ഗര്‍ഭച്ഛിദ്രം കൊലപാതകം തന്നെയെന്നും സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാവില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പാ

ഗര്‍ഭച്ഛിദ്രം കൊലപാതകം തന്നെയാണെന്നും വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കൂദാശയായതിനാല്‍ സ്വവര്‍ഗ വിവാഹത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ. ക്രിസ്തു സ്ഥാപിച്ച കൂദാശകളില്‍ മാറ്റം വരുത്താന്‍ സഭയ്ക്ക് അധികാരമില്ലെന്നും പാപ്പാ വ്യക്തമാക്കി. സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ സ്വവര്‍ഗ്ഗ ബന്ധം വിഷയവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ടുള്ള നിലപാടും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കുകയായിരുന്നു പാപ്പ.

വിവാഹവും, ദാമ്പത്യവും ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടവയായതിനാല്‍ സഭക്ക് കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ കഴിയില്ലെന്നുമാണ് ആവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗപങ്കാളികളെ സഹായിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും വിവാഹം, വിവാഹം തന്നെയാണെന്ന് പാപ്പ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികളെ നിന്ദിക്കരുതെന്നും, അവരും നമ്മുടെ സഹോദരീസഹോദരന്‍മാര്‍ തന്നെയാണെന്നും, അവരെ ഉപേക്ഷിക്കരുതെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

ഗര്‍ഭച്ഛിദ്ര അനുകൂലികളായ രാഷ്ട്രീയനേതാക്കള്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നതുമായി ബന്ധപ്പെട്ട് യു.എസ് സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, സഭയുടെ കൂട്ടായ്മയിലില്ലാത്ത ആര്‍ക്കും കുര്‍ബാന സ്വീകരിക്കാനാകില്ലെന്നും പാപ്പ വ്യക്തമാക്കി. ‘ഗര്‍ഭച്ഛിദ്രത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ല. സഭ അത് അംഗീകരിച്ചാല്‍ കൊലപാതകത്തെ അംഗീകരിക്കലാകും,’ പാപ്പ പ്രസ്താവിച്ചു. അതോടൊപ്പം, വൈദികരും ബിഷപ്പുമാരും നല്ല അജപാലകരായിരിക്കണമെന്നും സഭയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അവര്‍ എത്തിച്ചേരേണ്ടതുണ്ടെന്നും പാപ്പ വിശദീകരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.