ശക്തമായ ക്രിസ്തീയവിശ്വാസ സാക്ഷ്യങ്ങള്‍ പകര്‍ന്ന് പാരാലിംപിക്സ് വേദിയും; ശ്രദ്ധയാകര്‍ഷിച്ച് സ്വർണ്ണ മെഡല്‍ ജേതാവ് പിയോറ്റര്‍ കൊസേവിച്ചിന്റെ വാക്കുകള്‍

ശക്തമായ ക്രിസ്തീയവിശ്വാസ സാക്ഷ്യങ്ങള്‍ പാരാലിംപിക്സ് വേദിയിലും ആവര്‍ത്തിക്കപ്പെടുകയാണ്. പോളിഷ് പാരാലിംപിക്സ് അത്ലറ്റും 20.02 മീറ്റര്‍ ദൂരം എറിഞ്ഞുകൊണ്ട് ഡിസ്‌കസ് ത്രോയില്‍ സ്വർണ്ണ മെഡല്‍ ജേതാവുമായ പിയോറ്റര്‍ കൊസേവിച്ചിന്റെ വാക്കുകളാണ് ഇപ്പോള്‍ വിശ്വാസ സാക്ഷ്യത്തിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

അപകടം മൂലം ജീവിതം വീല്‍ചെയറിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും പിന്നീട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ കായികരംഗത്തേക്ക് കുതിക്കുകയായിരുന്നു പിയോറ്റര്‍. പാരാലംപിക്‌സ് വേദിയിലെ തന്റെ നേട്ടത്തിന് കാരണം ഈശോയും വി. യൗസേപ്പിതാവുമാണെന്നാണ് പിയോറ്റര്‍ സാക്ഷ്യപ്പെടുത്തിയത്. മത്സരത്തിനായി ഡിസ്‌കസ് ത്രോ മൈതാനത്തില്‍ പിയോറ്റര്‍ എത്തിയതും കഴുത്തില്‍ രണ്ട് ഉത്തരീയം അണിഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍, സ്വർണ്ണനേട്ടത്തിനു പിന്നാലെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വലിയ തരംഗമായത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

“പാരാലിംപിക്കില്‍ ഏതെങ്കിലുമൊരു മെഡല്‍ നേടുകയെന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. സത്യസന്ധമായി പറഞ്ഞാല്‍ വെങ്കലമെങ്കിലും നേടണമെന്നാണ് ആശിച്ചത്. എന്നാല്‍, ഇതാ സ്വർണ്ണം. ദൈവമാണ് അത് സാധ്യമാക്കിയത്. ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനോടും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.”

പതിനാലാം വയസില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടത്തില്‍ നിന്ന് ഇന്ന് സ്വർണ്ണം നേടുന്നതു വരെയുള്ള തന്റെ കരിയര്‍ ദൈവത്തിന്റെ സമ്മാനമാണെന്നും പിയോറ്റര്‍ കൂട്ടിച്ചേര്‍ത്തു. 1998 -ല്‍ നാഗാനോ വിന്റര്‍ പാരാലിംപിക് ഗെയിംസില്‍ പങ്കെടുത്ത അദ്ദേഹം, അഞ്ച് കിലോമീറ്റര്‍ റിലേ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.