്തതയിലും അവരോടൊപ്പം കൂടി. ജയില്‍ സേവനത്തില്‍ ഈശോയുടെ ഈ മനോഭാവമാണ് എനിക്കും പ്രചോദനമായത് ‘ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു’.

ഓരോ സെല്ലുകള്‍ സന്ദര്‍ശിക്കുമ്പോഴും, ചിലപ്പോഴൊക്കെ മരിച്ചു ജീവിക്കുന്ന പാവങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത പഴങ്കഥകള്‍ പോലെ. എന്നാല്‍ ക്രിസ്തു ഓരോപ്രാവശ്യവും എന്നോട് ആവശ്യപ്പെടുന്നത് ഒന്ന് മാത്രം: ‘അവരുടെ കൈയ്യില്‍ പിടിച്ചുകൊണ്ട് മുന്നോട്ട് പോവുക’. ഇത് കേള്‍ക്കാതിരിക്കാന്‍ എനിക്കാവില്ല. ചില മുഖങ്ങള്‍ക്ക് മുന്‍പില്‍ എന്റെ നിശബ്ദതയ്ക്കു പോലും, ഞാന്‍ അര്‍ത്ഥം കണ്ടെത്തിയിട്ടുണ്ട്. ചെയ്ത തെറ്റില്‍ നിന്നും, മുന്‍പില്‍ നില്‍കുന്ന സഹോദരന്റെ ഹൃദയത്തിലേക്ക്, എന്റെ കണ്ണുകള്‍ ഞാന്‍ തിരിക്കുമ്പോള്‍, അവന്റെ ഉള്ളിലെ നന്മ കാണാന്‍ എനിക്ക് സാധിക്കും.

ഈശോയെ, ക്രൂര മര്‍ദ്ദനങ്ങളില്‍ നിന്റെ ശരീരവും തകര്‍ന്നു പോയല്ലോ. ഇതാ ഇപ്പോള്‍ നിന്റെ ശരീരം കച്ചയില്‍ പൊതിഞ്ഞ്, ഭൂമിയിലേക്ക് അവര്‍ വയ്ക്കുന്നു. ഇതാ പുതിയ സൃഷ്ടി… നിന്റെ തിരുമുറിവുകളില്‍ നിന്നും ഉത്ഭവിച്ച, ഞങ്ങളുടെ സഭയെയും ഇതാ പിതാവേ അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നിന്റെ രക്ഷാകര സന്ദേശം, എല്ലാവരിലേക്കും എത്തിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.

പ്രാര്‍ത്ഥിക്കാം;
ഓ ദൈവമേ, ആദിയും അന്തവുമായവനെ, നിന്റെ മകന്റെ ഉത്ഥാനം വഴി ഈ ലോകത്തെ നീ വീണ്ടെടുത്തുവല്ലോ. നിന്റെ കുരിശിന്റെ വിജ്ഞാനം ഞങ്ങള്‍ക്കും പ്രദാനം ചെയ്യണമേ. അതുവഴി ആത്മാവിന്റെ നിര്‍വൃതിയില്‍, നിന്റെ ഇഷ്ടം പൂര്‍ത്തീകരിക്കുവാന്‍ ഞങ്ങള്‍ക്കും ഇടയാവട്ടെ. ആമേന്‍.

പതിനാലാം സ്ഥലം: ഈശോയുടെ മൃതശരീരം അടക്കം ചെയ്യുന്നു
(ഒരു പോലീസ് അധികാരിയുടെ ധ്യാന ചിന്തകള്‍)
ലൂക്കാ 23:54-56

