അനുതാപശുശ്രൂഷയുടെ  പ്രാധാന്യം വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ 

ദിവ്യരഹസ്യങ്ങള്‍ യോഗ്യതയോടുകൂടെ ആഘോഷിക്കുന്നതിന് വേണ്ട മനോഭാവം നമ്മില്‍ ഉളവാക്കുന്നതിന് കുര്‍ബനയിലെ അനുതാപശുശ്രൂഷ  സഹായിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധകുര്‍ബ്ബാനയെ കുറിച്ചുള്ള പ്രബോധന പരമ്പരയിലാണ്  പാപ്പാ അനുതാപശുശ്രൂഷയുടെ പ്രാധാന്യം വ്യക്തമാക്കിയത്. തെറ്റുകളെ കുറിച്ച് ബോധവാന്മാരായി എളിമയോടും ആത്മാർഥതയോടും ദൈവത്തോട് ക്ഷമചോദിക്കുവാൻ തീർത്ഥാടകരോട് പാപ്പാ ആവശ്യപ്പെട്ടു.

“വിശുദ്ധ കുർബാന അനുതാപത്തിന്റെ ഒരു കൂദാശകൂടി ആയി ആണ് പരിഗണിക്കപ്പെടുക. വിശുദ്ധ കുർബാനയിൽ ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ നാം നമ്മുടെ പാപാവസ്ഥ അംഗീകരിക്കുന്നു. വിശുദ്ധമായ രഹസ്യങ്ങളെ യോഗ്യതപൂർവം സ്വീകരിക്കുവാൻ നമ്മെ തന്നെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആണ് നാം പാപങ്ങൾ ഏറ്റു പറയുക. വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്ന ചുങ്കക്കാരന്റെ ഉപമ പോലെ ദൈവത്തിന്റെ കരുണയുടെയും പാപക്ഷമയുടെയും ദാനങ്ങൾ സ്വീകരിക്കുവാൻ  നാം അയോഗ്യരാണ് എന്ന്  ബലിമധ്യേ നാം തിരിച്ചറിയുന്നു,” പാപ്പാ ഉദ്ബോദിപ്പിച്ചു.

“സർവ്വശക്തനായ ദൈവം ഞങ്ങളോടു കൃപ ചെയ്യട്ടെ, ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിച്ചു ഞങ്ങളെ നിത്യജീവനിലേക്കു നയിക്കുക” എന്നാണ് പുരോഹിതൻ വിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുന്നത്. കുമ്പസാരത്തിൽ നിന്ന്  വ്യത്യസ്തമായി മാരക പാപങ്ങളിൽ ഇളവ് ലഭിക്കുന്നില്ലെങ്കിൽ പോലും അനുതാപത്തോടെ ദൈവത്തിന്റെ പക്കൽ എത്തുന്ന പാപിയോട് ക്ഷമിക്കുന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ ബലിമധ്യേ നാം പ്രത്യാശയർപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ചെയ്ത പാപം സ്വയം തിരിച്ചറിയുകയും, ഹൃദയത്തെ നവീകരിക്കുന്ന കൃപയക്ക്  സ്വയം വിട്ടു കൊടുക്കാനും ധൈര്യം കാട്ടിയ ദാവീദിനെയും പത്രോസിനെയും ധൂർത്ത പുത്രനെയും  പോലെ ഉള്ള  അനുതാപികളുടെ  മാതൃകകള്‍ ഓർമ്മിപ്പിച്ചു കൊണ്ടാണ് പാപ്പാ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.