സ്‌നേഹത്തിന്റെ ഐക്യത്തില്‍ ക്രൈസ്തവര്‍ക്ക് ലോകത്തെ മാറ്റിമറിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ

സ്‌നേഹത്തിന്റെ ഐക്യത്തില്‍ നാം ക്രൈസ്തവര്‍ക്ക്, ലോകത്തെ മാറ്റിമറിക്കാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രൈസ്തവസഭകള്‍ തമ്മില്‍ സൗഹൃദവും സ്‌നേഹവും സ്ഥാപിക്കുന്നതിനും നിലനിലര്‍ത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ജോണ്‍ 17 എന്ന സംഘടനയിലെ അംഗങ്ങള്‍ക്കായി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്.

“സാഹോദര്യത്തില്‍ നിന്നാണ് നന്മയായത് എല്ലാം പിറവിയെടുക്കുന്നത്. സ്‌നേഹം ലോകത്തെ മാറ്റിമറിക്കും. നമ്മെത്തന്നെ ആദ്യം മാറ്റും” – ന്യൂയോര്‍ക്കിലെ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കുന്ന ജോണ്‍ 17-ലെ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു. ജോണ്‍ 17 സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും തന്നില്‍ വലിയ പ്രത്യാശ ഉണര്‍ത്തുന്നുവെന്നും സ്‌നേഹത്തിലൂടെ ക്രൈസ്തവസമൂഹം മുഴുവനേയും അതിലൂടെ ലോകം മുഴുവനേയും ഐക്യത്തിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടേയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

2013-ല്‍ ജോ ടോസിനി എന്ന പെന്തക്കോസ്ത് പാസ്റ്ററാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. കത്തോലിക്കനല്ലാതിരുന്നിട്ടും അന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി അദ്ദേഹം നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. പാപ്പായെ അദ്ദേഹം പലതവണ നേരില്‍ കണ്ടിട്ടുമുണ്ട്. വി. യോഹന്നാന്റെ സുവിശേഷം 17 ാം അദ്ധ്യായത്തില്‍ ഈശോ പറയുന്ന ‘ അവര്‍ ഒന്നായിരിക്കും’ എന്ന തിരുവചനമാണ് സംഘടനയുടെ പേരിന് പിന്നിലെ രഹസ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.