പെൻസിൽവാനിയ ഔദ്യോഗിക മുദ്രയിലെ കുരിശുരൂപം മാറ്റേണ്ട എന്ന് കോടതി

പെൻസിൽവാനിയയിലെ ഔദ്യോഗിക മുദ്രയിലുള്ള കുരിശ് മാറ്റിവയ്‌ക്കേണ്ടതില്ല എന്ന് കോടതി. മതപരമായ ഒരു അടയാളം എന്നതിനേക്കാളുപരിയായി ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് മുദ്രയിലെ കുരിശ് എന്നും കോടതി വിലയിരുത്തി.

അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ വർഷമാണ് ഔദ്യോഗിക മുറയിലെ കുരിശുചിഹ്നം മാറ്റണമെന്ന ആവശ്യവുമായി ഒരു സംഘം നിരീശ്വരവാദികൾ കോടതിയെ സമീപിച്ചത്. സഭയും രാഷ്ട്രവും രണ്ടാണെന്ന ഭരണഘടനയിലെ നിയമം കുരിശുമുദ്ര തെറ്റിക്കുന്നു എന്നതാണ് ഇവർ ഉയർത്തിക്കാട്ടിയ ഒരു കാരണം. കുരിശുചിഹ്നം മതപരമായ ഒന്നാണെന്നും അതിനാൽ തന്നെ മുദ്രയിൽ നിന്ന് നീക്കം ചെയ്യണമെന്നുമുള്ള വാദം ഫെഡറൽ അപ്പീൽ കോടതി നിരസിക്കുകയായിരുന്നു. ഒരു പ്രത്യേക മതത്തെ പ്രത്യക്ഷത്തിൽ കുരിശുചിഹ്നം പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ തന്നെയും നാളിതുവരെയുള്ള പെൻസിൽവാനിയയുടെ ചരിത്രത്തെ പ്രത്യേകമായ തരത്തിൽ സൂചിപ്പിക്കുന്നതിനാൽ കുരിശ് നീക്കം ചെയ്യേണ്ടതില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 70 വർഷം യാതൊരു പരാതിയും കൂടാതെ ഈ ചിഹ്നം ഔദ്യോഗികമായി നാം ഉപയോഗിച്ചു. ഈ കുരിശ്, ചരിത്രത്തിൽ സമൂഹത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ആദ്യകാല ആളുകൾ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. നമ്മുടെ വളർച്ചയിൽ ആദ്യസമൂഹത്തിനും നിർണ്ണായക പങ്കുണ്ട് എന്ന് മറക്കരുത് – കോടതി വിശദീകരിച്ചു.