ഇറ്റാലിയന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മാര്‍പാപ്പ

ഇറ്റാലിയന്‍ പ്രസിഡന്റിന് അയച്ച അനുശോചന സന്ദേശം

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേയ്ക്കുള്ള ഇറ്റാലിയന്‍ അംബാസിഡറും അംഗരക്ഷകനും കൊല്ലപ്പെട്ടതില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ് സേര്‍ജോ മത്തരേലയ്ക്ക് ഫെബ്രുവരി 23 ചൊവ്വാഴ്ച വൈകുന്നേരം അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ഇറ്റാലിയന്‍ അംബാസിഡര്‍, ലൂക്കാ അത്തനാസിയോയുടേയും അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ വിത്തോറിയോ യാക്കോവാച്ചിയുടേയും നിര്യാണത്തില്‍ പാപ്പാ അനുശോചനം അറിയിച്ചത്.

നിര്‍ദ്ദോഷികളുടെ കൊലപാതകം

നയതന്ത്ര പ്രവര്‍ത്തനത്തിലും ആഫ്രിക്കയുടെ സമാധാനസ്ഥാപനത്തിലും മാതൃകാപരമായി സമര്‍പ്പിതനായിരുന്നു 43 വയസ്സു മാത്രമുള്ള ഇറ്റലിയുടെ നയതന്ത്ര പ്രതിനിധിയെന്നും ഉത്തരവാദിത്വങ്ങളില്‍ ഉദാരമതിയും സേവനതല്പരനുമായിരുന്നു 33 വയസ്സുകാരന്‍ അംഗരക്ഷകന്‍ വിത്തോറിയോയെന്നും പാപ്പാ സന്ദേശത്തില്‍ വാത്സല്യത്തോടെ അനുസ്മരിച്ചു. പ്രസിഡന്റ് മത്തരേലയെയും പരേതരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും തന്റെ അനുശോചനം അറിയിക്കുന്നതായും പ്രാര്‍ത്ഥന നേരുന്നതായും അറിയിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

യുഎന്‍ സുരക്ഷാസേനയുടെ അകമ്പടിയോടെ തിങ്കളാഴ്ച രാവിലെ കാറില്‍ സഞ്ചരിക്കവെയാണ് തോക്കുധാരികളായ അജ്ഞാതര്‍ ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറും അംഗരക്ഷകനും അജ്ഞാതരുടെ കൈകളില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.