സുവിശേഷപ്രഘോഷണത്തില്‍ കുടുംബങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ

സമര്‍പ്പിതര്‍ക്കും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം പൊതുവായ ഉത്തരവാദിത്വമാണ് സുവിശേഷവത്കരണത്തിന്റെ കാര്യത്തില്‍ സഭയിലുള്ളതെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പാ. പാപ്പായുടെ അപ്പസ്‌തോലിക ലേഖനം, ‘അമോറിയ ലെറ്റീസിയ’യുമായി ബന്ധപ്പെട്ടുള്ള അവലോകന സമ്മേളനത്തിലേയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘പൗരോഹിത്യത്തില്‍ എന്നതുപോലെ തന്നെ വിവാഹത്തിലൂടെയും ദൈവജനത്തെ വാര്‍ത്തെടുക്കാനും സഭയെ വളര്‍ത്താനുമുള്ള ദൗത്യം ദമ്പതികളായവര്‍ക്കുമുണ്ട്. കുടുംബം ഒരു പ്രാദേശികസഭയാണ്. അവിടെ ഈശോയുടെ കൗദാശിക സാന്നിധ്യം പ്രകടമാകുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലാണ്. സഭയുടെ തന്നെ ശക്തിയുടെ ഉറവിടമാണ് കുടുംബങ്ങളില്‍ പുലരുന്ന സ്‌നേഹവും സമാധാനവും” – പാപ്പാ പറഞ്ഞു.

ഈ നിലയില്‍ പുരോഹിതര്‍ക്കും വിവാഹിതര്‍ക്കും ഒരേ ദൗത്യമാണ് സഭയിലുള്ളതെന്നും അതുകൊണ്ട് ആത്മാവിനാല്‍ നവീകരിക്കപ്പെട്ട് ഈ ദൗത്യത്തില്‍ ആത്മാര്‍ത്ഥയോടെ പങ്കാളികളാകണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. “കുടുംബത്തിന്റെ അടിസ്ഥാനമായി പുരുഷനും സ്ത്രീയും ഒന്നായിരിക്കുന്നതുപോലെ തന്നെ സമര്‍പ്പിതജീവിതം സ്വീകരിച്ചവരും വിവാഹിതരും പരസ്പരം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചാലേ കുടുംബങ്ങളുടെ കുടുംബമായ സഭയ്ക്കും അടിസ്ഥാനവും കെട്ടുറപ്പും ഉണ്ടാവുകയുള്ളൂ” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.