“അങ്ങയുടെ മക്കളെ സ്നേഹിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറരുതേ”: പാപ്പാ

അമ്മേ, നിന്റെ മക്കളെ സ്നേഹിക്കുന്നതിൽ നിന്ന് ഒരിക്കലും അമ്മ പിൻവാങ്ങല്ലേ എന്നു പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പിയാസ്സാ സ്പാഞ്ഞയിലെ അമലോത്ഭവ മാതാവിന്‍റെ രൂപത്തിനു മുന്നിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോള്‍ പാപ്പാ ഇപ്രകാരം മാതാവിനോട് അപേക്ഷിച്ചത്.

” പാപവും അവിശ്വാസവും മൂലം ദൈവത്തിൽ നിന്ന് അകലുകയും തങ്ങളുടെ തെറ്റുകളും കുറ്റങ്ങളും വലുതും നിരവധിയാണെന്നു അറിയുകയും ഇനി ഒരു പ്രതീക്ഷയില്ല എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഈ നഗരത്തിലെയും ലോകം മുഴുവനിലെയും എല്ലാ മക്കളെയും അമ്മയ്ക്കു സമർപ്പിക്കുന്നു. പരിശുദ്ധയായവളേ, അങ്ങ് വെറും ഒരു അമ്മ മാത്രമല്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അങ്ങേയ്ക്കു തന്റെ മക്കളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അങ്ങ് അമലോത്ഭവയും കൃപ നിറഞ്ഞവളും ഇരുൾനിറഞ്ഞ ഇടങ്ങളിൽ ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശം പരത്തുവാൻ കഴിയുന്നവളുമാണ്. ഞങ്ങളെ ഓർത്തതിന് അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു” – പാപ്പാ പ്രാർത്ഥിച്ചു.

12 മീറ്റർ ഉയരമുള്ള ഈ സ്മാരകത്തിൽ 1953 മുതലാണ് മാർപാപ്പമാർ എത്തി പ്രാർത്ഥിക്കുവാൻ തുടങ്ങിയത്. ലൂയിജി പൊളെത്തി രൂപകല്‍പന ചെയ്ത ഈ സ്തൂപത്തിനു മുകളിലുള്ള ഓടിൽ തീർത്ത മരിയൻ രൂപം ജുസെപ്പേ ഒബീച്ചി എന്ന ശില്പി തീർത്തതാണ്.