ഫാ. മൈക്കിള്‍ ലോസിന് വികാരനിര്‍ഭരമായ വിട ചൊല്ലി പോളിഷ് ജനത

കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവേ ഡീക്കന്‍, വൈദികപട്ടം എന്നിവ ഒരുമിച്ച് സ്വീകരിച്ച് ഒടുവില്‍ നിത്യതയിലേയ്ക്ക് യാത്രയായ ഫാ. മൈക്കിള്‍ ലോസിന് പോളണ്ട് വിട ചൊല്ലി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാളിസിലെ ഗോഡ്‌സ് പ്രോവിഡന്‍സ് ഇടവക ദേവാലയത്തില്‍ വച്ചു നടന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരുമാണ് അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയത്.

കാളിസിലെ സെന്റ് സാന്താ കത്തീഡ്രല്‍ വികാരി മോണ്‍സിഞ്ഞോര്‍ ആഡം മോഡ്‌ലിന്‍സ്‌കി വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കി. ഫാ. മൈക്കിളിന്റെ സഭയായ സണ്‍സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായ റവ. ഡോ. ക്രിസ്റ്റോഫര്‍ അടക്കം സഭാംഗങ്ങളായ ധാരാളം വൈദികര്‍ ദേവാലയത്തില്‍ എത്തിയിരുന്നു. സഭയുടെ പ്രാദേശികസമൂഹത്തില്‍പ്പെട്ട ഫാ. കാസിമിയേഴ്‌സ് ബാരനോവ്‌സ്‌കി വിടപറയല്‍ സന്ദേശം നല്‍കി.

ശനിയാഴ്ച ഫാ. മൈക്കിള്‍ ലോസിന്റെ ജന്മദേശമായ ഡാബ്രോവ്കി ബ്രെന്‍സ്‌കിച്ച് ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും ഇതര ശുശ്രൂഷകള്‍ക്കും ടാര്‍നോ രൂപതയുടെ സഹായമെത്രാനായ ലെസെക് ലെസ്‌കീവിക്‌സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. മൈക്കിള്‍ ലോസിന്റെ ബന്ധുമിത്രാദികള്‍, പുരോഹിതര്‍, സന്യസ്തര്‍ എന്നിവരെക്കൂടാതെ നിരവധി വിശ്വാസികളും കുര്‍ബാനയില്‍ പങ്കെടുത്തു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രേജ് ഡൂഡെയുടെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭാ കാര്യാലയത്തിന്റെ ഡയറക്ടറായ മീസ്‌കോ പാവ്‌ലാക്കും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഫാ. മൈക്കിളിന്റെ ദൈവവിളിയുടെ ചരിത്രം നമ്മെ സംബന്ധിച്ചിടത്തോളം ദൈവസേവനത്തിനു വേണ്ടിയുള്ള ആഗ്രഹത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഒരു സാക്ഷ്യമാണെന്ന് കോണ്‍ഗ്രിഗേഷന്റെ പ്രാദേശിക സുപ്പീരിയര്‍ പറഞ്ഞു.

ലൂയിജി ഓറിയോണ്‍ മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന് ഒരു മാസം മുമ്പാണ് ടെര്‍മിനല്‍ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. മരണവുമായി മല്ലടിക്കുമ്പോള്‍, ബ്ര. മൈക്കിളിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു തവണയെങ്കിലും വിശുദ്ധ ബലിയര്‍പ്പിക്കാന്‍ തനിക്ക് കഴിയണം എന്ന്. രോഗം ഗുരുതരമായ സാഹചര്യത്തില്‍, പൗരോഹിത്യ സ്വീകരണം എന്ന വൈദിക വിദ്യാര്‍ത്ഥിയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ വോഗ്ലോ പ്രാഗ് രൂപതാ അധികാരികള്‍ ഫ്രാന്‍സിസ് പാപ്പയെ സമീപിച്ചു. പാപ്പ അനുവാദം നല്‍കിയതോടെ ഇക്കഴിഞ്ഞ മേയ് 24-നായിരുന്നു ഓങ്കോളജി വാര്‍ഡിലെ കിടക്ക തിരുപ്പട്ട സ്വീകരണത്തിന് അള്‍ത്താരയായത്. ഡീക്കന്‍ പദവിയും പൗരോഹിത്യവും ഒന്നിച്ചാണ് അദ്ദേഹത്തിന് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