ജയിലില്‍ സേവനം ചെയ്യുന്ന ഒരു പോലീസ് അധികാരി എന്ന നിലയില്‍, ഓരോ ദിവസവും തടവറയില്‍ കഴിയുന്നവരുടെ വേദന കാണുന്ന ആളാണ് ഞാന്‍. സങ്കീര്‍ണ്ണമായ ജീവിതമാണ് ജയിലിനുള്ളില്‍. നിസ്സംഗതയുടെ ഈ അവസ്ഥയില്‍ ചിലപ്പോള്‍ പലര്‍ക്കും നീതിപീഠത്തിന് മുന്‍പില്‍ വളരെയധികം വില കൊടുക്കേണ്ടതായും വരുന്നു. എന്റെ ഒരു സുഹൃത്ത് എന്നോട് പറയുമായിരുന്നു, ‘ജയില്‍, മാറ്റത്തിന് ഹേതുവാകുന്ന ഒരു സ്ഥലം കൂടിയാണ്’എന്ന്. ഒരു നല്ല മനുഷ്യന്‍ ചിലപ്പോള്‍ ക്രൂരനായും, മോശപ്പെട്ടവന്‍ നല്ലവനായും ജയിലില്‍ വച്ച് മാറിയേക്കാം. ഈ മാറ്റത്തിന് ഞാനും കാരണമാണ്. ചിലപ്പോള്‍ ജോലിക്കിടയില്‍ പല്ലുകടിക്കേണ്ടതായി വരുമ്പോഴും, തെറ്റു ചെയ്തവന് മറ്റൊരവസരം നല്‍കുമ്പോള്‍ അവന്‍ നന്മയിലേക്ക് കടന്നു വരുന്നതായി കാണാറുണ്ട്. ഈ സഹോദരങ്ങളെ കൂടെ നിര്‍ത്തുമ്പോള്‍, മാനുഷിക മൂല്യങ്ങളുടെ വലിയ ഒരു വളര്‍ച്ചയും ഇവരുടെ ഉള്ളില്‍ കാണാം. അവരുടെ സാധാരണ ഭാഷയില്‍ അവരോടൊപ്പം കൂടാനും, ആവശ്യമെങ്കില്‍ ഒരു ‘പെര്‍മെനെന്റ് ഡീക്കന്‍’ എന്ന നിലയില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുമ്പോഴും, എന്റെ ജീവിതം ധന്യമാകുന്നു. കാരണം വേദനയുടെയും, നിരാശയുടെയും ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. ജയിലിന്റെ ഭിത്തികള്‍ക്കുള്ളില്‍ അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരുസഹോദരനാണ് ഞാനിന്ന്. ഇത് അവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരി കെടാതെ, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നത് തീര്‍ച്ച. ഒരിക്കലും, ‘ചെയ്ത തെറ്റ് ജീവിതത്തിന്റെ അവസാനമല്ല’, എന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്.

ഈശോയെ, ഇതാ ഒരിക്കല്‍ കൂടി നീ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെട്ടുവല്ലോ, എന്നാല്‍ ഇപ്പോള്‍ ഇതാ നിന്നെ ഏറ്റുവാങ്ങാന്‍ അരിമത്തയക്കാരനായ ജോസഫും, ഗലീലിയയില്‍ നിന്നും വന്നെത്തിയ സഹോദരിമാരും. കാരണം, അവര്‍ക്കറിയാം നിന്റെ ശരീരം വിലമതിക്കാനാവാത്തതാണെന്ന്. ഇത് ഒരിക്കലും മടുപ്പ് തോന്നാതെ, സമൂഹത്തില്‍ ഇന്നും സേവനം ചെയ്യുന്ന, ആളുകളുടെ കൈകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിന്റെ ഈ സ്‌നേഹം, നന്മ നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. പിതാവേ, ജയിലുകളില്‍ സേവനം ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും, അവരോടൊപ്പം സേവനം അനുഷ്ഠിക്കുന്നവരെയും അങ്ങേ സന്നിധിയില്‍ സമര്‍പ്പിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥിക്കാം;
ഓ ദൈവമേ, അസ്തമിക്കാത്ത പ്രകാശമേ, നിനക്ക് വേണ്ടി ഇന്നും ലോകത്തില്‍ വേദനിക്കുന്നവരുടെ പക്ഷം ചേര്‍ന്ന്, അവര്‍ക്ക് സേവനം ചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. നിത്യവും വാഴുന്ന സര്‍വ്വേശ്വരാ, ആമേന്‍.

ഫാ. ജിനു ജേക്കബ് തെക്കേത്തല (വിവര്‍ത്തനം)