മാനവരാശിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷക്കു നന്ദി!

ജയ്സൺ കുന്നേൽ

ഫ്രാൻസീസ് പാപ്പയുടെ നേഴ്‌സിംഗ് ദിന സന്ദേശം 

പ്രിയ സഹോദരി സംഹാദരന്മാരെ,

ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും വർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നമ്മൾ അന്താരാഷ്ട്രതലത്തിൽ നഴ്‌സുമാരുടെ ദിനം ആഘോഷിക്കുന്നു. അതോടൊപ്പം, ആധുനിക നഴ്‌സിംഗിന്റെ വഴികാട്ടിയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജനനത്തിൻ്റെ  ഇരുന്നൂറാം വാർഷികവും നമ്മൾ അനുസ്മരിക്കുന്നു.

കോവിഡ് -19 പാൻഡെമിക് തീർത്ത ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയുടെ  ഈ നിർണായക നിമിഷത്തിൽ, നഴ്‌സുമാരും മിഡ്‌വൈഫുകളും നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പ്രാധാന്യം നമ്മൾ വീണ്ടും കണ്ടെത്തിയിരിക്കുന്നു.

ഓരോ ദിവസവും ആരോഗ്യപരിപാലന രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രത്യേകിച്ച് നഴ്സുമാരുടെയും ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും സാക്ഷ്യങ്ങൾ കേട്ടുകൊണ്ടാണ് നാം ഉണരുന്നത്. പ്രൊഫഷണലിസത്തോടും ത്യാഗബുദ്ധിയോടും, അയൽക്കാരനോടുള്ള ഉത്തരവാദിത്തത്തോടും സ്നേഹത്തോടും സ്വന്തം ആരോഗ്യത്തെതന്നെ അപകടത്തിലാക്കികൊണ്ടാണ് വൈറസ് ബാധിച്ച രോഗികളെ അവർ സഹായിക്കുന്നത്. വിശ്വസ്തപൂർവ്വമായ ജോലിനിർവ്വഹണത്തിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന മരണനിരക്കിൽ ഇതു കാണാൻ കഴിയും. അതു വേദന ഉളവാക്കുന്ന വസ്തുതയാണ്. ഈ പകർച്ചവ്യാധിയുടെ ഇരകളായ അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു – ദൈവത്തിനു അവർ ഓരോരുത്തരെയും പേരെടുത്തറിയാം –  ഉത്ഥിതനായ കർത്താവ് അവർ ഓരോരുത്തർക്കും സ്വർഗ്ഗത്തിന്റെ വെളിച്ചവും അവരുടെ കുടുംബങ്ങൾക്കും വിശ്വാസത്തിൽ സമാശ്വാസവും നൽകട്ടെ.

ആരോഗ്യ പരിചരണത്തിൽ നഴ്‌സുമാർ ചരിത്രപരമായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ ദിവസവും, രോഗികളുമായി സമ്പർക്കത്തിൽ, ഏർപ്പെടുന്നതിലൂടെ അവരുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന ആഘാതം നേഴ്സുമാരും പങ്കുപറ്റുന്നു. വളരെ സവിശേഷമായ ഒരു വിളിയോടു “അതെ” എന്ന് പറയാൻ സന്നദ്ധരായ തിരഞ്ഞെടുത്ത പുരുഷന്മാരും സ്ത്രീകളുമാണ് അവർ. മറ്റുള്ളവരുടെ ജീവിതത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് ശ്രദ്ധിക്കുന്ന നല്ല സമരിയാക്കാരാണവർ. ആവശ്യനേരങ്ങളിൽ ചികിത്സയും ധൈര്യവും പ്രതീക്ഷയും വിശ്വാസവും നൽകി അവർ ജീവിൻ്റെ സംരക്ഷകരും കാവൽക്കാരുമാകുന്നു.

