എന്തുകൊണ്ടാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ‘ഗ്രീന്‍ പോപ്പ്’ എന്ന് അറിയപ്പെട്ടിരുന്നത്

പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരന്തരം ആഹ്വാനം ചെയ്തിരുന്ന മാര്‍പാപ്പ എന്ന നിലയില്‍ ‘ ഗ്രീന്‍ പോപ്പ്’ എന്ന വിശേഷണവും സ്വന്തമായുണ്ടായിരുന്ന പാപ്പായാണ് ബനഡിക്ട് പതിനാറാമന്‍. 2010-ല്‍ ആഗോള സമാധാന വര്‍ഷമായി ആചരിച്ച വര്‍ഷത്തില്‍, പാപ്പാ ആ വര്‍ഷാചരണത്തിനായി തിരഞ്ഞെടുത്ത തീമാണ് പ്രധാനമായും മാര്‍പാപ്പയ്ക്ക് ആ പേര് നല്‍കിയത്. ‘സമാധാനം ആസ്വദിക്കണമെന്നുണ്ടെങ്കില്‍ സൃഷ്ടിയെ സംരക്ഷിക്കുക’ എന്ന തീമാണ് അദ്ദേഹം അവതരിപ്പിച്ചത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതുല്യമായ, സവിശേഷമായ ബന്ധത്തെക്കുറിച്ച് പല ചാക്രികലേഖനങ്ങളിലും പാപ്പാ വിവരിക്കുകയുണ്ടായി. വാക്കുകളിലൂടെ മാത്രമല്ല, പ്രവര്‍ത്തിയിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം സന്ദേശം നല്‍കിയിരുന്നു. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയും പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമിട്ടത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ്. അതുകൊണ്ടാണ് ‘ഗ്രീന്‍ പോപ്പ്’ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.