വെനിസ്വേലായിലെ ജനങ്ങൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ 

തുടർച്ചയായ സംഘര്‍ഷങ്ങളാൽ ദുരിതമനുഭവിക്കുന്ന വെനിസ്വേലയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ വി. പത്രോസിന്‍റെ ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങളോടാണ് തന്റെയൊപ്പം പ്രാർത്ഥിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തത്.

സംഘര്‍ഷങ്ങളില്‍ ഉൾപ്പെട്ട കക്ഷികളെ പ്രചോദിപ്പിക്കുവാനും പ്രബുദ്ധരാക്കാനും അങ്ങനെ എത്രയുംവേഗം ഒരു കരാറിലെത്തുവാനും മുഴുവൻ രാജ്യത്തിന്‍റെയും നന്മയ്ക്കായി ജനങ്ങളുടെ കഷ്ടപ്പാടുകളിലേയ്ക്ക് ഇറങ്ങിവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം – പാപ്പാ വിശ്വാസികളോട് പറഞ്ഞു.

പ്രസിഡന്‍റ് നിക്കോളാസ് മഡുറോ, നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സ്ഥാനത്തു നിന്ന് രാജി വയ്ക്കണമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കണമെന്നും വെനസ്വേലൻ മെത്രാന്മാർ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. മഡുറോയുടെ സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിൽ, വെനസ്വേലയെ അക്രമവും സാമൂഹികപ്രക്ഷോഭവും ബാധിച്ചു. ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം, ഉയർന്ന തൊഴിലില്ലായ്മ എന്നിവ ഇന്നും വെനിസ്വേലയിലെ ജനങ്ങളെ വേട്ടയാടുന്നു.

2015 മുതൽ 4 ദശലക്ഷത്തിലധികം വെനിസ്വേലക്കാരാണ് കുടിയേറിയത്. യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ജൂലൈ 4-ലെ റിപ്പോർട്ടനുസരിച്ച് നിരവധി നിയമവിരുദ്ധമായ കൊലപാതകങ്ങൾ ഉൾപ്പെടെ വിവിധതരം മനുഷ്യാവകാശ ലംഘനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്ന് മെത്രാന്മാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ, വെനിസ്വേലയിലെ ജനങ്ങള്‍ക്കായി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടത്.