ദൈവത്തോട് നന്ദിയുള്ളവരായിക്കാം – പാപ്പായുടെ നോമ്പുകാല ധ്യാന വിചിന്തനം

ദൈവം ഇതുവരെ ചെയ്ത നന്മകള്‍ക്ക് അവിടുത്തോട്‌ നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുവാന്‍ നമുക്ക് കഴിയണം എന്ന് ഫാ. ബെര്‍ണാര്‍ദോ ജ്യാന്നി. പാപ്പായുടെയും കൂരിയ അംഗങ്ങളുടെയും ധ്യാനത്തിലാണ് അദ്ദേഹം ഈ ധ്യാന ചിന്ത പകര്‍ന്നത്.

നന്ദിയുള്ള ജീവിതശൈലിക്ക് സഹായകമാകുന്നതിന് സഭയില്‍ എളിമയുള്ള അനുസരണവും, സഭാദൗത്യത്തില്‍ പൂര്‍ണ്ണമായും പങ്കുചേരത്തക്ക വിധത്തിലുള്ള ലഭ്യതയും അനിവാര്യമാണ്. സഭാശുശ്രൂഷകരോട് സുവിശേഷം ആവശ്യപ്പെടുന്ന ജീവിതസമര്‍പ്പണത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയും വെളിച്ചവും വര്‍ഷിക്കപ്പെടണമെങ്കില്‍ “മയമുള്ള” അല്ലെങ്കില്‍ ഒതുക്കമുള്ള ജീവിതശൈലി, സഭാശുശ്രൂഷകര്‍ക്കും ക്രൈസ്തവര്‍ക്കും ആവശ്യമാണെന്ന് എന്ന് ഫാ. ബെര്‍ണാര്‍ദോ ജ്യാന്നി ഓര്‍മിപ്പിച്ചു.

നന്മകളുടെ ഓര്‍മ്മയും പ്രത്യാശവും, ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും ഇല്ലാതെ ജീവിക്കുന്നത് ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ പ്രത്യേകതയായിട്ടുണ്ടെന്നത് ശാസ്ത്രീയമായ നിഗമനമാണ്. ഭൂതകാലത്തെ നിഷേധിച്ചും, ഭാവിയെക്കുറിച്ചുള്ള കരുതലോ, കൂസലോ ഇല്ലാതെയും – ഞാനും എന്‍റെ സൗകര്യങ്ങളും, എന്‍റെ വിജയവും നേട്ടവും, അത് ഇന്നും ഇപ്പോള്‍ത്തന്നെ വേണമെന്നു ശഠിച്ചു ജീവിക്കുന്ന ശൈലി ഇന്നിന്‍റെ പ്രത്യയശാസ്ത്രമായി മാറിയിട്ടുണ്ട്. വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇപ്രകാരമുള്ള ‘ആധിപത്യപരമായ വീക്ഷണം’ ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ മേന്മയെ ശോഷിപ്പിക്കുകയാണെന്നത്, നിരീശ്വരവാദിയെങ്കിലും മഹാനും സമകാലികനുമായ എഴുത്തുകാരന്‍, മാര്‍ക്ക് ഔഗെയുടെ നിരീക്ഷണമാണ്. ഇത് കെട്ടുറപ്പില്ലാത്ത ഒരു വര്‍ത്തമാനകാലത്തിന്‍റെ ശോച്യമായ അവസ്ഥയും, സമകാലീന മനുഷ്യന്‍റെ രോഗാവസ്ഥയുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവിക നന്മകള്‍ക്കും, അവിടുത്തെ രക്ഷണീയ പദ്ധതികള്‍ക്കും ചരിത്രത്തില്‍ ദൈവത്തിന്‍റെ മഹത്ചെയ്തികള്‍ക്കും നന്ദിയുള്ളവരായി സഭാശുശ്രൂഷകര്‍ ജീവിക്കുകയും വളരുകയും വേണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫാ. ജ്യാനി മൂന്നാം ദിവസത്തെ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.