ഹൃദയത്തിന്റേയും സമൂഹത്തിന്റേയും കവാടങ്ങള്‍ തുറന്നിടണം: മാര്‍പാപ്പ

നിരവധിയായ തിന്മകളാല്‍ നിറഞ്ഞ നമ്മുടെ ആത്മാവിനെ ദൈവം ഭയക്കുന്നില്ല. കാരണം, അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു, നമ്മെ വിളിക്കുന്നു എന്ന് ത്രികാല പ്രാര്‍ത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തനത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഇന്നത്തെ വഴിക്കവലകളില്‍ അതായത്, ഭൂമിശാസ്ത്രപരവും മാനവാസ്തിത്വപരവുമായ പ്രാന്തപ്രദേശങ്ങളില്‍ തള്ളിയിടപ്പെടുകയും പ്രത്യാശയറ്റ നരവംശ ശകലങ്ങളായി ജീവിക്കുകയും ചെയ്യുന്ന അവസ്ഥകളില്‍ എത്താന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“സുവിശേഷവത്ക്കരണത്തിന്റെയും ഉപവിയുടെ സാക്ഷ്യമേകലിന്റെയും സൗകര്യമാര്‍ന്ന പതിവുശൈലി വിട്ട് സകലര്‍ക്കുമായി നമ്മുടെ ഹൃദയത്തിന്റെയും നമ്മുടെ സമൂഹങ്ങളുടെയും കവാടങ്ങള്‍ തുറന്നിടുകയാണ് ഇവിടെ വിവക്ഷ. കാരണം, തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്കു മാത്രമായിട്ടുള്ളതല്ല സുവിശേഷം. അരികുകളിലാക്കപ്പെട്ടവരും സമൂഹത്തിലെ തിരസ്‌കൃതരും നിന്ദിതര്‍ പോലും തന്റെസ്‌നേഹത്തിന് യോഗ്യരാണെന്ന് ദൈവം കരുതുന്നു.

അവിടുന്ന് എല്ലാവര്‍ക്കും അതായത്, നീതിമാന്മാരും പാപികളും, ദുഷ്ടരും ശിഷ്ടരും, ബുദ്ധിമാന്മാരും മൂഢരും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കുമായി തന്റെ വിരുന്നൊരുക്കുന്നു. കഴിഞ്ഞ രാത്രി ബ്രസീലിലെ യുവാക്കള്‍ക്കിടയില്‍ പ്രേഷിതനായ പ്രായം ചെന്ന ഇറ്റാലിക്കാരനായ ഒരു വൈദികന് ഞാന്‍ ഫോണ്‍ ചെയ്തു. അദ്ദേഹം സദാ, തിരസ്‌കൃതര്‍ക്കും ദരിദ്രര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുക്കയാണ്. അദ്ദേഹം ആ വാര്‍ദ്ധക്യം സമാധാനത്തോടെ ജീവിക്കുന്നു; തന്റെ ജീവിതം അദ്ദേഹം പാവപ്പെട്ടവര്‍ക്കായി ഉഴിഞ്ഞുവച്ചു. ഇതാണ് നമ്മുടെ അമ്മയായ സഭ, ഇതാണ് വഴിക്കവലകളിലേയ്ക്കു പോകുന്ന ദൈവദൂതന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.