ഭീഷണികൾക്കു നടുവിലും വിശ്വാസം മുറുകെപ്പിടിച്ച് ഫിലിപ്പീൻസിലെ ക്രിസ്ത്യാനികൾ 

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിക്കു നടുവിലും വിശ്വാസികളാല്‍ നിറഞ്ഞ് ഫിലിപ്പീൻസിലെ ദേവാലയങ്ങള്‍. ദേവാലയങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന് പൻഗാസിനൻ പ്രവിശ്യയിലെ മനോഗ് നഗരത്തിൽ നിരവധി തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഭീഷണി മുഴക്കിയിട്ടും അതൊന്നും കൂസാക്കാതെ വിശ്വാസികൾ ദേവാലയത്തിലെത്തുകയാണ്.

ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷിച്ച ഇസ്ലാം മതവിശ്വാസികളും ഞായറാഴ്ച ദേവാലയങ്ങളില്‍ എത്തിയിരുന്നു. തീവ്രവാദി ആക്രമണ ഭീഷണി പുറത്തുവന്ന സാഹചര്യത്തിൽ മാതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ട് നടന്ന ജപമാല റാലി നടത്തിയിരുന്നു. ഇതിനു പ്രത്യേക സുരക്ഷ അധികൃതർ ഒരുക്കിയിരുന്നു.

ദ്വീപ് പ്രദേശമായ ഉത്തര ലുസോണിലെ ദേവാലയങ്ങള്‍ക്ക് ഭീഷണിയുള്ളതായി സൂചിപ്പിക്കുന്ന മിലിറ്ററിയുടെ രഹസ്യകുറിപ്പ്  കഴിഞ്ഞാഴ്ച മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഈ വാർത്ത വന്നതിനു ശേഷം ദേവാലയത്തിൽ വൻ ജനാവലിയാണ് വിശുദ്ധ കുർബാനയ്ക്കായി എത്തിയത് എന്ന് ഫാ. ആന്റണി യൂഡോള വെളിപ്പെടുത്തി.