വത്തിക്കാനില്‍ കുറ്റാരോപിതരെ വിസ്തരിക്കുന്നതു സംബന്ധിച്ച പുതിയ കോടതി നടപടിക്രമങ്ങള്‍

കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാന്‍ കോടതി നടപടിക്രമങ്ങളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് മാര്‍പാപ്പ ‘മോത്തു പ്രോപ്രിയൊ’ (Motu proprio) അഥവാ, സ്വയാധികാര പ്രബോധനം പുറപ്പെടുവിച്ചു.

കുറ്റാരോപിതരായ കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കര്‍ദ്ദിനാളിന്റെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാന്റെ പരമോന്നതി കോടതി ആയിരുന്നുവെങ്കില്‍ പുതിയ നിബന്ധനയനുസരിച്ച് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയായിരിക്കും വിസ്താരം നടത്തുക. എന്നാല്‍ ഇതിന് പാപ്പായുടെ മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.

സഭയെ കെട്ടിപ്പടുക്കുകയെന്ന എല്ലാവരുടെയും ഉത്തരവാദിത്വത്തോട് പൊരുത്തപ്പെടാത്ത സവിശേഷാനുകൂല്യങ്ങള്‍ അനുവദിക്കാതെ, സഭാംഗങ്ങള്‍ എല്ലാവരുടെയും സമത്വവും തുല്യ ഔന്നത്യവും പദവിയും കോടതി നടപടികളില്‍ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് വത്തിക്കാന്റെ നീതിന്യായ വ്യവസ്ഥയിലെ 24-ാം വകുപ്പ് ഈ മോത്തു പ്രോപ്രിയൊ വഴി റദ്ദു ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്.

ആകയാല്‍ ഈ ഭേദഗതി സഭാംഗങ്ങളെല്ലാവരുടെയും സമത്വം എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. മൂന്നു കര്‍ദ്ദിനാളന്മാരും രണ്ടൊ അതിലധികമോ ന്യായാധിപന്മാരും അടങ്ങിയ വത്തിക്കാന്റെ സുപ്രീം കോടതിയുടെ ഇടപെടലാണ് കുറ്റാരോപിതരായ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും കാര്യത്തില്‍ ഈ 24-ാം വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നത്. 2020 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന കോടതി നടപടിക്രമമാണ് മാര്‍പാപ്പാ ഭേദഗതി ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.