സിസിലിയിലെ സ്‌ഫോടനത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

ഇറ്റാലിയൻ ദ്വീപായ സിസിലിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവർക്ക് ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. ഡിസംബർ 14 -ന് അഗ്രിജെന്റോ ആർച്ചുബിഷപ്പ് അലസാന്ദ്രോ ഡാമിയാനോക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

മരണപ്പെട്ടവരുടെ ബന്ധുക്കളെ തന്റെ ദുഃഖം അറിയിക്കുകയും മുഴുവൻ ജനങ്ങളുടെയും വേദനയിൽ താൻ  പങ്കാളിയാകുകയും ചെയ്യുന്നുവെന്ന് ടെലിഗ്രാം സന്ദേശത്തിൽ പാപ്പാ പറഞ്ഞു. കൂടാതെ, രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന എല്ലാവർക്കും അദ്ദേഹം തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഡിസംബർ 11 -ന് ഉച്ച കഴിഞ്ഞ് സിസിലിയൻ നഗരമായ അഗ്രിജെന്റോക്കു സമീപമുള്ള റവനുസ പട്ടണത്തിലാണ് ദുരന്തമുണ്ടായത്. അവിടെ ഒരു അപ്പാർട്ട്മെന്റിൽ ഗ്യാസ് സ്ഫോടനമുണ്ടായതിനെ തുടർന്ന് ഏഴു കെട്ടിടങ്ങൾ തകരുകയും ഏഴു പേർ മരിക്കുകയും രണ്ടു പേരെ കാണാതാകുകായും ചെയ്തു. സാഹചര്യം കണക്കിലെടുത്ത് നൂറിലധികം പേരെ അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.