ഒളിംമ്പിക്‌സ് വേദിയില്‍ നിന്ന് മറ്റൊരു വിശ്വാസസാക്ഷ്യം: സ്വർണ്ണ മെഡലിനൊപ്പം പരിശുദ്ധ മറിയത്തിന്റെ അത്ഭുത മെഡലും അണിഞ്ഞ് താരം

ജപ്പാനിലെ ഒളിംപിക്സ് വേദിയില്‍ നിന്നുള്ള ഏറ്റവും പുതിയ ക്രിസ്തുവിശ്വാസ പ്രഘോഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വനിതകളുടെ 55 കിലോഗ്രാം വിഭാഗം വെയിറ്റ് ലിഫ്റ്റിംഗില്‍ ഒന്നാം സ്ഥാനം നേടിയ ഫിലിപ്പൈന്‍സ് താരം ഹിഡില്യന്‍ ഡയസ്, സ്വർണ്ണ മെഡല്‍ സ്വീകരിക്കാനെത്തിയത് പരിശുദ്ധ ദൈവമാതാവിന്റെ അത്ഭുത മെഡല്‍ (Miraculous Medal of Our Lady) കഴുത്തിലണിഞ്ഞു കൊണ്ടാണ്. അത്ഭുത മെഡലും സ്വർണ്ണ മെഡലും അണിഞ്ഞുകൊണ്ടുള്ള ചിത്രം പിന്നീട് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

493.8 പൗണ്ട് ഉയര്‍ത്തി ലോക റെക്കോര്‍ഡോടെയാണ് മുപ്പതുകാരിയായ ഡയസ് ജേതാവായത്. “ഒളിമ്പിക്‌സ് റെക്കോര്‍ഡില്‍ എന്റെ പേര് ചേര്‍ക്കപ്പെട്ടത് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ദൈവം അത്ഭുതമാണ്! ദൈവം അത്ഭുതമാണ്” – തന്റെ നേട്ടത്തില്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ച് ഡയസ് മാധ്യമങ്ങളോട് പറഞ്ഞു.

നാല് പ്രാവശ്യം ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുള്ള ഡയസ് ചരിത്രപരമായ ഈ വിജയത്തിനു ശേഷം തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ മെഡല്‍ ചേര്‍ത്തുപിടിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്ഭുത മെഡലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലും താരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പീന്‍സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മെഡല്‍ ലഭിക്കുന്നത്. ചരിത്രം കുറിച്ച ഈ നേട്ടത്തിന് നടുവിലും ക്രിസ്തുവിശ്വാസവും മരിയഭക്തിയും ലോകത്തിന് മുന്നില്‍ ധീരതയോടെ പ്രഘോഷിച്ച ഹിഡിലിന്‍ ഡയസിന്റെ സാക്ഷ്യം അനേകര്‍ക്ക് പ്രചോദനമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.