പ്രിയ നഴ്സുമാരേ, ധാർമ്മിക ഉത്തരവാദിത്തമാണ് നിങ്ങളുടെ പ്രൊഫഷണൽ സേവനത്തിന്റെ മുഖമുദ്ര. അത് ശാസ്ത്ര-സാങ്കേതിക പരിജ്ഞാനത്തിലേക്ക് മാത്രം ചുരുക്കാനാവില്ല. അതു രോഗികളുമായുള്ള നിങ്ങളുടെ മാനുഷികമായ ബന്ധത്തിൽ നിന്നു നിരന്തരം വരുന്ന പ്രചോദനമാണ്. “സ്ത്രീകളെയും പുരുഷന്മാരെയും, കുട്ടികളെയും പ്രായമായവരെയും അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും  ജനനം മുതൽ മരണം വരെ പരിചരിക്കുമ്പോൾ, നിരന്തരമായ ശ്രവണത്തിലൂടെ  ഓരോ ഘട്ടത്തിലും അവൻ അല്ലെങ്കിൽ അവൾ അനുഭവിക്കുന്ന ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കാനുള്ള ചുമതല നിങ്ങൾക്കുണ്ട്.

ഓരോ വ്യത്യസ്ത സാഹചര്യത്തിലും, ഒരു പ്രോട്ടോക്കോൾ മാത്രം പിൻതുടർന്നാൽ പോരാ, എന്നാലും സ്ഥായിരിക്കണം – അതു മടുപ്പുളവാക്കുന്നതുമാണ്! – വിവേചനവും രോഗികളോടുള്ള വ്യക്തപരമായ ശ്രദ്ധയും ആവശ്യമാണ്”.

ഈ സന്ദർഭത്തിൽ നേഴ്സുമാരെയും മിഡ്വൈഫുകളെയും ഞാൻ ഓർക്കുന്നു. നിങ്ങൾ  ആളുകളുടെ അവരുടെ നിലനിൽപ്പിന്റെ നിർണായക നിമിഷങ്ങളിൽ – ജനനം, മരണം, രോഗം, സൗഖ്യം – ആളുകളുമായി അടുത്തിടപഴകുന്നു. വേദന നിറഞ്ഞ  സാഹചര്യങ്ങളെ നേരിടാൻ അവരെ സഹായിക്കുന്നു. ചിലപ്പോൾ നിങ്ങൾ മരിക്കുന്നവരുടെ സമീപത്തു അവരുടെ അവസാന നിമിഷങ്ങളിൽ ആശ്വാസവും ശാന്തതയും പകരുവായിരിക്കും. നിങ്ങളുടെ സമർപ്പണം മൂലം നിങ്ങൾ “തൊട്ടടുത്തു നിൽക്കുന്ന വിശുദ്ധരാകുന്നു”

യേശു ക്രിസ്തുവിന്റെ ദൗത്യം തുടരുന്ന ഒരു “ഫീൽഡ് ഹോസ്പിറ്റൽ” എന്ന നിലയിൽ നിങ്ങൾ സഭയുടെ ഒരു പ്രതിച്ഛായയാണ്. എല്ലാത്തരം രോഗങ്ങളാലും വലയുന്നവരെ  തൻ്റെ അടുക്കലേക്കു അടുപ്പിക്കുകയും അവരെ സൗഖ്യമാക്കുകയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ സ്വയം വിനീതനാവുകയും ചെയ്ത യേശു ക്രിസ്തുവിന്റെ ദൗത്യമാണ് നിങ്ങൾ തുടരുന്നത്. മാനവരാശിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷക്കു നന്ദി.

പല രാജ്യങ്ങളിലും, പകർച്ചവ്യാധി ആരോഗ്യപരിചരണമേഖലകളിൽ കുറച്ചു പോരായ്മകൾ കൊണ്ടുവന്നിട്ടുണ്ട്. ഇക്കാരണത്താൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നേതാക്കളോട് ആരോഗ്യ സംരക്ഷണത്തെ പ്രഥമ പരിഗണന അർഹിക്കുന്ന പൊതുനന്മയായി കരുതി നിക്ഷേപം നടത്തുവാൻ ഞാൻ ആവശ്യപ്പെടുന്നു. ആരോഗ്യമേഖലയിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും  കൂടുതൽ നഴ്സുമാരെ നിയമിച്ചും, ഓരോ വ്യക്തിയുടെയും അന്തസ്സിനു ചേർന്ന വിധത്തിൽ എല്ലാവർക്കും വേണ്ടത്ര പരിചരണം ഉറപ്പുവരുത്തുക. രോഗി പരിചരണം, പ്രാദേശികമായ അടിയന്തിര പ്രവർത്തനങ്ങൾ, രോഗ പ്രതിരോധം, ആരോഗ്യ പരിപാലനം, കുടുംബങ്ങൾ, കമ്മ്യൂണിറ്റികൾ, സ്കൂളുകൾ എന്നിവയ്ക്കു നൽകുന്ന  സഹായം ഇത്യാദി കാര്യങ്ങളിൽ നിങ്ങളുടെ ജോലി വഹിക്കുന്ന പ്രധാന പങ്ക്  ഫലപ്രദമായി തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

