പേരന്റിംഗ് – കുട്ടികളുടെ സുരക്ഷ

മിന്നുവിന് നാലു വയസ്സേയുള്ളൂ. ലീന ടീച്ചറാണ് അവളുടെ അമ്മ. അച്ഛന് ബാങ്കില്‍ ജോലിയുണ്ട്. വല്യമ്മച്ചിയാണ് മിന്നുവിന്റെ കൂട്ടുകാരി. ഓരോ ദിവസവും ഓരോ കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ലീനയ്ക്ക് ഭയമാണ്. എന്നാല്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന തന്റെ അമ്മയെ ലീനയ്ക്ക് വിശ്വാസമാണ്. അമ്മ മിന്നുവിനെ നന്നായി തന്നെ നോക്കുമെന്ന് ലീനയ്ക്ക് ഉറപ്പുണ്ട്. അവളുടെ സുരക്ഷയെ പ്രതി മിന്നുവിന് വല്യമ്മച്ചി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്.

1. എന്റെ ശരീരത്തിന്റെ അധികാരം എനിക്കാണ്

ഒരു പരിധിയ്ക്കപ്പുറം മിന്നുവിനെ എടുക്കാനോ ഓമനിക്കാനോ വല്യമ്മച്ചി അപരിചിതരായവരെ അനുവദിക്കാറില്ല.  മിന്നുവിനോട് അവളുടെ ശരീരത്തെക്കുറിച്ച്  നേരത്തെ തന്നെ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇതുപോലെ ഓമനിക്കുന്നതിലെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കേണ്ടതാവശ്യമാണ്. അസ്വസ്ഥത തോന്നുന്ന സ്പര്‍ശനങ്ങളെ തിരിച്ചറിയാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. മറ്റുള്ളവര്‍ക്ക് തൊടാന്‍ അനുവാദമുള്ളതും ഇല്ലാത്തതുമായ ശരീരഭാഗങ്ങളെക്കുറിച്ച് അവര്‍ ബോധമുള്ളവരാകട്ടെ. നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കുട്ടികളെ രക്ഷിതാക്കള്‍ പ്രാപ്തരാക്കണം.

2. എവിടെയെങ്കിലും പോകുന്നതിനു മുന്‍പ് ഞാന്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരിക്കും

മിന്നുവിന്റെ ചേട്ടന്‍ കിച്ചു പ്ലസ്ടുവിനാണ് പഠിക്കുന്നത്. കുറെ കൂട്ടുകാരുമുണ്ട്. അച്ഛനും അമ്മയും ജോലിയ്ക്ക് പോയാല്‍ കിച്ചുവിലും മുത്തശ്ശിയുടെ ഒരു കണ്ണുണ്ട്. എവിടെ പോകുന്നു, എന്തിനു പോകുന്നു, ആരാണ് ഒപ്പം? – എല്ലാം കൃത്യമായി വല്യമ്മച്ചി ചോദിക്കും. ഇതെല്ലാം എന്തിനാ  ചോദിക്കുóതെന്ന മിന്നുവിന്റെ ചോദ്യത്തിന് മുത്തശ്ശിയുടെ മറുപടി ഇങ്ങനെയായിരിക്കും, ‘ചേട്ടന്‍ എവിടെയാ പോകുന്നതെന്ന് അച്ഛനും അമ്മയും മുത്തശ്ശിയും ഒക്കെ അറിയണം. അവന്‍ വരാന്‍ വൈകിയാല്‍, എന്തെങ്കിലും അപകടം പറ്റിയാല്‍ðപോയതെവിടെയാണെന്ന്  നമ്മള്‍ എങ്ങനെ മനസ്സിലാക്കും?’

‘ എവിടെയെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടിവന്നാല്‍ നിര്‍ബന്ധമായും രക്ഷിതാക്കളുടെ അനുവാദം വാങ്ങണമെന്ന് മിന്നുവിനോടും വല്യമ്മച്ചി പറയും. അവര്‍ പോകുന്ന സ്ഥലത്തെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ഇതുവഴി കൃത്യമായി അറിയാന്‍ കഴിയും. സുരക്ഷിതമല്ല എന്ന് അറിഞ്ഞാല്‍ അവരെ വിലക്കുകയുമാവാം. മറ്റൊരു പ്രധാന കാര്യം അവരെവിടെ പോയി എന്നതിനെക്കുറിച്ച് രക്ഷിതാവിന് കൃത്യമായ അറിവും കിട്ടും എന്നതാണ്.

3. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വ്യക്തമായി അറിയാം

മിന്നുവിന് അവളുടെ അച്ഛന്റെ പേര് ജോര്‍ജ്ജ് എന്നാണ് എന്നറിയാം. അമ്മ ലീന. ചേട്ടന്‍ ക്രിസ്റ്റി. വീട്ടിലെ അഡ്രസ്സും അവള്‍ കൃത്യമായി പറയും. അതുകൊണ്ട്  സ്‌കൂളിലും കൂട്ടുകാരുടെയിടയിലും മിന്നു താരമാണ്. പപ്പയുടെ ഫാന്‍സി ഫോണ്‍നമ്പര്‍ വരെ മിന്നു കൃത്യമായി പറയും. ഇത്തരം അറിവുകള്‍ ചെറുതാണെന്ന് കരുതണ്ട. ചില സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് ഈ അറിവ് വലിയ സഹായകമാകും.

