ഉറങ്ങും മുന്‍പ്  ‘യൂ. രാ. ന. ഈ.’ വരച്ചു പ്രാര്‍ത്ഥിക്കാന്‍ മക്കളെ പഠിപ്പിച്ചോ?

മിനു മഞ്ഞളി

അന്ന് പതിവിലും നേരത്തെയാണ് കുഞ്ഞാറ്റ ഉറങ്ങാൻ കിടന്നത്. സ്കൂളിലെ ഹോംവർക് എല്ലാം ചെയ്തു ക്ഷീണിച്ചതു കൊണ്ട് അവൾ അമ്മ വരുന്നത് കാക്കാതെ മൂടിപുതച്ചു ഉറക്കത്തിലേക്കു വഴുതി വീണു. സമയമായപ്പോൾ പപ്പയും മമ്മയും വന്നു കിടന്നു. 10 വയസ്സായിട്ടും രാത്രിയിൽ ഇരുട്ടിനെ പേടിയായതിനാൽ കുഞ്ഞാറ്റ പപ്പയുടെയും മമ്മയുടേയും കൂടെ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. പെട്ടെന്നാണ് അത് സംഭവിച്ചത്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കുഞ്ഞാറ്റ കരയാൻ തുടങ്ങി. ശബ്ദം കേട്ടു ഉണർന്ന അമ്മ വേഗം പോയി അവളെ കൈകളിൽ കോരി എടുത്തു. നെറുകയിൽ കുരിശു വരപ്പിച്ചു. പിന്നീട് അമ്മയുടെ ചില നുറുങ്ങു പ്രാർത്ഥനകളും ചൊല്ലി. ഒടുവില്‍ അവളെ ക്രൂശിതനായ യേശുവിൽ സമർപ്പിച്ച്,  യൂ. രാ. ന. ഈ. വരച്ച്‌, പ്രാർത്ഥിച്ചു കിടത്തി വീണ്ടും ഉറക്കി.

പതിവ് തെറ്റിച്ചു തനിച്ചു കിടക്കാൻ പോയതിനാൽ കുരിശു വരയ്ക്കാനും ‘യൂദന്മാരുടെ രാജാവായ…’എന്ന് തുടങ്ങുന്ന പ്രാർത്ഥന ചൊല്ലുവാനും നെറ്റിയില്‍ വരയ്ക്കാനും അവള്‍  മറന്നു പോയിരുന്നു!

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഉറക്കത്തിൽ കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞുമക്കളും മുതിർന്നവർ പോലും ഇന്ന് നമുക്കിടയിൽ ധാരാളമുണ്ട്. ഉറക്കത്തിൽ കരഞ്ഞു എഴുന്നേറ്റു നടക്കുന്ന ശീലമുള്ള മക്കളുടെ മുഖങ്ങളും നമുക്കിന്നു അന്യമല്ല. നീണ്ട ദിവസത്തെ കഠിന പ്രവർത്തനങ്ങൾക്ക് ഒടുവിൽ, ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഈശോയോടു പ്രാർത്ഥിക്കാനും ഏകിയ നന്മകൾക്കു നന്ദിയർപ്പിക്കാനും മക്കളെ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലുള്ളപ്പോൾ ഒത്തിരി തവണ കേട്ടിരുന്ന വാക്യമാണ്, “മോളെ കുരിശു വരച്ചു പ്രാര്‍ഥിച്ചിട്ടു വേണം കിടക്കാൻ” എന്നുള്ളത്. ‘യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയെ പെട്ടെന്നുള്ള മരണത്തിൽ നിന്നും ആപത്തുകളിൽ നിന്നും ദുസ്വപ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ’ എന്ന് ഉരുവിട്ട് കൊണ്ട് നെറുകയിൽ യൂ. രാ. ന. ഈ. എന്ന് മുദ്ര വച്ച് പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിച്ചതും ആ അപ്പൂപ്പനും അമ്മൂമ്മയും ആയിരുന്നില്ലേ?

ഇന്ന് നമ്മുടെ തലമുറയ്ക്കു അത് പകർന്നു കൊടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? ഉറങ്ങാൻ കിടന്നപ്പോൾ നെറുകയിൽ കുരിശു വരച്ച്‌, പ്രാർത്ഥിച്ചു, നമ്മെ വളർത്തി വലുതാക്കിയ ആ സ്നേഹം ഇന്ന് നമ്മോടു ആവശ്യപ്പെടുന്നതും അതുതന്നെയായിരിക്കും. “മോളെ, മോനെ, എന്നും മറക്കാതെ ഈശോയോടു പ്രാർത്ഥിച്ചു, കുരിശു വരച്ചു, യൂദന്മാരുടെ രാജാവിനോട്… എന്ന പ്രാർത്ഥനയും ചൊല്ലി വേണം കിടന്നുറങ്ങാൻ.”

നമ്മുടെ മക്കൾക്കും ആ ശീലങ്ങൾ പകർന്നു കൊടുക്കണം. അല്ലെങ്കിൽ ഇതെല്ലാം നമ്മോടൊപ്പം ഈ മണ്ണിൽ അലിഞ്ഞില്ലാതാകും. ദൈവിക സംരക്ഷണത്തിന്റെ വലയത്തിൽ സമർപ്പിച്ചു വേണം ഓരോ രാവും നമ്മെ പുത്തൻപുലരിയിലേക്കു കൂട്ടികൊണ്ടു പോകുവാൻ.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.