നഴ്‌സുമാർക്കും മിഡ്‌വൈഫുകൾക്കും വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരോഗ്യം സംബന്ധിച്ച പ്രക്രിയകളിൽ കൂടുതൽ മൂല്യമുള്ളതും ക്രിയാത്മകവുമായ രീതിയിൽ പങ്കാളികളാകാനുള്ള അവകാശവും അർഹതയുണ്ട്. അവരെ അതിൽ പങ്കാളികളാക്കുന്നത് ആരോഗ്യ – രോഗി പരിചരണ മേഖലകൾ മെച്ചപ്പെടുത്തുന്നു എന്നു തെളിയിച്ചിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രീയവും മാനസികവും  ആത്മീയവുമായ പരിശീലന ഉപാധികൾ നൽകിയും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും അവരുടെ അവകാശങ്ങൾക്കു ഉറപ്പ് നൽകിയും  അവരുടെ പ്രൊഫഷണലിസം വർദ്ധിപ്പിക്കണം. അതുവഴി അവർക്ക് അവരുടെ സേവനം പൂർണമായും അന്തസ്സോടെ നടപ്പിലാക്കാൻ കഴിയും.

ഇക്കാര്യത്തിൽ, ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമഗ്രമായ പരിശീലനം നൽകുന്നതിനുപുറമെ, അവർ  വ്യക്തിപരമായി അംഗങ്ങളെ സഹായിക്കുന്നു, അവരെ ഒരു വലിയ പ്രസ്ഥാനത്തിൻ്റെ ഭാഗമാക്കി മാറ്റുന്നതിലൂടെ തൊഴിൽ സംബന്ധമായി ധാർമ്മികവും സാമ്പത്തികവും മാനുഷികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ അവർ ഒരിക്കലും  തനിച്ചല്ല എന്ന അവബോധം അവരിൽ വളർത്തുന്നു.

ഗർഭാവസ്ഥയിൽ സ്ത്രീകളെ സഹായിക്കുകയും അവരുടെ കുട്ടികൾക്കു  ഭൂമിയിലേക്കു വരാൻ സഹായിക്കുകയും ചെയ്യുന്ന മിഡ്വൈഫുകളോട് ഒരു പ്രത്യേകം നന്ദിയുടെ ഒരു വാക്ക് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജോലി ഏറ്റവും ശ്രേഷ്ഠമായ തൊഴിലുകളിൽ ഒന്നാണ്, കാരണം ജീവൻ്റെയും മാതൃത്വത്തിൻ്റെയും ശുശ്രൂഷയുമായി നിങ്ങളുടെ ജോലി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളിലെ  പുറപ്പാടിന്റെ പുസ്തകം ഷിഫ്റാ, പൂവാ എന്നീ രണ്ടു മിഡ് വൈഫുമാരുടെ പേരുകൾ  അനശ്വരമാക്കിയിരിക്കുന്നു (പുറ 1:15-21). ഇന്നു സ്വർഗ്ഗീയപിതാവ് നിങ്ങളെയും നന്ദിയോടെ നോക്കുന്നു.

പ്രിയ നഴ്‌സുമാരേ, പ്രിയപ്പെട്ട മിഡ്‌വൈഫുകളേ, ഈ വാർഷികാഘോഷം സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനായുള്ള നിങ്ങളുടെ ജോലിയുടെ അന്തസ്സിനെ ഉയർത്തിക്കാട്ടട്ടെ. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും നിങ്ങൾ പരിചരിക്കുന്നവർക്കും എന്റെ പ്രാർത്ഥന ഉറപ്പു നൽകുന്നു, നിങ്ങൾക്കെല്ലാവർക്കും ഹൃദയപൂർവ്വം എൻ്റെ അപ്പസ്തോലിക ആശീർവ്വാദം നൽകുന്നു.

റോമിലെ സെൻ്റ് ജോൺ ലറ്ററാൻ ബസിലിക്കയിൽ മെയ് 12  നടത്തിയ പ്രഭാഷണം

സ്വതന്ത്ര വിവർത്തനം: ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.