4. സഹായം ആവശ്യപ്പെടേണ്ടതെങ്ങനെയെന്ന് അറിയാം

അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടാല്‍ എങ്ങനെയാണ് മറ്റുള്ളവരോട് സഹായം ചോദിക്കേണ്ടതെന്ന് കുട്ടികളെ പഠിപ്പിക്കുക. കാരണം തെറ്റായ വ്യക്തികളെയാണ് സഹായത്തിന് സമീപിക്കുന്നതെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേയ്ക്കു നയിക്കും. സമീപത്ത് കുട്ടികളുമായി നില്‍ക്കുó അമ്മമാരോട് വേണം സഹായം ചോദിക്കേണ്ടതെന്ന് കുട്ടിയോട് പറയുക. പൊലീസുകാരോടും സഹായം ചോദിക്കാം.  കാറിലും മറ്റു വാഹനങ്ങളിലും എത്തുന്നവരോട് സഹായം ചോദിക്കരുതെന്നും  അഥവാ അവര്‍ സഹായം വാഗ്ദാനം ചെയ്താല്‍ അത് നിരസിച്ച് അവിടെ നിന്ന് രക്ഷപ്പെടാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കണം.

5. അവസരോചിതമായി പ്രതികരിക്കാന്‍ എനിക്കറിയാം

അവസരങ്ങള്‍ക്കനുസരിച്ച് മര്യാദയും വിനയവും പാലിക്കാനും തെറ്റെന്ന് തോന്നുന്ന അവസരങ്ങളില്‍  ശക്തമായി പ്രതികരിക്കാനുമുള്ള ധൈര്യം കുട്ടികള്‍ക്ക് നല്‍കണം. പ്രതികരണം എങ്ങനെയുമാകാം. ഉറക്കെ കരഞ്ഞോ, ഓടിമാറിയോ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളെ ധൈര്യത്തോടെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതാവശ്യമാണ്.

6. എന്റെ ശരീരത്തിലെ സ്വകാര്യതകളെ സൂക്ഷിക്കാന്‍ എനിക്കറിയാം

വല്യമ്മച്ചിയാണ് മിന്നുവിന്റെ വിക്കിപീഡിയ. എല്ലാക്കാര്യങ്ങളും കഥകളായി അവള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് മുത്തശ്ശിയാണ്. അവളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ വല്യമ്മച്ചിക്ക് കഴിയും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ ഒഴിഞ്ഞുമാറരുത്. അതൊരു ചീത്ത വിഷയമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നുമുള്ള തോന്നല്‍ കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകും. സ്വകാര്യതകളെ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യം തീര്‍ച്ചയായും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

7. കൂട്ടം തെറ്റിപ്പോയാല്‍ എന്തു ചെയ്യണമെന്ന് എനിക്ക് ധാരണയുണ്ട്

വീട്ടുകാരൊടൊപ്പം മലയാറ്റൂര്‍ പള്ളിയില്‍ പോയപ്പോള്‍ മിന്നു മൈക്കിലൂടെ ഒരു അറിയിപ്പ് കേട്ടു. ഒറ്റപ്പെട്ടു പോയ ഒരു കുട്ടി മാതാപിതാക്കളെ അന്വേഷിക്കുന്നു എന്ന്. അതെന്താണെന്ന് ചോദിച്ച മിന്നുവിന് മുത്തശ്ശി പറഞ്ഞുകൊടുത്തു, എങ്ങാനും കൂട്ടം തെറ്റിപ്പോയാല്‍ ആരുടെയും കൂടെ പോകാതെ, കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന അമ്മമാരുടെ അടുത്ത് പോയി കാര്യം പറയണം. അപ്പോള്‍ അവര്‍ സഹായിക്കും എന്ന്.

8.  അപരിചിതരോട് നോ എന്നു പറയാന്‍ ഞാന്‍ സംശയിക്കാറില്ല

മുത്തശ്ശിയുടെ ഉപദേശം കേട്ടിട്ടാകണം ഒരു പരിധിയില്‍ കൂടുതല്‍ ആരു കൂട്ടു കൂടാന്‍ വന്നാലും മിന്നു നിന്നുകൊടുക്കില്ല. അവള്‍ക്കിഷ്ടമില്ല എന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ നോ പറയാന്‍ അവള്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.

9. ഞാന്‍ സുരക്ഷിതയല്ല എന്ന തോന്നല്‍ സഹജവാസനയാണ്

ക്ലാസ്സ് റൂമിലും മറ്റും ഒരിക്കലും തനിച്ചിരിക്കുന്ന സ്വഭാവം മിന്നുവിനില്ല. കൂട്ടുകാരുടെ ഒപ്പം മാത്രമേ അവള്‍ പുറത്തു പോകാറുള്ളൂ. അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചാലും വല്യമ്മച്ചി അവിടെയുണ്ടോ എന്ന് ഇടയ്ക്ക് അവള്‍ നോക്കും. വീട്ടിലെത്തുന്ന അപരിചിതരോട് സംസാരിക്കാനും അവള്‍ പോകില്ല.

10. ഒരു കാര്യവും ഞാന്‍ മറച്ചുവയ്ക്കില്ല

ജോലി കഴിഞ്ഞ് വീട്ടിലെത്തു ജോര്‍ജ്ജിനും ലീനയ്ക്കും അടുത്ത് മിന്നുവിന്റെ വിശേഷം പറച്ചില്‍ അവസാനിക്കാറില്ല. കൂട്ടുകാരുടെയും അയല്‍വാസികളുടെയും ടീച്ചറിന്റെയും പേരും വിശേഷങ്ങളും വീട്ടിലുള്ളവര്‍ക്ക് കാണാപാഠമാണ്. നല്ലതും ചീത്തയും എല്ലാം അവള്‍ വിശേഷമായി പറയും. സ്‌കൂള്‍ ബസ്സിന് സ്പീഡ് കൂടിയാല്‍ അതും മിന്നുവിന്റെ വീട്ടിലുള്ളവര്‍ അറിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.