ദാരിദ്ര്യത്തില്‍ നിലനില്‍ക്കലല്ല, പരസ്പരം സഹായിച്ചു മുന്നേറലാണ് ദൈവത്തിന്റെ പദ്ധതിയെന്ന് മാര്‍പാപ്പ

ദാരിദ്ര്യത്തില്‍ നിലനില്‍ക്കലല്ല, പരസ്പരം സഹായിച്ചു മുന്നേറലാണ് ദൈവത്തിന്റെ പദ്ധതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മഡഗാസ്‌കര്‍ തലസ്ഥാനമായ അന്റനനാരിവോയിലെ തുറന്ന വേദിയില്‍ ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുറ്റും നോക്കുകയാണെങ്കില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം നിരവധിപ്പേര്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് കാണാനാകും. അവര്‍ അങ്ങനെ തന്നെ തുടരണമെന്നല്ല ദൈവപദ്ധതി. പരസ്പരം സഹായിച്ചും പങ്കുവച്ചും സംരക്ഷിച്ചും മുന്നേറുകയെന്നതാണ് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

പത്തു ലക്ഷത്തോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രഹോലിനയും ഭാര്യ മിയാലിയും മുന്‍നിരയിലുണ്ടായിരുന്നു. ദിവ്യബലിയില്‍ പങ്കെടുക്കാന്‍ തലേന്നു രാത്രി തന്നെയെത്തിയ നിരവധിപ്പേര്‍ കടുത്ത തണുപ്പും കാറ്റും അവഗണിച്ച് പുല്‍പ്പായകളിലും ടാര്‍പോളിനുകളിലുമാണ് കഴിച്ചുകൂട്ടിയത്. വിശ്വാസികളുടെ ത്യാഗത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു.

സ്വാര്‍ത്ഥത വെടിയേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. തനിക്കു വേണ്ടി മാത്രമുള്ള ജീവിതം ഏറ്റവും മോശം അടിമത്വങ്ങളിലൊന്നാണ്. യേശുവിന്റെ ഉപദേശങ്ങള്‍ ഈ തത്വത്തിലൂന്നിയുള്ളതാണ്. തന്നില്‍ മാത്രം കേന്ദ്രീകരിച്ചു ജീവിക്കുന്നവര്‍ക്ക് കുറച്ചുനാള്‍ സുരക്ഷിതത്വം തോന്നും. പക്ഷേ, അവരില്‍ നിന്ന് ജീവന്‍ ചോര്‍ന്നുപോകും. അവരുടെ അവസാനം കയ്പും മുറുമുറുപ്പുമായിരിക്കും. നമ്മള്‍ സഹായത്തിന്റെ കരങ്ങള്‍ പരസ്പരം നീട്ടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.