പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് മക്കളെ സമര്‍പ്പിക്കാം ഈ പ്രാര്‍ത്ഥനയിലൂടെ…

    ദൈവഹൃദയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ ചൂണ്ടിക്കാട്ടുന്നത്, അത് മാതാവിന്റെ ഹൃദയം പോലെ ആണെന്നാണ്. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് അവന്റെ/അവളുടെ അമ്മ. തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം അത് എത്രയാണെന്ന് അമ്മയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല.

    ഭൂമിയിലേയ്ക്ക് പിറന്നുവീഴുന്ന ഒരു കുഞ്ഞിന് മുന്നിലും പിതാവായ ദൈവത്തിന്റെ, സ്‌നേഹത്തിന്റെ പ്രതിരൂപമായി മാറുകയാണ് ഓരോ അമ്മമാരും. ദൈവം മനുഷ്യകുലത്തിനു മുഴുവന്‍, തന്റെ സ്‌നേഹത്തിന്റെ പ്രതിരൂപമാകുവാന്‍ ഒരു അമ്മയെ നല്‍കിയിട്ടുണ്ട് – പരിശുദ്ധ കന്യാമറിയം; നമ്മുടെ അമ്മ. ഈ അമ്മയുടെ ശക്തമായ സംരക്ഷണവലയത്തിലേയ്ക്ക് നമുക്കും നമ്മുടെ കുഞ്ഞുങ്ങളെ സമര്‍പ്പിക്കാം. കുഞ്ഞുങ്ങള്‍ തിന്മയില്‍ വീഴാതെ, ലോകത്തിന്റെ ചാപല്യതകളില്‍ പതിക്കാതെ നന്മയില്‍ ചരിക്കുവാന്‍ അവരുടെ കൈകളില്‍ പിടിക്കുവാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം. അതിന് സഹായിക്കുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥന ഇതാ :

    ‘പരിശുദ്ധയായ മറിയമേ , ദൈവകുമാരന്റെ അമ്മേ, അമ്മയുടെ വിശുദ്ധമായ കരത്തിനുള്ളിലേയ്ക്ക് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണത്തിന്റെ അമ്മയായി അങ്ങ് നിലകൊള്ളേണമേ. അവരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ആരോഗ്യത്താല്‍ നിറയ്ക്കുകയും ചെയ്യേണമേ.

    അമ്മയുടെ വിശുദ്ധമായ സംരക്ഷണത്തിന്‍ കീഴില്‍ അവരുടെ മനസുകളും വികാരങ്ങളും എപ്പോഴും വിശുദ്ധമായിരിക്കട്ടെ. പിതാവായ ദൈവത്തിന്റെ ചിന്തകളാല്‍ അവരുടെ ചിന്തകളെ നിറയ്ക്കണമേ. അവരുടെ ഹൃദയങ്ങളെ സംരക്ഷിക്കുകയും വിശുദ്ധിയിലും ദൈവസ്‌നേഹത്തിലും ജ്വലിക്കുവാനും ദൈവത്തെപ്രതി സന്തോഷിക്കുവാനും അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ. അവരുടെ ആത്മാക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും ഉറപ്പിക്കുകയും ജ്ഞാനസ്‌നാനത്തില്‍ അവര്‍ സ്വീകരിച്ച ദൈവത്തിനായി വര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണമേ.

    അമ്മേ, അമ്മയുടെ ദൈവികമായ മാതൃത്വത്തിന്റെ തണലില്‍ എന്റെ മക്കളെയും ലോകം മുഴുവനുള്ള കുഞ്ഞുങ്ങളെയും സംരക്ഷിച്ചുകൊള്ളണമേ. അമ്മയുടെ ഈ എളിയ മക്കള്‍ക്ക് ആവശ്യമായ എല്ലാ ജ്ഞാനവും പ്രദാനം ചെയ്യുകയും എല്ലാ തിന്മകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യേണമേ. ആമ്മേന്‍’