ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷത്തില്‍ അയവുണ്ടാകേണ്ടത് അത്യാവശ്യമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇസ്രയേല്‍ – പാലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍. പ്രസ്തുത വിഷയത്തില്‍ വത്തിക്കാനും പാപ്പായ്ക്കുമുള്ള ആശങ്കയും അദ്ദേഹം എടുത്തുപറഞ്ഞു.

റോമിലെ ഇറ്റാലിയന്‍ എംബസിയില്‍ വച്ചു നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വച്ചാണ് അന്താരാഷ്ട്രതലത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന കലാപത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പരാമര്‍ശിച്ചത്. വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രയത്നങ്ങളെ ഇരു രാജ്യങ്ങളും കണക്കിലെടുക്കണമെന്നും അല്ലെങ്കില്‍ സ്‌ഫോടനാത്മകമായ ഈ അന്തരീക്ഷം വലിയ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നാശവും മരണവും മാത്രമാണ് ഈ സംഘര്‍ഷത്തില്‍ നിന്നു ലഭിക്കുന്ന ഫലം. പരിശുദ്ധ പിതാവ് ഈ വിഷയത്തില്‍ രേഖപ്പെടുത്തിയ ആശങ്കയും അദ്ദേഹം നടത്തിയ അഭ്യര്‍ത്ഥനയും പരിഗണിക്കേണ്ടതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാം” – കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.